കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ടീച്ചറിന് ഉത്തരമറിയാം, പക്ഷേ എങ്ങനെ പറയണമെന്നറിയില്ല; ക്ലാസിൽ പൊട്ടിച്ചിരി നിറച്ച കാലം
Mail This Article
അറിയാത്ത വാക്കുകൾ ‘ചെല്ലിത്തരുന്ന’ കുട്ടികൾ എന്നു പറഞ്ഞുകൊണ്ട് ജോലിയുടെ ആദ്യ കാലങ്ങളിൽ തനിക്കുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ച് മലബാർ ഡയറീസ് എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് കുമ്പള ജിഎച്ച്എസ്എസിലെ അധ്യാപികയും എറണാകുളം സ്വദേശിനിയുമായ അഞ്ജു ജോൺ
സപ്തഭാഷാസംഗമ ഭൂമിയായ കാസർകോട് ജില്ലയിലാണ് ആദ്യ പോസ്റ്റിങ് എന്നറിഞ്ഞപ്പോൾ ഏതു സ്കൂളിലേക്കാണ് എന്നാണ് ആദ്യം നോക്കിയത്. ഏറെ ആഗ്രഹിച്ചും കഷ്ടപ്പെട്ടും നേടിയെടുത്ത അധ്യാപക ജോലിയായതിനാൽ ആദ്യം പഠിപ്പിക്കാനെത്തുന്ന സ്കൂളിന് മനസ്സിൽ പ്രത്യേക ഒരിടം കാണുമല്ലോ... ആ ഇടം ഇനി എന്നേക്കും കുമ്പള ജിഎച്ച്എസ്എസിനു സ്വന്തമാണ്. ഇംഗ്ലിഷ് അധ്യാപികയായി കുമ്പളയിലേക്കുള്ള ആദ്യ യാത്രയിൽത്തന്നെ മനസ്സിലായി, കേട്ടറിഞ്ഞതിനെക്കാൾ മനോഹരമായ സ്ഥലമാണു കാസർകോടെന്ന്.
കാലാവസ്ഥയും ഭൂപ്രകൃതിയും എന്തിന് മണ്ണിന്റെ ഘടനപോലും മധ്യതിരുവിതാംകൂറിൽനിന്ന് വളരെ വ്യത്യസ്തം. കാസർകോടിന്റെ മണ്ണിലേക്ക് ആദ്യമായിട്ടെത്തുമ്പോൾ ഭാഷയുമായിട്ട് ചെറിയ മൽപിടിത്തം വേണ്ടിവരുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും അത്ര കാര്യമായിട്ടെടുത്തില്ല. എന്നാൽ, ആദ്യ ക്ലാസിൽ ‘മംഗലം കഴിഞ്ഞിന’, ‘മക്കൊണ്ടോ’, ‘പൊര ഏടെണ്’ തുടങ്ങി ശരവേഗത്തിൽ പാഞ്ഞെത്തിയ കുട്ടിച്ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ നിൽക്കാൻ എങ്ങനെ സാധിച്ചെന്ന് ഇപ്പോഴും അറിയില്ല.
ഉത്തരമെല്ലാം അറിയാമെങ്കിലും അത് എങ്ങനെ പറയണമെന്നറിയാത്ത വിദ്യാർഥിയുടെ അവസ്ഥ ആയിരുന്നു അപ്പോൾ എനിക്ക്. പിന്നീട് മുന്നോട്ടുള്ള ദിവസങ്ങളിൽ വരവേറ്റ നൂറായിരം സംഭാഷണങ്ങളിലൂടെ കാസർകോടൻ ഭാഷാശൈലി ഞാൻ ആസ്വദിക്കാൻ തുടങ്ങി.
ഒരിക്കൽ പത്താം ക്ലാസിലെ കുട്ടികളെ പരിചയപ്പെടുന്നതിനിടയിൽ ‘ടീച്ചർ ചെല്ല്’ എന്ന് കുട്ടികൾ പറയുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. എങ്ങോട്ടാണ് ചെല്ലേണ്ടത് എന്ന് ഞാൻ ചോദിച്ചപ്പോൾ ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു. ‘ടീച്ചർ പറ’ എന്നാണ് ഉദ്ദേശിച്ചതെന്ന് അറിഞ്ഞപ്പോൾ ഞാനും ചിരിച്ചു. ഒരുവട്ടം കുട്ടികളുമായി സംസാരിക്കുന്നതിനിടെ ‘ബന്നെ ചെല്ലുന്നതാ ടീച്ചറെ’ എന്ന് കേട്ടു. ‘വെറുതേ പറയുന്നതാ’ എന്നാണ് അർഥമെന്ന് ഞാൻ മനസ്സിലാക്കിയത് കൂട്ടച്ചിരിക്കു ശേഷമാണ്. ഇടയ്ക്ക് കുട്ടികൾ എന്റെ അടുക്കൽ വരും, ‘ടീച്ചറിന് ഈ വാക്കറിയോ?’ എന്നു ചോദിച്ച്. അറിയില്ലെങ്കിൽ അർഥം പറഞ്ഞുതരാൻ വളരെ ഉത്സാഹമാണ്, അറിയാൻ എനിക്കും... ഈ ഉത്സാഹം പഠനത്തിലും കാണിക്കണമെന്ന് ഓർമിപ്പിക്കുമ്പോൾ മുങ്ങുന്നവരുമുണ്ട്!