മറ്റുള്ളവരോട് തന്നിഷ്ടവും അധികാരവും കാണിക്കാറുണ്ടോ?; ആ സ്വഭാവം മാറ്റാൻ വഴിയുണ്ട്
Mail This Article
വീട്ടിൽ വളർത്തിയിരുന്ന തത്തയെ അവൾക്കിഷ്ടമല്ലായിരുന്നു. അതിന്റെ പാട്ട് അരോചകമായി തോന്നി. ഒരു ദിവസം അവൾ ഉറങ്ങിക്കിടന്നപ്പോൾ തത്ത പാടാൻ തുടങ്ങി. ദേഷ്യം വന്ന അവൾ തത്തയുടെ ചുണ്ടുകൾ കൂട്ടിക്കെട്ടി. അവൾ സന്തോഷത്തോടെ ഉറങ്ങി. പക്ഷേ, രാവിലെ ഉണർന്നപ്പോൾ അവളുടെ വായ് അടഞ്ഞിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിയുന്നില്ല. ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ടായി. അപ്പോഴാണ് അവൾ തത്തയുടെ കാര്യം ഓർത്തത്. ഓടിച്ചെന്ന് അവൾ തത്തയുടെ ചുണ്ടുകൾ അഴിച്ചുവിട്ടു. അവളുടെ വായും തുറന്നു.
അപരന്റെ അനുഭൂതിയെന്തെന്നറിയണമെങ്കിൽ അതേ അളവിലും ആഴത്തിലുമുള്ള അനുഭവം അവനവനും ഉണ്ടാകണം. ആ അനുഭവം സിദ്ധിച്ചാൽ പിന്നെ അന്യനെയും അവനവനായി കാണാൻ തുടങ്ങും, അവന്റെ വികാരങ്ങൾ മനസ്സിലാക്കാൻ തുടങ്ങും, തന്നിഷ്ടപ്രകാരമുള്ള ദുഷ്കർമങ്ങൾ അവസാനിക്കും. ഒരുപടി താഴെയുള്ളവരോടെല്ലാം അധികാരഭാവത്തിൽ ഇടപെടാനാണ് എല്ലാവർക്കും താൽപര്യം. തനിക്കിഷ്ടപ്പെടുന്ന രീതിയിൽ നിയന്ത്രിക്കാനും പരിശീലിപ്പിക്കാനും ഓരോരുത്തരും എന്തിനെയെങ്കിലും വളർത്തും. ചിലർ മക്കളെ, ചിലർ സുഹൃത്തുക്കളെ, മറ്റുചിലർ മൃഗങ്ങളെ. ഓമനിക്കുന്നതും ഭക്ഷണം നൽകുന്നതുമെല്ലാം തന്റെ അഭീഷ്ടങ്ങൾക്കനുസരിച്ചു രൂപപ്പെടുത്താനുള്ള ശ്രമമാണ്. നിന്റെ നന്മയ്ക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന മൂടുപടം അണിയുന്നതുകൊണ്ട് വളർത്തപ്പെടുന്ന ആർക്കും ഒന്നിനെയും ചോദ്യം ചെയ്യാനാകില്ല.
എല്ലാവരും തന്നെപ്പോലെയാകണമെന്നും തനിക്കിഷ്ടമുള്ള രീതിയിൽ പെരുമാറണമെന്നുമുള്ള പരിപാലകരുടെ ദുർവാശി അനേകരെ നിർഗുണരാക്കിയിട്ടുണ്ട്. വളർത്തുന്നവരുടെ ഇഷ്ടം നിറവേറ്റുക എന്നതല്ല വളരുന്നവരുടെ നിയോഗം. അവർക്കും തനതായ അഭിലാഷങ്ങളും പോരായ്മകളുമുണ്ട്. നിശ്ശബ്ദരാക്കാൻ എളുപ്പമാണ്, ഭയപ്പെടുത്തിയാൽ മതി. ആനന്ദമേകാനും ആത്മവിശ്വാസം പകരാനുമാണ് ബുദ്ധിമുട്ട്. ഏറ്റവും എളുപ്പമുള്ള പ്രതികരണം തന്റെ അനിഷ്ടവും ദേഷ്യവും തന്നെക്കാൾ താഴെയുള്ളവരിൽ അടിച്ചേൽപിക്കുക എന്നതാണ്. സ്വാഭാവിക കഴിവുകൾ നശിപ്പിച്ചുകൊണ്ടുള്ള ഒരു പരിശീലനവും ആരെയും വളർത്തില്ല. തങ്ങളുടെ മികവുകൾ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് സ്വയംവളർച്ചയുടെ പാത തുറക്കുന്നത്.