ADVERTISEMENT

പൊതുയാത്രാ സംവിധാനങ്ങൾ ഉപയോഗിച്ചു ജോലിക്കു പോകുന്ന സ്ത്രീകളെ സഹായിക്കാൻ നഗരങ്ങൾക്ക് എന്തുചെയ്യാൻ പറ്റും ? ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐടിയിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ഗവേഷണ വിദ്യാർഥി എം.പി.ഫാത്തിമ സെഹ്ബ തുടങ്ങിയ ഗവേഷണം എത്തിനിൽക്കുന്നത് യുകെയിലെ കോമൺവെൽത്ത് സ്‌പ്ലിറ്റ്-സൈറ്റ് സ്‌കോളർഷിപ്പിൽ.


‘ജെൻഡേർഡ് മൊബിലിറ്റി’ എന്ന വിഷയത്തിലാണു ഗവേഷണം. യാത്രാസമയത്തിൽ 10 മിനിറ്റിന്റെ ലാഭം പോലും സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാകുമെന്നു സെഹ്ബ പറയുന്നു. ശുചിമുറി മുതൽ സുരക്ഷ വരെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയുമുണ്ട്. ജെൻഡർ വേർതിരിവുകൾക്കുള്ള പരിഹാരം ഭാവിയിലെ നഗരാസൂത്രണത്തിൽ പ്രധാനമാണെന്നു സെഹ്ബ പറയുന്നു.|കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ആർക്കിടെക്ചറിൽ ബിരുദം നേടിയ സെഹ്ബ എൻഐടിയിൽ നിന്ന് അർബൻ പ്ലാനിങ്ങിൽ പിജി നേടി. മലപ്പുറം മഞ്ചേരി മാഞ്ചേരിപുതുശ്ശേരിയിൽ പി.കെ.സൗദത്തിന്റെയും പരേതനായ എം.പി.അബ്ദുൽ അസീസ് കുരിക്കളുടെയും മകളാണ്. ഭർത്താവ് ഷാബിൽ.
സ്‌പ്ലിറ്റ്-സൈറ്റ് സ്കോളർഷിപ് ലക്ഷ്യമിടുന്നവർക്ക് സെഹ്ബയുടെ ‘പ്ലാൻ’ ഇതാ
റിസർച് പ്രപ്പോസൽ: ഗവേഷണത്തിന്റെ വിശദവും കൃത്യവുമായ രൂപരേഖ നിർബന്ധം. എന്തുകൊണ്ട് ഈ ഫെലോഷിപ് ലഭിക്കണമെന്നു സമർഥിക്കണം. യുകെയിൽ എത്തിയാൽ എന്തൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അവിടത്തെ ഏതൊക്കെ സൗകര്യങ്ങൾ ഈ ഗവേഷണത്തിൽ സഹായിക്കും എന്നിവ വ്യക്തമാക്കണം.
റഫറൻസ് ലെറ്റർ: നമ്മുടെ കഴിവും മികവും വ്യക്തമാക്കി വിദഗ്ധർ നൽകുന്ന കുറിപ്പാണിത്. ഞാൻ 5 റഫറൻസ് ലെറ്ററുകൾ നൽകിയിരുന്നു. വിഷയത്തിൽ നമ്മുടെ അറിവ്, ഗവേഷണത്തിലെ മികവ്, ഫെലോഷിപ് ലഭിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ തെളിവുസഹിതം വിശദമാക്കണം.
വർക് പ്ലാൻ: ഗവേഷണത്തിന്റെ നിലവിലെ അവസ്ഥയെന്ത്, നാട്ടിൽ എത്രമാത്രം പൂർത്തീകരിക്കും, വിദേശത്ത് ഏതുരീതിയിലാണ് ഉദ്ദേശിക്കുന്നത്, നാട്ടിൽ തിരിച്ചെത്തിയ ശേഷം എങ്ങനെ മുന്നോട്ടുപോകും എന്നിവ വ്യക്തമാക്കണം. എന്റെ ഗവേഷണത്തിൽ സഹായകരമായി ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ലാബിലുള്ള സൗകര്യങ്ങൾ, സാങ്കേതികവിദ്യ, റിസോഴ്സ് പഴ്സൻ എന്നിവ എടുത്തുപറഞ്ഞാണ് അപേക്ഷ നൽകിയത്.
കരിയർ പ്ലാൻ: 5 വർഷത്തേക്കുള്ള കരിയർ പ്ലാൻ, 10 വർഷത്തേക്കുള്ള ലോങ് ടേം പ്ലാൻ എന്നിവ വേണം. ഗവേഷണത്തിനു ശേഷം അക്കാദമിക, ഗവേഷണ രംഗത്തെ തുടർലക്ഷ്യങ്ങൾ വ്യക്തമാക്കണം. അപേക്ഷകരുടെ അക്കാദമിക് മികവ്, റിസർച് പ്രപ്പോസലിന്റെ മികവ്, സ്വന്തം രാജ്യത്ത് ഈ ഗവേഷണം ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ വിലയിരുത്തിയാണു തിരഞ്ഞെടുപ്പ്.
കോമൺവെൽത്ത് സ്പ്ലിറ്റ് – സൈറ്റ് സ്കോളർഷിപ്
ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളിൽ ഒരു വർഷത്തെ ഗവേഷണത്തിനു ബ്രിട്ടിഷ് സർക്കാരിന്റെ ഇന്റർനാഷനൽ ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് നൽകുന്നു.
യോഗ്യത: അപേക്ഷിക്കുന്ന വർഷം സെപ്റ്റംബറിനകം ഇന്ത്യയിൽ അംഗീകൃത സർവകലാശാലകളിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തവരാകണം.
ഗവേഷണ മേഖലകൾ: സയൻസ് ആൻഡ് ടെക്നോളജി ഫോർ ഡവലപ്മെന്റ്, സ്ട്രെങ്തനിങ് ഹെൽത്ത് സിസ്റ്റംസ് ആൻഡ് കപ്പാസിറ്റി, പ്രമോട്ടിങ് ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ്, സ്ട്രെങ്തനിങ് ഗ്ലോബൽ പീസ്– സെക്യൂരിറ്റി ആൻഡ് ഗവേണൻസ്, സ്ട്രെങ്തനിങ് റെസിലിയൻസ് ആൻഡ് റെസ്പോൺസ് ടു ക്രൈസിസ്, ആക്സസ്– ഇൻക്ലൂഷൻ ആൻഡ് ഓപ്പർച്യുനിറ്റി എന്നീ തീമുകളിൽ ഏതിലെങ്കിലും ഉൾപ്പെടുന്ന വിഷയങ്ങൾ ആയിരിക്കണം.
വ്യവസ്ഥകൾ: യുകെയിലെ ഒരു സർവകലാശാലയിൽനിന്നുള്ള ഓഫർ ലെറ്റർ/ ഗൈഡിന്റെ സമ്മതപത്രം എന്നിവയും വേണം. മിക്കവാറും ഒക്ടോബർ–ഡിസംബർ സമയത്താണ് അപേക്ഷ ക്ഷണിക്കുന്നത്. വെബ്സൈറ്റ്: www.cscuk.dfid.gov.uk

Content Summary :

How Cities Can Enhance Women's Work Travel: Insights from NIT Scholar Fatima Sehba's Gendered Mobility Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com