ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് വീമ്പിളക്കുന്ന സ്വഭാവമുണ്ടോ?; അവഹേളിതരാകാതിരിക്കാൻ ഇങ്ങനെ ചെയ്യാം
Mail This Article
നേട്ടങ്ങളും സന്തോഷവും പടിവാതിൽക്കലെത്തിയിട്ടു നഷ്ടപ്പെടുന്നു എന്ന പരാതിയുമായാണ് അയാൾ ഗുരുവിന്റെ അടുത്തെത്തിയത്. പുതിയ കാർ വാങ്ങാനൊരുങ്ങി; അവസാനനിമിഷം നടന്നില്ല. പുതിയ ജോലി തരപ്പെട്ടു. പ്രവേശനത്തീയതിയിൽ അതു റദ്ദായി. വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞിരുന്നു. ആകെ നാണക്കേടായി. ഗുരു പറഞ്ഞു: സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക. സംഭവിച്ചു കഴിയുമ്പോൾ ആളുകൾ അതറിഞ്ഞോളും.
സംഭവിക്കുമെന്നുറപ്പിച്ചു വീമ്പിളക്കിയ അദ്ഭുതം സംഭവിച്ചില്ലെങ്കിൽ എന്തുചെയ്യും? അവഹേളിതനാകുന്നതു പ്രതീക്ഷിച്ച കാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേർ അറിയുമ്പോഴാണ്. വിനയാന്വിതനാകുക എന്നതു വിജയത്തിനു മുൻപും പിൻപും ഉണ്ടാകേണ്ട അടിസ്ഥാനഗുണമാണ്. സ്വന്തം വില അറിയുന്നവർക്ക് അതിനെക്കുറിച്ചു പ്രഘോഷിക്കേണ്ട ആവശ്യമില്ല. താൻ വലുതാണോ എന്ന് സംശയമുള്ളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ചു പെരുമ്പറകൊട്ടി അറിയിക്കുന്നത്. പരിധികൾക്കപ്പുറത്തേക്കു വളർന്ന ഒന്നിനും പരസ്യത്തിന്റെ ആവശ്യമില്ല.
നേട്ടത്തിന്റെ സുഖവും ആ നേട്ടത്തിന്റെ പരസ്യപ്പെടുത്തലിലൂടെ ലഭിക്കുന്ന സുഖവും രണ്ടാണ്. നേട്ടം നൽകുന്നത് ആത്മസംതൃപ്തിയാണ്, പരസ്യം നൽകുന്നത് ആത്മരതിയും. കൈവന്ന സൗഭാഗ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിൽ യാഥാർഥ്യബോധമുണ്ട്. വന്നുചേർന്നേക്കാവുന്ന സുവർണനിമിഷങ്ങളെക്കുറിച്ചു വാചാലനാകുന്നതിൽ അഹംബോധ സംരക്ഷണം മാത്രമാണുള്ളത്. ഒരുകാര്യം സംഭവിക്കുന്നതുവരെ അതു സംഭവിക്കും എന്നുറപ്പിക്കാനാകില്ല; ദിശമാറാനോ പാതിവഴിയിലവസാനിക്കാനോ സാധ്യതയുണ്ട്.
അനാവശ്യ പ്രകടനങ്ങൾ നേടിയ കാര്യത്തിന്റെ അർഹതയിൽ പോലും സംശയം ജനിപ്പിക്കും. മുൻകൂട്ടി പ്രഖ്യാപിക്കു ന്നതെല്ലാം മുൻകൂറായി ലഭിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്. ആത്മപ്രശംസയുടെ മറുവശം അപകീർത്തിയാണ്. നേട്ടങ്ങളെക്കുറിച്ചു പ്രഘോഷിക്കുമ്പോൾ ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത തടസ്സങ്ങൾ അവയെ പ്രതിരോധിക്കാനും സാധ്യതയുണ്ട്. എല്ലാം എല്ലാറ്റിനും അനുകൂലമല്ല. നിശ്ശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂർത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി എന്തിനാണ് നിഷേധിക്കുന്നത്.