ഉത്തരക്കടലാസിന്റെ ആദ്യപേജിൽ വെറുതെ നമ്പർ എഴുതിയിടരുത്; പരീക്ഷയ്ക്കു തൊട്ടു മുൻപും ശേഷവും കൂട്ടുകാരുമായി ചർച്ച വേണ്ട
Mail This Article
മികച്ച പരീക്ഷാ വിജയത്തിനു നല്ല തയാറെടുപ്പ് ആവശ്യമാണ്. അവസാനഘട്ട തയാറെടുപ്പായതിനാൽ പഠിക്കാൻ സ്വസ്ഥമായ സ്ഥലം തിരഞ്ഞെടുക്കണം. ഒരു വിഷയം പഠിക്കാൻ ആവശ്യമായ ബുക്കും പുസ്തകവും എല്ലാമെടുത്തു വേണം പഠിക്കാൻ ഇരിക്കേണ്ടത്. നിങ്ങൾക്ക് പഠിക്കാൻ ഇഷ്ടപ്പെട്ട സമയമെല്ലാം പഠിക്കാനായി തിരഞ്ഞെടുക്കണം. കൂടുതൽ പ്രയാസം നേരിടുന്ന വിഷയത്തിനു കൂടുതൽ സമയം നൽകണം. സാധിക്കുമെങ്കിൽ കൂട്ടുകാരുമൊത്തു കൂട്ടായ പഠനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കാം. പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറിയ നോട്ടുകളായി കുറിച്ചിടുന്നത് നല്ലതാണ്.
പരീക്ഷ സമയം അടുത്ത് പഠിക്കുമ്പോൾ കുറച്ചുസമയം പഠിച്ചിട്ട് ഇടയ്ക്ക് കുറച്ചു സമയം വിശ്രമം ആകാം. പക്ഷേ വിശ്രമം അഞ്ച് മിനിറ്റിൽ കൂടാതിരിക്കുവാൻ ശ്രദ്ധിക്കണം. മുൻപു പഠിച്ചത് ഇടയ്ക്കിടയ്ക്ക് ഒന്ന് മറിച്ചു നോക്കണം. പരീക്ഷ ഹാളിൽ എത്തിയാൽ കൂട്ടുകാരുമായി പഠിച്ച കാര്യങ്ങൾ കഴിവതും ചർച്ച ചെയ്യാതിരിക്കുക. ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ ആദ്യത്തെ 15 മിനിറ്റിനുള്ള കൂൾ ഓഫ് ടൈമിൽ നന്നായി വായിച്ചു നോക്കി ഏറ്റവും നന്നായി എഴുതാൻ കഴിയുന്ന ചോദ്യങ്ങൾ മാർക്ക് ചെയ്യുക. ആദ്യത്തെ ചോദ്യം തന്നെ ആദ്യം എഴുതണമെന്നില്ല.
പല കുട്ടികളും ഉത്തരമറിയാത്ത ചോദ്യങ്ങളുടെ നമ്പർ എഴുതി ഇടുന്നത് കാണാം. അത് ഒഴിവാക്കി ആദ്യപേജിൽ ഏറ്റവും നന്നായി എഴുതുവാൻ കഴിയുന്ന ചോദ്യങ്ങളുടെ നമ്പറിട്ട് ഉത്തരം എഴുതുക. പിന്നീട് ആലോചിച്ച് ഉത്തരം കണ്ടുപിടിച്ച എഴുതേണ്ടവ എഴുതുക. പരീക്ഷ എഴുതി കഴിഞ്ഞ് ബെൽ അടിക്കുന്നതിനു മുൻപു 5 മിനിറ്റ് എങ്കിലും ബാക്കി നിൽക്കുന്ന തരത്തിൽ ടൈം മാനേജ് ചെയ്യുക. ഇതിനായി ഇപ്പോൾതന്നെ മുൻവർഷങ്ങളിലെ പരമാവധി ചോദ്യപേപ്പറുകൾ പരിശീലിക്കുക. ഭയമില്ലാതെ നന്നായി തയാറെടുത്ത് സമീപിച്ചാൽ പരീക്ഷ പരീക്ഷണം ആകില്ല.
∙ഡോ.കെ.ആർ.പ്രമോദ് ബാബു, ഹെഡ്മാസ്റ്റർ, ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്.