ADVERTISEMENT

ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന പിഎസ്‌സി പരീക്ഷയാണ് തദ്ദേശസ്ഥാപന സെക്രട്ടറി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ തസ്തികകളിലേക്കുള്ളവ. നേരിട്ട് ഗസറ്റഡ് റാങ്കിൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം. എന്നാൽ വളരെ കുറച്ച് ഒഴിവുകളും കടുത്ത മത്സരവുമുള്ള പരീക്ഷയാണിത്. അത്രയും ആഴത്തിൽ കഠിനാധ്വാനം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ പരീക്ഷയ്ക്കായി ഇറങ്ങി പുറപ്പെടേണ്ടതുള്ളൂ. 

ഈ തസ്തികയിലേക്കു പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയുമുണ്ട്. ഡിഗ്രി പ്രിലിമിനറി പരീക്ഷയുടെ സിലബസ് നേരത്തേ നമുക്ക് കിട്ടിയിട്ടുള്ളതാണ്. അതനുസരിച്ചുള്ള സ്റ്റഡി പ്ലാൻ തയാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 40% വായനയുണ്ടെങ്കിൽ എൽഡി ക്ലാർക്ക് പോലെയുള്ള പരീക്ഷകളിൽ വിജയിക്കാനാവും. എന്നാൽ 60% എങ്കിലും വായനയുണ്ടെങ്കിലേ ഈ ഡിഗ്രിതല പരീക്ഷകൾക്ക് വിജയത്തിലെത്താൻ കഴിയൂ.

ഒരു ഉദാഹരണം പറയാം. മുൻകാലങ്ങളിൽ ഓടക്കുഴൽ അവാർഡ് നേടിയ ആദ്യത്തെയും അവസാനത്തെയും ആളുകളെ ഓർത്തുവച്ചാൽ മതിയായിരുന്നു. എന്നാൽ പ്രസ്താവനച്ചോദ്യങ്ങൾ വന്നു തുടങ്ങിയപ്പോൾ സ്ഥിതി മാറി. ‘ഓടക്കുഴൽ അവാർഡ് നേടിയ ആദ്യ 4 പേർ ആരൊക്കെ?’ അല്ലെങ്കിൽ ‘ഓടക്കുഴൽ അവാർഡ് നേടിയ അവസാന 4 പേർ ആരൊക്കെ?’ എന്ന തരത്തിലും ചോദ്യങ്ങൾ വരുമെന്നു പ്രതീക്ഷിക്കണം. അവാർഡ് നേടിയ എല്ലാവരുടെയും പേരുകൾ ഓർത്തുവയ്ക്കേണ്ടിവരും. വായനയും പഠനവും ആ രീതിയിലാക്കണം. 

ഇതുവരെ നടത്തിയ ഡിഗ്രി പ്രിലിമിനറി പരീക്ഷകളെല്ലാം കടുകട്ടിയായിരുന്നു. കെഎഎസ് പ്രിലിമിനറിയെക്കാൾ ഉയർന്ന നിലവാരമുള്ളവ. ഇംഗ്ലിഷ്, മലയാളം, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നല്ല ഗ്രാഹ്യമുള്ളവരെ സംബന്ധിച്ച് മറ്റു വിഷയങ്ങൾ സിലബസിനുള്ളിലെ പഠിച്ചുതീർക്കാൻ കൂടി ചെയ്താൽ എൽഎസ്ജിഎസ്– ബിഡിഒ പരീക്ഷ കടന്നുകയറാം.

സിലബസ് വിശദമായി ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ, പാഠപുസ്തകങ്ങൾ, പിഎസ്‌സി ബുള്ളറ്റിൻ തുടങ്ങിയവയെല്ലാം പഠനത്തിന്റെ ഭാഗമാകണം. അതുപോലെ ഒരു പ്രധാന ഘടകമാണ് പത്രവായന. ഇന്ത്യൻ ഇക്കോണമി പോലെയുള്ള വിഷയങ്ങൾ പഠിക്കുമ്പോൾ ബജറ്റിന് വലിയ പ്രാധാന്യമുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അതതു സമയത്തു പത്രങ്ങളിൽ വരാറുണ്ട്. അതിനാൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ആഴത്തിലുള്ള പത്രവായന അനിവാര്യമാണ്.

വിവരങ്ങൾ ഉൾക്കൊള്ളിച്ച് പ്രത്യേക നോട്ട് തയാറാക്കി സൂക്ഷിക്കുകയും വേണം. കറന്റ് അഫയേഴ്സ്, കായികം, സാഹിത്യം തുടങ്ങി പല മേഖലയിലും പത്രവായന ആവശ്യമാണ്. വിവിധ മത്സര വേദികൾ, ജേതാക്കൾ തുടങ്ങിയ കാര്യങ്ങളെല്ലാം പഠിച്ചുവയ്ക്കാൻ പത്രവായന സഹായിക്കും. മെയിൻസിന് ഒന്നര മണിക്കൂർ വീതമുള്ള 2 പരീക്ഷകൾ. ഓരോന്നിനും 100 മാർക്ക് വീതം. ഒരു പേപ്പർ തദ്ദേശസ്വയംഭരണവുമായി ബന്ധപ്പെട്ടതാണ്. മെയിൻസിനും വളരെ ആഴത്തിൽ പഠിച്ചാലേ ഈ ജോലി നേടാനാകൂ.

Content Summary:

A Guide to Acing the PSC Local Body Secretary & BDO Exams: Study Strategies Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com