ജോലി കിട്ടിയില്ലെന്നു പരാതി പറയാതെ, സ്മാർട്ടായി ഒരു സ്റ്റാർട്ടപ് തുടങ്ങിയാലോ?
Mail This Article
ഇക്കൊല്ലം ക്യാംപസ് പ്ലേസ്മെന്റ് നടത്തുന്നില്ലെന്നു ചില വൻകിട കമ്പനികൾ തീരുമാനിച്ചതായി നാം വാർത്തകൾ കണ്ടിരുന്നു. എന്തു ചെയ്യും? അവിടെയാണ് സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളുടെ പ്രസക്തി വർധിക്കുന്നത്. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ ആറാമത്തെ ഏറ്റവും വലിയ റിക്രൂട്ടർ അവരുടെ തന്നെ സ്റ്റാർട്ടപ് സംരംഭമായ അഗ്നികുൽ കോസ്മോസ് ആയിരുന്നു. ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ പട്ടികയിലെ ശ്രദ്ധേയ മേൽവിലാസമായി മാറിക്കഴിഞ്ഞ അഗ്നികുൽ തന്നെ. ജോലിക്കായി കാത്തിരിക്കാതെ സ്വയം സംരംഭകരാകാനുള്ള സാധ്യതയാണ് സ്റ്റാർട്ടപ്പുകൾ പൊതുവേ മുന്നോട്ടുവയ്ക്കുന്നത്. അതിനുമപ്പുറം തൊഴിൽദാതാക്കളെന്ന നിലയിലും സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നതിന് ഉദാഹരണമാണ് അഗ്നികുൽ. ഓർക്കുക, ഇന്നത്തെ പല ബഹുരാഷ്ട്ര കമ്പനികളും സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളായി തുടങ്ങിയവയാണ്. ഫെയ്സ്ബുക് തന്നെ ഏറ്റവും വലിയ ഉദാഹരണം. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു പ്ലേസ്മെന്റിനോളം തന്നെ പ്രാധാന്യം മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തിനും നൽകുന്നു. സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിൽ ഇതും വളരെ പ്രധാനമാണെന്നതുതന്നെ കാരണം.
സംരംഭം ‘സ്മാർട്’ ആകുന്ന വഴി
സംരംഭകത്വവും സ്റ്റാർട്ടപ്പും ഒന്നാണെന്നു കരുതുന്നവരുണ്ട്. വാസ്തവത്തിൽ അങ്ങനെയല്ല. ഉദാഹരണത്തിന് ഒരു ചെറിയ റസ്റ്ററന്റിനെ സംരംഭമായി കരുതാം. അതേസമയം, ആ സംരംഭത്തിനായി ഒരു നൂതന സാങ്കേതികവിദ്യയോ ആപ്ലിക്കേഷനോ ഉപയോഗിക്കുമ്പോൾ അതൊരു സ്റ്റാർട്ടപ്പായി മാറുന്നു. ഇത്തരം സാങ്കേതിവിദ്യാ ഉപയോഗത്തിനു ഞങ്ങളുടെ ക്യാംപസിലെ ഉദാഹരണമാണ് അവസാന വർഷ വിദ്യാർഥി പല്ലാഷ് റാവത്തിന്റെ ‘സ്മാർട് റസ്റ്ററന്റ്’ വെബ് ആപ്. റസ്റ്ററന്റിലെത്തുന്നവർക്ക് ക്യുആർ കോഡ് വഴി മെനു സ്കാൻ ചെയ്ത് ഓർഡർ നൽകാം. ഷെഫിനു മുന്നിലെ സ്ക്രീനിൽ അവ തെളിയും. കുറച്ചു ജീവനക്കാരെ വച്ച് വേഗത്തിൽ ഓർഡറുകൾ കൈകാര്യം ചെയ്യാനാകുന്ന ആപ് റസ്റ്ററന്റിന്റെ പ്രവർത്തനശൈലിയെ അടിമുടി നവീകരിക്കുന്നു. സ്റ്റാർട്ടപ് പരിശീലനത്തിലെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്തരത്തിലുള്ള ഡിസൈൻ തിങ്കിങ്. ഗ്യാൻ ഇന്നവേഷൻ ലാബിന്റെ സാങ്കേതിക പിന്തുണയോടെ ഐഐഐടിയിലുള്ള ഒരു സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം ഹൈഡ്രോപോണിക്സ് മേഖലയിലാണ്. മണ്ണു കുറച്ചുള്ള കൃഷിരീതി. ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പിഎച്ച് മൂല്യം, ഈർപ്പം, താപനില തുടങ്ങിയവ തുടർച്ചയായി നിരീക്ഷിച്ചുള്ള സ്മാർട് അർബൻ കൃഷിരീതിക്കു സാധ്യതകളേറെയാണ്.
സാങ്കേതികവിദ്യ മാത്രം പോരാ
കുട്ടികൾക്കുള്ള ബിസ്കറ്റ് ആണു നിങ്ങളുടെ ഉൽപന്നമെന്നു കരുതുക. മികച്ച നിക്ഷേപകരെ കണ്ടെത്തിയാൽ ഉൽപന്നം വിപണിയിലെത്തിക്കാം. എന്നാൽ കുട്ടികൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ ? 35% സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നത് സാങ്കേതികവിദ്യാ പ്രശ്നങ്ങൾ കാരണമല്ല, മോശം മാർക്കറ്റിങ് മൂലമാണെന്നു വിപണി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിലാക്കിയാകണം ഉൽപന്നം പുറത്തിറക്കേണ്ടതെന്നു ചുരുക്കം. വിദ്യാർഥികളിലെ സംരംഭകത്വ ശേഷികൾ വളർത്തിയെടുക്കുന്നതിൽ ക്യാംപസിലെ ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് സെന്ററിന്റെയോ ഇൻകുബേഷൻ സെന്ററിന്റെയോ നോഡൽ ഓഫിസർമാരായ അധ്യാപകർക്കു വലിയ റോളുണ്ട്. സംരംഭകത്വ ഗെയിമുകൾ, സാഹചര്യ വിശകലന ആക്ടിവിറ്റികൾ തുടങ്ങിയവ ഇക്കാര്യത്തിലെ ആദ്യ ചുവടുകളാണ്.
സാഹചര്യമുണ്ട്, ഉപയോഗപ്പെടുത്തുക
ഐഐടികളും എൻഐടികളും ഐഐഐടികളും പോലെയുള്ള ടിയർ-1 സ്ഥാപനങ്ങളുടെ ബ്രാൻഡ് നെയിമും അവിടെയുള്ള സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു സഹായകരമാണ്. രാജ്യാന്തര എക്സ്പോഷറിനു വരെ ഇതു സഹായകരമാകും. കോട്ടയം ഐഐഐടിയിൽ നിതി ആയോഗിന്റെ സഹായത്തോടെ ആരംഭിച്ച അടൽ ഇന്നവേഷൻ സെന്റർ നിലവിൽ 32 സ്റ്റാർട്ടപ്പുകൾക്കു പിന്തുണ നൽകുന്നുണ്ട്.
അതേസമയം, ടിയർ–1 സ്ഥാപനങ്ങൾക്കു മാത്രമല്ല, കേരളത്തിലെ ഏതു ചെറിയ പട്ടണത്തിലെ കോളജിനും മികച്ച സ്റ്റാർട്ടപ് അനുകൂല അന്തരീക്ഷം ഉറപ്പാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെ കോളജുകളിലെ ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്ററുകളിൽനിന്ന് (ഐഇഡിസി) സ്റ്റാർട്ടപ് പരിശീലനം, ആശയ രൂപീകരണത്തിനും പേറ്റന്റ് നടപടികൾക്കുള്ള സഹായം, നിക്ഷേപകരെ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ, വിപണന പിന്തുണ തുടങ്ങിയവ ലഭിക്കും. കളമശേരിയിൽ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ് സ്റ്റാർട്ടപ്പുകൾക്കു വേണ്ട സാങ്കേതികപിന്തുണ ലഭ്യമാക്കുന്നു. ഫാബ്‌ലാബ്, 3ഡി പ്രിന്റിങ് മെഷീൻ തുടങ്ങി നൂതന സാങ്കേതിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
വേണമെങ്കിൽ ചക്ക...
ആശയവും മനസ്സുമുണ്ടെങ്കിൽ സ്റ്റാർട്ടപ്പിലേക്കുള്ള വഴി താനേ തുറന്നുവരുമെന്നതിന് ഈയിടെ ഒരു ഉദാഹരണം കണ്ടു. പ്രായമായവർക്കു സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബഗ്ഗികാർ എന്നതായിരുന്നു ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിലെ ഒരു സംഘം വിദ്യാർഥികളുടെ ആശയം. പണം കണ്ടെത്തുകയായിരുന്നു ആദ്യ വെല്ലുവിളി. വിദ്യാർഥികൾ എൽഇഡി ബൾബുകൾ നിർമിച്ച് ക്യാംപസിലും മറ്റും വിറ്റഴിച്ച് 50,000 രൂപ സമാഹരിച്ചു. ഇത് സീഡ് ഫണ്ടായി ഉപയോഗിച്ചു മുന്നിട്ടിറങ്ങി; ബഗ്ഗി കാർ യാഥാർഥ്യമായി.
(കോട്ടയം പാലാ ഐഐഐടിയിൽ അസിസ്റ്റന്റ് പ്രഫസറും പ്ലേസ്മെന്റ് ഓഫിസറുമാണു ലേഖകൻ)