വിമർശിക്കുന്നവരെല്ലാം അസൂയാലുക്കളാണെന്ന തോന്നലുണ്ടോ?; വളർച്ച മുരടിക്കാൻ വേറെ കാരണമൊന്നും വേണ്ട
Mail This Article
ശിൽപങ്ങളുണ്ടാക്കി വിറ്റാണ് ഗുരുവും ശിഷ്യനും ജീവിച്ചിരുന്നത്. ഓരോ ദിവസം കഴിയുംതോറും ശിഷ്യന്റെ ശിൽപങ്ങൾ മികച്ചതായി, അവയ്ക്കു കൂടുതൽ വില കിട്ടി. എങ്കിലും ശിഷ്യന്റെ സൃഷ്ടികളെ ഗുരു വിമർശിച്ചു, പോരായ്മകൾ നിർദേശിച്ചു. അസൂയ മൂലമാണ് ഗുരു ഇപ്രകാരം ചെയ്യുന്നതെന്നു കരുതി ശിഷ്യൻ പറഞ്ഞു: കൂടുതൽ ഭംഗി എന്റെ ശിൽപത്തിനാണ്. അതുകൊണ്ടാണ് കൂടുതൽ വിലയ്ക്ക് അവ വിറ്റുപോകുന്നത്. ഇനി എനിക്കു നിർദേശങ്ങൾ വേണ്ട. ഗുരു പറഞ്ഞു: നിന്റെ പ്രായത്തിൽ എന്റെ ഗുരുവിന്റെ ശിൽപത്തെക്കാൾ കൂടിയവിലയ്ക്ക് എന്റേതു വിറ്റിരുന്നു. ഞാനും നീ പറഞ്ഞതുപോലെ ഗുരുവിനോടു പറഞ്ഞു. അന്നുമുതൽ ഗുരു നിർദേശങ്ങൾ തരുന്നത് അവസാനിപ്പിച്ചു. എന്റെ വളർച്ചയും അതോടെ കഴിഞ്ഞു.
ഏറ്റവും മികവുകുറഞ്ഞ ശിഷ്യനും തന്നെക്കാൾ മികവുറ്റവനാകണമെന്നു നിർബന്ധബുദ്ധിയുള്ളവർക്കു മാത്രമാണ് നല്ല ഗുരുവാകാൻ കഴിയുക. അഹം ഇല്ലാത്തവർക്കു മാത്രം സാധിക്കുന്ന കാര്യമാണത്. ശിഷ്യരുടെ അറിവില്ലായ്മയിൽ തങ്ങളുടെ വേഷം ആസ്വദിക്കുന്നവരും അവരുടെ മികവിൽ തങ്ങളുടെ ദൗത്യം ആസ്വദിക്കുന്നവരുമുണ്ട്. കഴിവും കൈമിടുക്കും കുറവുള്ള പഠിതാക്കളുടെ മുൻപിൽ ഗുരുക്കൻമാർക്കു ഹീറോ പരിവേഷമായിരിക്കും. വിശകലന ശേഷിയും വൈദഗ്ധ്യവുമുള്ള ശിഷ്യർ ഗുരുക്കൻമാർക്കു വെല്ലുവിളിയാണ്. മനോബലവും സ്വയം കണ്ടെത്തൽ ശേഷിയുമുള്ള അക്കൂട്ടർ വഴിമാറി സഞ്ചരിച്ചേക്കാം. തന്നെക്കാൾ താഴെ, തന്റെയൊപ്പം, തന്നെക്കാൾ മുകളിൽ ഈ പടികളിലെല്ലാം ശിഷ്യർ സ്വീകാര്യരാകണം. ആദ്യപടിക്കു പുറത്തേക്കു വളരാനനുവദിക്കാത്ത പരിശീലകരിൽ ബോൺസായ് ബീജങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.
ഗുരുവിനെ ആശ്രയിക്കണമെന്നില്ല; പക്ഷേ, വിശ്വസിക്കണം. വളർത്തുന്നവരെ സംശയിച്ചാൽ വളരുന്നവരുടെ വേരുകൾക്കു ദൃഢതയുണ്ടാകില്ല, ശിഖരങ്ങൾ വിശാലമാകില്ല. ഗുരുക്കൻമാരിലും അപൂർണതകളുണ്ടാകും. അവർ അവസാന വാക്കാകണമെന്നില്ല. എങ്കിലും മുൻപരിചയമുണ്ട്, പലതിനെയും മറികടന്ന് ശീലമുണ്ട്. അനുഭവംകൊണ്ടു സമ്പാദിച്ചവയ്ക്ക് അറിവുകൊണ്ട് നേടിയവ പകരമാകില്ല. ഗുരു തന്നെക്കാൾ മികച്ചതാണോ എന്നതല്ല, തന്റെയുള്ളിലെ മികവിനെ പുറത്തുകൊണ്ടുവരാൻ കഴിയുന്നവനാണോ എന്ന ചോദ്യമാണ് ശിഷ്യർക്കുണ്ടാകേണ്ടത്.