ബന്ധങ്ങൾ നിലനിൽക്കണമെന്ന ആത്മാർഥ ആഗ്രഹമുണ്ടോ?; അർഹിക്കുന്ന രീതിയിൽ ബഹുമാനിക്കാൻ പഠിക്കാം
Mail This Article
ഇരുമ്പുപണിക്കാരന്റെ ആലയിൽ താഴും താക്കോലും ചുറ്റികയും ഉണ്ടായിരുന്നു. ഒരു ദിവസം ചുറ്റിക താക്കോലിനോടു ചോദിച്ചു: നീ എങ്ങനെയാണ് ഇത്ര നിസ്സാരമായി പൂട്ടുകൾ തുറക്കുന്നത്? നിന്നെക്കാൾ ശക്തിയുണ്ടെങ്കിലും എനിക്കതിനു കഴിയുന്നില്ല. താക്കോൽ പറഞ്ഞു: നീ നിന്റെ ശക്തിയിൽ ആഞ്ഞടിക്കുമ്പോൾ പൂട്ടു തുറക്കുകയല്ല, തകരുകയാണു ചെയ്യുന്നത്. ഞാൻ അവരെ വേദനിപ്പിക്കുന്നില്ല. ഞാൻ അവരുടെ ഹൃദയത്തിലേക്കു കടന്നുചെല്ലുമ്പോൾ അവ തനിയെ തുറക്കും.
രണ്ടു വിധത്തിൽ ആളുകളെ കീഴ്പ്പെടുത്താം; അതിക്രമത്തിലൂടെയും ആർദ്രതയിലൂടെയും. അക്രമത്തിലൂടെ കൈവശമാക്കിയവയ്ക്കൊന്നും മനോഹാരിതയുണ്ടാകില്ല. അവയുടെ സൗന്ദര്യവും സ്വാഭാവികതയും കീഴടക്കൽ പ്രക്രിയയ്ക്കിടയിൽ നഷ്ടമായിട്ടുണ്ടാകും. അറിഞ്ഞും അനുഭവിച്ചും സ്വന്തമാക്കുമ്പോൾ അതിൽ അനുഭൂതിയും അപരബഹുമാനവും ഉണ്ടാകും. അധികാരത്തിലൂടെ മറ്റുള്ളവരെ ചൊൽപടിക്കു നിർത്തുന്ന ഒരാളും ആരുടെയും ഹൃദയത്തിലിടം നേടില്ല.
കരുത്തും കയ്യൂക്കുമാണോ കരുണയും പരിഗണനയുമാണോ ബന്ധങ്ങൾ ആഴപ്പെടാൻ സഹായിക്കുക? ഹൃദയവാതിലുകൾ തുറന്ന് അകത്തു പ്രവേശിക്കാൻ കഴിയുന്നവർക്കു മാത്രമാണ് ആത്മാവിനെ തൊട്ടറിയാൻ കഴിയുക. താഴിനു ചേർന്നവിധം രൂപപ്പെടാത്ത ഒരു താക്കോലിനും അകത്തു പ്രവേശിക്കാനാകില്ല. പ്രവേശനം നിഷേധിക്കപ്പെട്ടു പുറത്തുനിൽക്കുന്നവർക്കെല്ലാം രൂപാന്തരം ആവശ്യമാണ്.
പൂട്ടിനെ പഴിചാരുന്നതിലല്ല; പൂട്ടിനു പറ്റിയ താക്കോൽ കണ്ടെത്തുന്നതിലാണു മിടുക്ക്. ഓരോ താക്കോലിനും ഉണ്ടാകേണ്ട ചില സവിശേഷതകളുണ്ട്. താഴിനു ചേരുന്ന അളവും രൂപവുമാകണം, മൃദുവായും ശാന്തമായും തുറക്കേണ്ടവയെ സമീപിക്കണം, കൃത്യമായ ബിന്ദുവിൽ മാത്രം യഥാദിശയിലേക്കു തിരിയണം. അനാവശ്യബലമോ അതിശീഘ്ര പ്രയത്നങ്ങളോ ഒന്നിനെയും എവിടെയും എത്തിക്കില്ല.
എന്തിനെയും അതർഹിക്കുന്ന രീതിയിൽ വേണം സമീപിക്കാൻ. ചില്ല മുറിക്കുന്നതുപോലെയല്ല പൂവിറുക്കേണ്ടത്. ആനയെ മെരുക്കുന്നതുപോലെയല്ല ആമയെ വളർത്തേണ്ടത്. പ്രകൃതത്തിനനുസരിച്ചു പെരുമാറാനറിയാത്തവരെല്ലാം വാതിൽപടിയിലെ കാവൽക്കാരാകും. എത്ര മുട്ടിയാലും തുറക്കപ്പെടില്ല. തല്ലിത്തകർത്തു പ്രവേശിക്കുമ്പോഴേക്കും രൂപവും ഭാവവും നഷ്ടമായിരിക്കും. പൂട്ടുപൊളിക്കൽ ക്രൂരതയാണ്, പൂട്ടുതുറക്കൽ കലയും.