നെഗറ്റീവ് മാർക്കിലേക്കെത്തിക്കുന്ന കെണി തിരിച്ചറിഞ്ഞ് പഠിക്കാം; ഓപ്ഷൻ വായിക്കുന്നതിനു മുൻപു ചാടിക്കയറി ഉത്തരമെഴുതരുത്!
Mail This Article
ഖാദി ബോർഡ് എൽഡി ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയും ആദ്യഘട്ടമെന്ന പോലെ എളുപ്പമായിരുന്നു. അതിനെക്കാൾ പ്രധാനം രണ്ടു ഘട്ടങ്ങളും ഏതാണ്ട് ഒരേ നിലവാരം പുലർത്തിയെന്നതാണ്. പ്രിലിമിനറി പരീക്ഷകളുടെ പല ഘട്ടങ്ങൾ പല നിലവാരത്തിലാകുന്നത് ഉദ്യോഗാർഥികൾക്കു വലിയ ആശയക്കുഴപ്പമുണ്ടാക്കും.
ശരാശരി രീതിയിൽ പഠിച്ച ഉദ്യോഗാർഥിക്കു രണ്ടാം ഘട്ടത്തിൽ 80 മാർക്ക് വാങ്ങാൻ ഒട്ടും പ്രയാസമുണ്ടാകില്ല. നന്നായി പഠിച്ചവർക്ക് 90നു മുകളിൽ തന്നെ കിട്ടും. പ്രിലിമിനറി പരീക്ഷയായതിനാൽ അത്രയും ഉയർന്ന കട്ട്ഓഫ് മാർക്ക് ഉണ്ടാകാൻ സാധ്യതയില്ല.
അഞ്ചോ ആറോ ചോദ്യങ്ങൾ ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കി. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് എന്ന ചോദ്യത്തിന് ചോദ്യപ്പേപ്പർ തയാറാക്കുമ്പോൾ പാലക്കാട് എന്നായിരുന്നു ഉത്തരം. എന്നാൽ ഇപ്പോൾ ഇടുക്കിയാണ് ഏറ്റവും വലിയ ജില്ല. അന്തിമ ഉത്തരസൂചിക വരുമ്പോൾ ഇതിൽ ഏതാകും ഉൾപ്പെടുത്തുകയെന്നു പരിശോധിക്കേണ്ടി വരും. ചിലപ്പോൾ ഈ ചോദ്യം ഒഴിവാക്കിയെന്നും വരാം.
ദിനാചരണങ്ങൾ പഠിക്കുമ്പോൾ അവയുടെ തീയതികൾ മാത്രം ഓർത്താൽ പോരാ. അക്കൊല്ലത്തെ മുദ്രാവാക്യം കൂടി പഠിക്കേണ്ടത് അത്യാവശ്യമാണ്. 2021ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്തായിരുന്നുവെന്ന ചോദ്യത്തിന് ‘പരിസ്ഥിതി പുനഃസ്ഥാപനം’ എന്ന് ഉത്തരമെഴുതണമെങ്കിൽ ആ മുദ്രാവാക്യം പഠിച്ചേതീരൂ.
ചാടിക്കയറി ഉത്തരമെഴുതുന്നവരെ തെറ്റിക്കാനുള്ള ചില ചോദ്യങ്ങളും ഉണ്ടായിരുന്നു. ‘ഐഎൻഎ രൂപീകരിച്ചത് ആര്’ എന്ന ചോദ്യത്തിന് ‘റാഷ് ബിഹാരി ബോസ്’ എന്നാണ് ഉത്തരം. എന്നാൽ ‘സുഭാഷ് ചന്ദ്ര ബോസ്’ എന്ന ഉത്തരത്തിലേക്കു പലരും ചാടിവീഴാനുള്ള സാധ്യതയുണ്ട്. ഓപ്ഷനുകളുടെ കൂട്ടത്തിൽ എ ഓപ്ഷനായി നൽകിയിരിക്കുന്നതു സുഭാഷ് ചന്ദ്രബോസ് ആണുതാനും. പിഎസ്‌സി ചോദ്യങ്ങളിൽ നെഗറ്റീവ് മാർക്കിലേക്കു കെണിയൊരുക്കിവയ്ക്കുന്നത് ഇത്തരത്തിലാണ്.
‘ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ഏത്’ എന്ന ചോദ്യത്തിന് ഉത്തരമെഴുതുമ്പോഴും ഇതേ അപകടമുണ്ട്. ആദ്യ ഓപ്ഷനായി നൽകിയിരിക്കുന്നത് ‘സത്യം ജയ ധർമ്മം ജയ’ എന്നാണ്. ആദ്യ വായനയിൽ ഇതാണ് ഉത്തരമെന്നു കരുതി പലരും അതു മാർക്ക് ചെയ്യും. എന്നാൽ നാലാമത്തെ ഓപ്ഷനായി ‘സത്യമേവ ജയതേ’ എന്ന ഉത്തരം കൊടുത്തിട്ടുണ്ട്. ഓപ്ഷൻ വായിക്കുന്നതിനു മുൻപു ചാടിക്കയറി ഉത്തരമെഴുതുന്നവരെ കുടുക്കാൻ തന്നെയാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. അതിനാൽ ചോദ്യം വായിച്ചു രണ്ടു സെക്കൻഡ് സമയമെടുത്ത് ഓപ്ഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഉത്തരമെഴുതാൻ ശ്രദ്ധിക്കുക.