എംഎസ്‌സി ഇക്കണോമിക്സ് പഠിക്കാം ഐജിഐഡിആറിൽ: പ്രവേശനം സിയുഇടി–പിജി വഴി
Mail This Article
ധനശാസ്‌ത്രമേഖലയിലെ പഠനഗവേഷണങ്ങൾക്കു പേരുകേട്ട മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച് (ഐജിഐഡിആർ) എംഎസ്‌സി ഇക്കണോമിക്സ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വെബ്സൈറ്റ്: www.igidr.ac.in റിസർവ് ബാങ്ക് 1987ൽ സ്‌ഥാപിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിന് സർവകലാശാലയ്ക്കു സമാനമായ പദവിയുണ്ട്.
മുൻനിരസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും മികച്ച പ്ലേസ്മെന്റുമുണ്ട്. യോഗ്യത: 55% മൊത്തം മാർക്കോടെ ഇക്കണോമിക്‌സ് ബിരുദം, അഥവാ 60% മൊത്തം മാർക്കോടെ കൊമേഴ്‌സ്, സ്‌റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ്, മാത്‌സ്, എൻജിനീയറിങ് / ടെക്‌നോളജി ഇവയൊന്നിലെ ബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% ഇളവ്. ബിരുദ മാർക്ക്‌ലിസ്റ്റ് സെപ്റ്റംബർ 15ന് അകം സമർപ്പിക്കണം. പ്ലസ്‌ടുവിലെങ്കിലും മാത്‌സ് പഠിച്ചിരിക്കണം. ആകെ 50 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.
പ്രാഥമിക സിലക്‌ഷൻ സിയുഇടി–പിജിയിലെ സ്കോർ നോക്കിയാണ്. ഇതിന്റെ വിവരങ്ങൾ https://pgcuet.samarth.ac.in എന്ന സൈറ്റിലുണ്ട്. അതിലേക്ക് ഇന്നു രാത്രി 11.50ന് അകം അപേക്ഷിക്കണം. സിയുഇടിയിൽ ഉയർന്ന സ്കോറു ള്ളവരെ ഇന്റർവ്യൂ ചെയ്ത് അന്തിമ ലിസ്റ്റ് തയാറാക്കും. സെമസ്റ്റർ ഫീ 16,000 രൂപ. തുടക്കത്തിൽ 1000 രൂപ പ്ലേസ്മെന്റ് ഫീയും 16,000 രൂപ ഡിപ്പോസിറ്റും വേറെ അടയ്ക്കണം. ഹോസ്റ്റലിലെ പ്രതിമാസ ഫീ 200 രൂപ. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. ഗവേഷണത്തെ മുന്നിൽക്കണ്ടുള്ള പാഠ്യക്രമമാണ്. സ്കോളർഷിപ്പുണ്ട്. എംഎസ്‌സി ജയിക്കുന്നവർക്കു പിഎച്ച്ഡി പഠനത്തിനും സൗകര്യമുണ്ട്. ഇതിന്റെ അറിയിപ്പു വൈകാതെ വരും.