സയൻസ് വിഷയങ്ങളിൽ പിജിയുണ്ടോ?; പിഎച്ച്ഡി ചെയ്യാം പുണെയിൽ
Mail This Article
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായി പുണെയിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ സെൽ സയൻസിൽ (NCCS) ആധുനിക ബയോളജി ശാഖകളിലെ പിഎച്ച്ഡി ഗവേഷണത്തിനു മികവേറിയ സൗകര്യം. ക്യാംപസിൽ താമസിക്കണം. വെബ്: www.nccs.res.in; phdadmission@nccs.res.in.
സെൽ & മോളിക്യുലർ ബയോളജി, ബയോഇൻഫർമാറ്റിക്സ്, സിസ്റ്റംസ് ബയോളജി, ന്യൂറോ സയൻസ്, ഇമ്യൂണോളജി, ഇൻഫെക്‌ഷൻ ബയോളജി, കാൻസർ ബയോളജി, മൈക്രോബിയൽ ഇക്കോളജി മുതലായ മേഖലകളിൽ പഠനമാവാം. മികച്ച അക്കാദമിക ചരിത്രവും ജൈവശാസ്ത്ര ഗവേഷണത്തിൽ താൽപര്യവുമുള്ളവരെയാണു പ്രതീക്ഷിക്കുന്നത്.
55% എങ്കിലും മാർക്ക് അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജോടെ ഏതെങ്കിലും സയൻസ് വിഷയത്തിൽ പിജി ബിരുദം നേടിയിരിക്കണം. കൂടാതെ CSIR, UGC, DBT (ഒന്നാം കാറ്റഗറി), ICMR, BINC, DST-ഇൻസ്പയർ അഥവാ JGEEBILS യോഗ്യതയും വേണം. പട്ടിക,പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. 2024 മാർച്ച് ഒന്നിന് 28 വയസ്സ് കവിയരുത്. അർഹതയുള്ള വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്.
2024 മാർച്ച് സെഷനിലെ പ്രവേശനത്തിനു ഡിസംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാൻ ജി മെയിൽ അക്കൗണ്ട് വേണം. സിലക്‌ഷന് 2 റൗണ്ട് ഓൺലൈൻ ഇന്റർവ്യൂവുണ്ട്. ആദ്യറൗണ്ട് 2024 ജനുവരി 8–10 വരെ.
ഇതിൽ മികവുള്ളവർക്കു രണ്ടാം റൗണ്ട് ജനുവരി 11, 12 തീയതികളിൽ. സിലക്‌ഷൻ ലിസ്റ്റ് ജനുവരി 18ന്. ഫെബ്രുവരി 26ന് സെന്ററിൽ ഹാജരാകണം. സിഎസ്ഐആർ–യുജിസി യോഗ്യതയുള്ളവർക്ക് അതതു മാനദണ്ഡപ്രകാരം ഫെലോഷിപ് കിട്ടും. JGEEBILS യോഗ്യതയുള്ളവർക്ക് സെന്റർ ഫോർ സെൽ സയൻസാണ് ഫെലോഷിപ് നൽകുക.