ജീവിതത്തിൽ ഉയരണമെന്ന ആത്മാർഥ ആഗ്രഹമുണ്ടോ?; ആ രണ്ട് ധാരണകൾ മാറ്റാതെ രക്ഷയില്ല
Mail This Article
എഴുത്തുകാരൻ ഗുരുവിനോടു പറഞ്ഞു: എനിക്കു ചില സംശയങ്ങൾ ചോദിക്കാനുണ്ട്. ഗുരു കടലാസും പേനയും കൊടുത്തിട്ടു പറഞ്ഞു: നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങളറിയില്ല എന്ന് ആദ്യം എഴുതൂ. എന്നിട്ട് നമുക്കു സംശയങ്ങൾ തീർക്കാം. എത്ര എഴുതിയിട്ടും തീരുന്നില്ല. കടലാസ് നിറഞ്ഞപ്പോൾ അദ്ദേഹം ഗുരുവിനോടു പറഞ്ഞു: ഇനിയുമുണ്ട്, പക്ഷേ എഴുതാൻ സ്ഥലമില്ല. ഗുരു ചോദിച്ചു: ഇത്രയധികം കാര്യങ്ങൾ അറിയില്ലാത്ത താങ്കൾ എങ്ങനെയാണ് ഇത്രയും പുസ്തകങ്ങളെഴുതിയത്? അയാൾ പറഞ്ഞു: അതൊക്കെ എനിക്കറിയുന്ന വളരെക്കുറച്ച് കാര്യങ്ങളെക്കുറിച്ചു മാത്രമായിരുന്നു. ഞാൻ അറിവിന്റെ കാര്യത്തിൽ പൂജ്യമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഗുരു പറഞ്ഞു: ഇനി താങ്കൾക്കു സംശയങ്ങൾ ചോദിക്കാനുള്ള യോഗ്യതയായി, ചോദിക്കൂ.
പരീക്ഷയിലെ ചോദ്യങ്ങൾ എന്തൊക്കെ അറിയാമെന്നു പരിശോധിക്കാനും ജീവിതത്തിലെ പരീക്ഷണങ്ങൾ എന്തൊക്കെ അറിയില്ല എന്നു തെളിയിക്കാനുമാണ്. സ്വയാവബോധം രണ്ടുതലത്തിലുള്ള അറിവുകളുടെ മിശ്രിതമാണ്; എന്തെല്ലാം അറിയാം എന്നതിന്റെയും എന്തെല്ലാം അറിയില്ല എന്നതിന്റെയും. ഈ അറിവിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് രണ്ടുതരം ആളുകളും രൂപപ്പെടുന്നു. ഒന്ന് തന്റെ അറിവുകളെക്കുറിച്ച് അധികബോധം പുലർത്തുന്ന പൊങ്ങച്ചക്കാർ. തങ്ങളാണു ശരിയെന്നും തങ്ങളുടെ ശരികളിലൂടെ മറ്റെല്ലാവരും നടക്കണമെന്നുമുള്ള കടുംപിടിത്തം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. രണ്ട്, തന്റെ അറിവുകളെയും മികവുകളെയും കുറിച്ച് ഒരു ധാരണയുമില്ലാതെ അപകർഷതയോടെ ജീവിക്കുന്നവർ.
താനാരാണെന്ന ധാരണയില്ലാത്ത ഒരാളും തന്റേതായ വഴികൾ കണ്ടെത്തുകയോ തനിക്കനുയോജ്യമായ പ്രവർത്തനമേഖലകളിൽ വ്യാപരിക്കുകയോ ഇല്ല. എന്തെല്ലാം അറിയില്ല എന്ന തിരിച്ചറിവാണ് എന്തൊക്കെ അറിയണം എന്ന വിജ്ഞാന പ്രക്രിയയിലേക്കുള്ള ആദ്യ ചുവടുവയ്പ്. ഒഴിഞ്ഞയിടങ്ങളേ നിറയ്ക്കാനാകൂ, വിടവുണ്ടെങ്കിലേ നികത്താനാകൂ, പോരായ്മയുണ്ടെങ്കിലേ പരിഹരിക്കാനാകൂ.
എല്ലാം തികഞ്ഞവരാണ് എന്ന ബോധതലത്തിൽ നിൽക്കുന്നവരിലേക്ക് ആർക്കും ഒന്നും പകരാനാകില്ല. ഒന്നുമറിയില്ലെങ്കിലും എല്ലാമറിയാം എന്ന ധാരണയും എല്ലാമറിയാമെങ്കിലും ഇനിയുമറിയാനുണ്ട് എന്ന ചിന്തയും തമ്മിലുള്ളത് മനോഭാവ വ്യത്യാസമാണ്. അറിഞ്ഞതിനുമപ്പുറവും വസ്തുതകളുണ്ട് എന്ന ബോധമുള്ളവരാണ് യഥാർഥ ജ്ഞാനികൾ.