ADVERTISEMENT

രാജകുമാരിയാണെങ്കിലും എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു സാധാരണക്കാരിയായി ജീവിക്കണമെന്നതായിരുന്നു അവളുടെ ആഗ്രഹം. മകളുടെ ആഗ്രഹം നിറവേറ്റാൻ, സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന ദരിദ്രനുമായി രാജാവ് അവളുടെ വിവാഹം നടത്തി. സന്തോഷത്തോടെ അവൾ ജീവിക്കാൻ തുടങ്ങി. ഒരു ദിവസം മുറി വൃത്തിയാക്കു ന്നതിനിടെ പാത്രത്തിൽ അടച്ചുവച്ചിരുന്ന റൊട്ടി കണ്ട് അവൾ ചോദിച്ചു: എന്തിനാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്? അയാൾ പറഞ്ഞു: അതു നാളേക്കു വേണ്ടിയാണ്. നാളെ നമുക്കൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിൽ അതു കഴിക്കാം. അവൾ പറഞ്ഞു: നിങ്ങളുടെ പരിത്യാഗപൂർണമായ ജീവിതം കണ്ടിട്ടാണ് അച്ഛൻ നമ്മുടെ വിവാഹം നടത്തിയത്. എന്നിട്ട് നിങ്ങൾ ചിന്തിക്കുന്നത് നാളെയെക്കുറിച്ചാണ്. തന്റെ ഭാര്യയാണ് യഥാർഥ സന്യാസിനിയെന്ന് അയാൾക്കു മനസ്സിലായി. 

രണ്ടു വിധത്തിൽ അസ്തിത്വം നിർമിക്കുന്നവരുണ്ട്; ആകാരംകൊണ്ടും ആദർശംകൊണ്ടും. ആകാരവൈവിധ്യങ്ങളിലൂടെ വ്യക്തിത്വം രൂപപ്പെടുത്തുന്നവർക്കു പ്രദർശനശാലകളിൽ മാത്രമേ പ്രസക്തിയുള്ളൂ. പരിസരത്തുള്ളവരിൽ പ്രസരിപ്പുണ്ടാക്കുക എന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യവും അവർക്കില്ല. ആദർശംകൊണ്ട് അസ്തിത്വം രൂപപ്പെടു ത്തുന്നവർ ആൾക്കൂട്ടത്തിനിടയിലും ആരും കാണാത്തയിടങ്ങളിലും ഒരേ നിറമുള്ളവരായിരിക്കും. 

ബാഹ്യഘടകങ്ങളോടു പൊരുത്തപ്പെടാൻ വേണ്ടിയല്ല അവരുടെ ഒരു പ്രവർത്തനവും. പുഷ്പിക്കുന്നതെല്ലാം അകക്കാമ്പിൽ ഉള്ളതുതന്നെയാണ്. സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതിനോ താൽക്കാലികാവശ്യങ്ങൾക്കോ അവർ തങ്ങളുടെ അടിസ്ഥാന സ്വഭാവത്തെയോ നിലപാടിനെയോ മാറ്റിമറിക്കില്ല. കാലാവസ്ഥയ്ക്കനുസരിച്ചു നിറംമാറ്റം സംഭവിക്കുന്നവർക്ക് ഒരിക്കലും സ്ഥായീഭാവം ഉണ്ടാകില്ല. വേരുകൾക്കനുസരിച്ചല്ല, ചുറ്റുപാടുകൾക്കനു സരിച്ചാണ് അവ വളരുന്നത്. അവനവനില്ലാത്തതെല്ലാം വേണ്ടെന്നുവയ്ക്കുകയും അവയോടു വിരക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു തന്ത്രമാണ്. 

ഇല്ലാത്തവയുടെ സുഖം ആരും അനുഭവിക്കുന്നില്ല. കാറില്ലാത്തവന് അത് ഉപയോഗിക്കാതിരിക്കാൻ ബുദ്ധിമുട്ടില്ല. സ്വന്തം കാറിൽ മാത്രം സഞ്ചരിക്കുന്നവരോട് അതുപേക്ഷിക്കാൻ പറഞ്ഞാലറിയാം അവരുടെ നൊമ്പരം. ആഡംബര വാഹനങ്ങളിലെ സഞ്ചാരസുഖം അനുഭവിക്കുന്നവർ പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വരുമ്പോൾ വെളിവാകും ഉള്ളിലെ വിഷമം. ഉള്ളവയെയും ഉടൻ വന്നുചേരുന്നവയെയും ഉപേക്ഷിക്കാൻ തയാറുള്ളവർ മാത്രമാണ് യഥാർഥ പരിത്യാഗികൾ.

English Summary:

Discover Your True Self: Understanding Dual Behavior in Public vs. Private

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com