ADVERTISEMENT

സിംഹങ്ങൾ കൊന്നുതിന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തങ്ങളുടെ ചുവട്ടിലിടുന്നത് രണ്ടു മരങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. ആ പ്രദേശമാകെ ദുർഗന്ധവുമുണ്ടായിരുന്നു. സിംഹങ്ങളെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ മരങ്ങൾ പദ്ധതിയിട്ടു. എല്ലാം കേട്ടുനിന്ന വൃദ്ധനായ മരം അത് കൂടുതൽ അപകടമാകുമെന്നു മുന്നറിയിപ്പു നൽകിയെങ്കിലും അവർ അവഗണിച്ചു. പിറ്റേന്ന് കാറ്റിന്റെ സഹായത്തോടെ ആടിയുലഞ്ഞ് അവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്തോ ഭയാനകമായതു വരുന്നെന്നു കരുതി സിംഹങ്ങൾ ഓടി രക്ഷപ്പെട്ടു. അധികം താമസിയാതെ കാട്ടിൽ സിംഹങ്ങളൊന്നുമില്ലെന്ന വാർത്ത പരന്നു. നാട്ടിൽനിന്നു മരംവെട്ടുകാർ കാട്ടിലെത്തി. തലയെടുപ്പോടെ നിന്ന ആ രണ്ടു മരങ്ങൾത്തന്നെ ആദ്യം മുറിച്ചുകടത്തി.

കുറവുകളില്ലാത്ത സാഹചര്യങ്ങളെയും കുറ്റങ്ങളില്ലാത്ത മനുഷ്യരെയും തേടിയുള്ള യാത്രകൾക്കു ചില പോരായ്മകളുണ്ട്. ആ അന്വേഷണം ഒരിക്കലും അവസാനിക്കില്ല. എന്തിന്റെയും ന്യൂനതകൾ കണ്ടെത്തുന്നതുകൊണ്ട് കണ്ടുമുട്ടുന്നവയിലൊന്നും സംതൃപ്തി കിട്ടില്ല. കൂടെയുള്ളതിനോടൊന്നും പൊരുത്തപ്പെടാതെ അകലെയുള്ളതിനെ നോക്കി ആകാംക്ഷയോടെയിരിക്കും. എല്ലാവരും അവരുടേതായ ദൗർബല്യങ്ങളോടെയാണു ജനിക്കുന്നത്. തിരുത്തലുകളോ രൂപാന്തരങ്ങളോ ആവശ്യമില്ലാത്ത ആരുമുണ്ടാകില്ല. അപരന്റെ ആകാരമോ സ്വഭാവമോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവിടെ നടക്കേണ്ടത് അപരന്റെ സ്വഭാവമാറ്റം മാത്രമല്ല സ്വന്തം മനംമാറ്റം കൂടിയാണ്. രണ്ടു സാധ്യതകളാണ് സമൂഹജീവിതത്തിലുള്ളത്. ഒന്നുകിൽ ഗുണത്തിന്റെ പേരിൽ അപരനെ അംഗീകരിക്കാം, അല്ലെങ്കിൽ ദുർഗുണത്തിന്റെ പേരിൽ പുറത്താക്കാം.

ശിഖരങ്ങൾ തമ്മിൽ അകലമുണ്ടെങ്കിലും വേരുകൾ തമ്മിൽ ഇഴയടുപ്പമുണ്ടെന്ന തിരിച്ചറിവാണ് കാടിന്റെ ഭംഗി. സമാനതയുള്ളവരും വൈരുധ്യമുള്ളവരും ഒരേ ശ്രേണിയിലുണ്ടാകും. ആരാണ് എപ്പോഴാണ് ഉപകരിക്കുക എന്നത് കാലത്തിനു മാത്രം തെളിയിക്കാൻ കഴിയുന്നതാണ്. അടിസ്ഥാനമെന്നു കരുതുന്നവർ അപ്രസക്തരാകുകയും അസ്ഥാനത്തെന്നു കരുതുന്നവർ അനിവാര്യരാകുകയും ചെയ്യും. നിർണായക നിമിഷങ്ങൾ വരാതെ ഒരാളുടെയും അനുപേക്ഷണീയത വെളിവാകില്ല. അശുദ്ധമെന്നും അശ്രീകരമെന്നും കരുതപ്പെടുന്ന പലതും അടിത്തറയായിരുന്നു എന്നു മനസ്സിലാകുന്നത് അവ അവസാനിക്കുമ്പോഴാണ്. ആരെയെങ്കിലും ഒപ്പം നിർത്തുന്നുണ്ടെങ്കിൽ അത് അവരുടെ പാളിച്ചകളെയുംകൂടി ചേർത്തുപിടിച്ചാകണം. അസ്വീകാര്യരായവരെയെല്ലാം ഒഴിപ്പിച്ചാൽ ഒരു പ്രശ്നമുണ്ട്, അവനവനെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.

English Summary:

The importance of accepting people where they are

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com