ഒരു മാസത്തെ റിവിഷനിലൂടെ നീറ്റ് യുജി പരീക്ഷയിൽ മികച്ച സ്കോർ നേടാം
Mail This Article
പ്ലസ്ടു സയൻസ് ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർഥികൾക്കു ബോർഡ് പരീക്ഷയ്ക്കുശേഷം നീറ്റ് പരീക്ഷ തയാറെടുപ്പു കാലമാണ്. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നന്നായി പഠിച്ചു മികച്ച സ്കോർ നേടാനുള്ള തയാറെടുപ്പാണാവശ്യം! മനസ്സു വച്ചാൽ മികച്ച വിജയം കൈവരിക്കാൻ ഇനിയും അവസരമുണ്ട്. പഠിത്തത്തിൽ അൽപം സീരിയസായാൽ മതി. പരീക്ഷയെടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ, ഗൗരവമേറിയ റിവിഷൻ പഠനമാണ് ഇതിനാവശ്യം. ഓരോ വിദ്യാർഥിയുടെ പഠന രീതിയും വ്യത്യാസപ്പെട്ടിരിക്കും.
നീറ്റിന്റെ പ്രാധാന്യം
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന 2024 ലെ നീറ്റ് യുജി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സ്‌കോറുകൾ എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, സിദ്ധ, യൂനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനത്തിനായി പരിഗണിക്കും. മിലിട്ടറി നഴ്സിങ് കോളജുകൾ, കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള നഴ്സിങ് കോളജുകൾ എന്നിവിടങ്ങളിൽ ബിഎസ്‌സി നഴ്‌സിങ്ങിനായി നീറ്റ് സ്കോർ വിലയിരുത്തും. ജിപ്മെർ പുതുച്ചേരിയുടെ കീഴിലുള്ള നഴ്സിങ് കോളജുകളിൽ ബിഎസ്‌സി നഴ്സിങ് പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കസ്തൂർബ ഹോസ്പിറ്റൽ, സെന്റ് സ്റ്റീഫൻസ്, സഫ്ദർജങ്, ഫ്ലോറൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ട്, എഎഫ്എംസി യുടെ കീഴിലുള്ള ആറ് നഴ്സിങ് കോളജുകൾ എന്നിവിടങ്ങളിൽ ബിഎസ്‌സി നഴ്സിങ് പ്രവേശനം നീറ്റ് റാങ്ക് വഴിയാണ്. ജിപ്മറിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സ് പ്രവേശനവും നീറ്റ് വഴിയാണ്.
2023 ൽ 20.87 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികളെഴുതുന്ന ദേശീയ പ്രവേശന പരീക്ഷയാണിത്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി /ബയോ കെമിസ്ട്രി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും ഈ വർഷത്തെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും പരീക്ഷയെഴുതാം. പ്ലസ് ടു തലത്തിൽ ഇംഗ്ലിഷ് പഠിച്ചിരിക്കണം. 2024 ൽ രാജ്യത്തെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 499 ൽ നിന്നും 554 ആയി ഉയർത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഈ വർഷം 24 പരീക്ഷാകേന്ദ്രങ്ങളുണ്ട്. 13 ഭാഷകളിൽ പരീക്ഷ ചോദ്യങ്ങളുണ്ടാകും.
നീറ്റിലൂടെ സംസ്ഥാന കോട്ടയിൽ പ്രവേശനം നേടാൻ അതാതു സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ പ്ലാറ്റ് ഫോമിൽ റജിസ്റ്റർ ചെയ്യണം. ഉദാഹരണമായി, കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീമിനും കർണാടകയിൽ കെസിഇടിയിലും റജിസ്റ്റർ ചെയ്യണം.
രാജ്യത്തെ 645 മെഡിക്കൽ കോളജുകൾ, 318 ഡെന്റൽ കോളജുകൾ, 914 ആയുഷ് സ്ഥാപനങ്ങൾ, 47 വെറ്ററിനറി കോളജുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാണ് . രാജ്യത്തെ സർക്കാർ, സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽ മെഡിക്കൽ, ഡെന്റൽ, അലൈഡ് കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റിലൂടെയാണ്. ചിട്ടയോടെയുള്ള തയാറെടുപ്പ് പരീക്ഷയിൽ മികച്ച വിജയം നേടാൻ ആവശ്യമാണ്. www.exams.nta.ac.in
അവസാന ആഴ്ചകളിലെ തയാറെടുപ്പുകൾ
മെഡിക്കൽ, ഡെന്റൽ, അനുബന്ധ ഹെൽത്ത് കെയർ, വെറ്ററിനറി സയൻസ്, കാർഷിക, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കു ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾ ദേശീയ യോഗ്യതാ പരീക്ഷയായ NEET-UG 24ന് ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ നീറ്റ് 2024 മേയ് 5 നാണ്. ഇപ്പോൾ പ്ലസ് ടു വിദ്യാർഥികൾ അവരുടെ ബോർഡ് പരീക്ഷയുടെ തിരക്കിലാണ്. പരീക്ഷ ഏപ്രിൽ ഒന്നിന് അവസാനിക്കും. നീറ്റ് 24 ന് ഇതിനകം അപേക്ഷിച്ച വിദ്യാർഥികൾ, പ്ലസ് ടു പരീക്ഷകൾക്ക് ശേഷം മികച്ച സ്കോറുകൾ നേടാൻ ചിട്ടയോടെയുള്ള അവസാനആഴ്ചകളിലേക്കുള്ള പരീക്ഷാ തയാറെടുപ്പ് തന്ത്രം ആവിഷ്കരിച്ചു നടപ്പിലാക്കണം.
പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ വിദ്യാർഥികൾ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നീറ്റ് വിജയകരമായി പൂർത്തിയാക്കാനുള്ള ഒരു മാസത്തെ തന്ത്രമാണിത്.
1. ഒരു പഠന ടൈം ടേബിൾ തയാറാക്കാൻ ശ്രമിക്കുക- റിവിഷന് ഇത് ഉപയോഗപ്രദമാകും. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയ്ക്ക് ഒരാഴ്‌ച വീതം മാറ്റിവയ്ക്കാം. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവുകൾ നേടാൻ ശ്രമിക്കണം. പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുമ്പ്, അവസാന റിവിഷനായി കൂടുതൽ സമയം നീക്കിവയ്ക്കാൻ എപ്പോഴും ശ്രമിക്കേണ്ടതാണ്.
2. പരിഷ്കരിച്ച 2024 ലെ നീറ്റ് സിലബസ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക. ഈ വർഷം പാഠഭാഗങ്ങൾ കഴിഞ്ഞ വർഷത്തെ 97-ൽ നിന്ന് 79 ആയി കുറച്ചിട്ടുണ്ട്. പാഠപുസ്തകത്തിലോ കോച്ചിങ് ഗൈഡുകളിലോ ബന്ധപ്പെട്ട ഭാഗങ്ങൾ അടയാളപ്പെടുത്താൻ ശ്രമിക്കുക.
3. ഫിസിക്സിൽനിന്നും കെമിസ്ട്രിയിൽനിന്നുമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും, വായിച്ചു പഠിക്കുന്നതിനു പകരം എഴുതി ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സങ്കീർണ്ണമായ ജീവശാസ്ത്ര ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കുക.
4. കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് ചോദ്യങ്ങൾ ശേഖരിച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക.
5. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
6. ടൈം മാനേജ്മെന്റ് പരിശീലിക്കുക- സാധാരണയായി പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ സമയക്കുറവിനെക്കുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്. 200 മിനിറ്റിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ പരമാവധി ഒരു മിനിറ്റ് മതി. എന്നാൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങൾക്ക് കൂടുതൽ സമയത്തിന്റെ ആവശ്യകത പരിഹരിക്കുന്നതിന്, ബയോളജി ചോദ്യങ്ങൾ ആദ്യം പൂർത്തിയാക്കുക, തുടർന്ന് കെമിസ്ട്രി, ഫിസിക്‌സ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതാണ് നല്ലത്. ആദ്യം ഫിസിക്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്ന വിദ്യാർഥികൾ ടൈം മാനേജ്മെന്റിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ചോദ്യങ്ങൾ വളരെ കടുപ്പമേറിയതും ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാണെങ്കിൽ, സാങ്കൽപികമായി ഉത്തരം നൽകാൻ ശ്രമിക്കുന്നതിനു പകരം അത് ഉപേക്ഷിക്കാൻ ശ്രമിക്കുക. നെഗറ്റീവ് മാർക്കിങ് രീതി നിലവിലുണ്ട്. ഒരു ചോദ്യത്തിന് നാലു മാർക്ക് വീതം 180 ചോദ്യങ്ങൾക്കു മൊത്തം 720 മാർക്ക് നീറ്റിനുണ്ട്. ഉത്തരം തെറ്റായാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. അതിനാൽ ഉത്തരം അറിയില്ലെങ്കിൽ കറക്കിക്കുത്താൻ ശ്രമിക്കരുത്.
7. മാർക്ക് വിന്യാസവും തിരഞ്ഞെടുപ്പുകളും പ്രത്യേകം മനസ്സിലാക്കാൻ ശ്രമിക്കുക. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്നായി 50 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിനും രണ്ട് വിഭാഗങ്ങളുണ്ട്; എ & ബി. എ വിഭാഗത്തിൽ 35 ചോദ്യങ്ങളും ബി വിഭാഗത്തിൽ 15 ചോദ്യങ്ങളും വീതമുണ്ടായിരിക്കും. എ വിഭാഗത്തിൽ നിന്ന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. എന്നാൽ ബി വിഭാഗത്തിൽ 15 ൽ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ചോയ്സുള്ളതിനാൽ വിദ്യാർഥികൾക്ക് ബി വിഭാഗങ്ങൾ പ്രയോജനപ്പെടുത്താം. 20 ചോദ്യങ്ങൾ ചോയ്സായി ലഭിക്കുന്നത് കൂടുതൽ മാർക്ക് നേടുന്നതിനുള്ള അവസരമായി കരുതാം.
8. വിദ്യാർഥികൾക്ക് അറിവില്ലായ്മയോ അശ്രദ്ധയോ കാരണം പരീക്ഷാ സമയത്ത് തെറ്റുകൾ സംഭവിക്കാറുണ്ട്. പരീക്ഷകൾക്ക് തയാറെടുക്കുമ്പോൾ ഒരു തെറ്റു പുസ്തകം സൂക്ഷിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. പൊതുവായ എല്ലാ തെറ്റുകളും തിരുത്തി തെറ്റ് പുസ്തകത്തിൽ രേഖപ്പെടുത്താൻ ശ്രമിക്കുക. റിവിഷൻ ചെയ്യുമ്പോൾ റെഡി റെക്കണറായി ഇത് ഉപയോഗിക്കാം.
9. ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളോ ശീതളപാനീയങ്ങളോ ഒഴിവാക്കണം. കടുത്ത വേനലായതിനാൽ യഥേഷ്ടം വെള്ളം കുടിക്കണം. സസ്യേതര, അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം..
10. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഷെഡ്യൂൾ പ്രകാരം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം വിലയിരുത്താൻ ശ്രമിക്കുക. ഒരു മണിക്കൂർ മുമ്പ് പരീക്ഷ കേന്ദ്രത്തിലെത്താൻ ശ്രമിക്കുക. ഡ്രസ് കോഡ് ഉൾപ്പെടെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
11. ചില പാഠഭാഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവ ഒഴിവാക്കി ബാക്കി ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
12. പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ വ്യക്തമായ ലക്ഷ്യങ്ങൾ വയ്ക്കുക. അതിന്റെ അടിസ്ഥാനത്തിൽ പഠന ടൈംടേബിളും റിവിഷൻ തന്ത്രങ്ങളും രൂപപ്പെടുത്തി തയാറെടുക്കണം.
13. വലിയ ലക്ഷ്യങ്ങളെ ചെറിയ ജോലികളായി വിഭജിക്കാൻ എപ്പോഴും ശ്രമിക്കേണ്ടതാണ്.
14. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരിക്കലും സുഹൃത്തുക്കളുമായി വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കരുത്. എപ്പോഴും പോസിറ്റീവ് മനോഭാവം പിന്തുടരാനും ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രമിക്കേണ്ടതാണ്.
15. അനാവശ്യ സമ്മർദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കണം. കുട്ടികളിൽ അനാവശ്യ സമ്മർദം ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുത്.
16. പഠിച്ച ഭാഗങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കണം. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. 10 മിനിറ്റ് യോഗയോ വ്യായാമമോ ചെയ്യണം. അകാരണമായി പരീക്ഷയെക്കുറിച്ചു വ്യാകുലപ്പെടരുത്. മാതൃകാ ചോദ്യങ്ങൾ, മുൻവർഷങ്ങളിലെ ചോദ്യങ്ങൾ എന്നിവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.
17.പരീക്ഷാക്കാലത്തു മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനു ശേഷം 10 മിനിറ്റ് ബ്രേക്ക് എടുക്കുന്നത് നല്ലതാണ് . ഇടയ്ക്ക് പത്രം വായിക്കാനും ടിവി കാണാനും കുറച്ചു സമയം ചെലവഴിക്കാം. രക്ഷിതാക്കൾ പരീക്ഷക്കാലയളവിൽ വീട്ടിലേക്കുള്ള അതിഥികളെ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകൾ ഒഴിവാക്കണം. ധൃതി പിടിച്ചുള്ള എമർജൻസി പഠനം ഒഴിവാക്കി, മനസ്സിലാക്കിയുള്ള ഈസി പഠനത്തിന് വിദ്യാർഥികൾ മുതിരണം. എല്ലാ അർത്ഥത്തിലും ചിട്ടയോടെയുള്ള പഠനം, പ്ലാനിങ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസികൾ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.
18. ടെൻഷനില്ലാതെ പരീക്ഷയെഴുതുമെന്ന ആത്മവിശ്വാസം എല്ലാ വിദ്യാർഥികൾക്കുമുണ്ടാകണം. അതിനുള്ള തീരുമാനവുമെടുക്കണം. പഠിക്കുന്ന സമയത്തു പരീക്ഷയുടെ വരും വരായ്കകളെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.
19. പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ വിദ്യാർഥിയോടൊപ്പം രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്. പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷ മുന്നൊരുക്കങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
20. ആരോഗ്യ മുൻകരുതലുകൾ
ആരോഗ്യ കരുതലുകൾ പരീക്ഷയ്ക്ക് മുമ്പ് ഏറെ പ്രാധാന്യമർഹിക്കുന്നു. ചൂടുകാലമായതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യവസ്തുക്കൾ, ഐസ്ക്രീം, ശീതീകരിച്ച ജ്യുസുകൾ, കാർബനേറ്റഡ് ലായനികൾ എന്നിവ ഉപേക്ഷിക്കാം. പഴങ്ങൾ, ഫ്രഷ് ജൂസ്, സാലഡുകൾ എന്നിവ കഴിക്കാം. കൂടുതൽ മാംസാഹാരങ്ങൾ കഴിക്കരുത്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം. ഓക്കാനം, ഛർദി, ദഹനക്കേട്, വയറിളക്കം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ചുമ എന്നിവ പൊതുവായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങളാണ്. ഇത് നിയന്ത്രിക്കാൻ ഭക്ഷണം, ഭക്ഷണക്രമം, പരിചരണം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ളതോ ശീതികരിച്ചതോ ആയ ഭക്ഷ്യവസ്തുക്കൾ, ജൂസുകൾ എന്നിവ ഉപേക്ഷിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം യഥേഷ്ടം കുടിക്കാൻ നൽകണം. ഐസ്ക്രീം പോലുള്ളവ പരീക്ഷ സീസണിൽ ഒഴിവാക്കുന്നതാണ് നല്ലത്. കഴിയുന്നതും സസ്യേതര ഭക്ഷ്യവസ്തുക്കൾ കുറയ്ക്കാം. എന്നാൽ മൽസ്യം കഴിക്കുന്നത് നല്ലതാണ്. ഉപ്പിട്ട ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടുതൽ എരിവ്, പുളി എന്നിവയുള്ള ഭക്ഷണം ഒഴിവാക്കണം. ഉറക്കം ഉപേക്ഷിച്ചു പഠിക്കുന്ന വിദ്യാർഥികളിൽ യഥാസമയം ഭക്ഷണം കഴിക്കാത്തതുമൂലം അസിഡിറ്റി കണ്ടുവരാറുണ്ട്. മോര്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടുതൽ മധുരമുള്ളതും എണ്ണ മയമുള്ളതുമായ ഭക്ഷണം പരീക്ഷ സീസണിൽ ഒഴിവാക്കണം. ബി കോംപ്ലക്സ് വൈറ്റമിനുകൾ ആവശ്യത്തിനനുസരിച്ചു കഴിക്കാം. പരീക്ഷ സമയത്തു പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം പാരസെറ്റമോൾ ഗുളിക കയ്യിൽ കരുതണം. അന്തരീക്ഷോഷ്മാവ് കൂടുതലായതിനാൽ കയ്യിൽ ടവൽ കരുതുന്നത് നല്ലതാണ്.
21.കോവിഡ് രോഗലക്ഷണമുള്ളവർ സ്കൂൾ അധികാരികളെ നേരത്തേ വിവരം അറിയിക്കണം. പ്രത്യേക സുരക്ഷയോടെ അവർക്ക് പരീക്ഷയെഴുതുവാനുള്ള സൗകര്യം ലഭിക്കും. ഒരിക്കലും രോഗലക്ഷണങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ പരീക്ഷയെഴുതരുത്. ആവശ്യമായ സാമൂഹിക സുരക്ഷാ നടപടികൾ അനുവർത്തിക്കുകയും വേണം.
22.ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. ഈ സമയത്തു മറ്റു സുഹൃത്തുക്കളോട് സംസാരിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ഒഴിവാക്കണം. പരീക്ഷയ്ക്ക് വേണ്ടി ദീർഘ നേരം പഠിക്കുമ്പോൾ ഇടയ്ക്കു കാപ്പിയോ ചായയോ കുടിക്കുന്നത് നല്ലതാണ്.
പഠിക്കുമ്പോൾ ഷോർട് നോട്ട്സ് തയാറക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്തു കൂടുതൽ ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക്ക് ചെയ്ത ബുക്ക് മാർക്ക് വയ്ക്കുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും. നോട്ട് ബുക്കിൽ കളർ പേന ഉപയോഗിച്ച് പ്രധാനപ്പെട്ട ഭാഗങ്ങൾ മാർക്ക് ചെയ്യുന്നത് ഏറെ ഉപകാരപ്രദമായിരിക്കും. എങ്ങിനെ പഠിക്കുന്നു? എന്നതും ഏറെ പ്രാധാന്യമർഹിക്കും. നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന പഠന സ്ഥലം തെരഞ്ഞെടുക്കണം. മൊബൈൽ ഫോൺ കയ്യിൽ വച്ച് പഠിക്കാനിരിക്കരുത്. പഠന മേശയ്ക്കുമുമ്പിൽ കസേരയിലിരുന്നു പഠിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കിടന്നു പഠിക്കാൻ ശ്രമിക്കുന്നത് ഉറക്കം വിളിച്ചുവരുത്തും.
23.രക്ഷിതാക്കൾ വിദ്യാർഥികൾക്ക് റിവിഷൻ സമയത്തു ആവശ്യമെങ്കിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ എല്ലായ്‌പോഴും പഠിക്കാൻ നിഷ്കർഷിക്കുന്ന രക്ഷിതാക്കൾ വിദ്യാർഥികളുടെ മനോവീര്യം കുറയ്ക്കുന്ന രീതിയിൽ കുറ്റപ്പെടുത്തരുത്. വീട്ടിൽ എല്ലായ്പ്പോഴും പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന പെരുമാറ്റം വിദ്യാർഥികളെ ഏറെ സന്തോഷപ്രദമാക്കാൻ സഹായിക്കും. പരീക്ഷ ഹാളിൽ കയറുന്നതിനുമുമ്പ് ടോയ്‌ലെറ്റിൽ പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി ടെൻഷനടിച്ചു പരീക്ഷയെഴുതുന്നത് മാർക്ക് കുറയ്ക്കാനേ ഇടവരുത്തൂ! അതിനാൽ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയാറെടുക്കണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും. വിദ്യാർഥികൾക്ക് പരീക്ഷാവിജയത്തിലുപരി ജീവിത വിജയമാണ് പ്രധാനം. അതിനാൽ എല്ലായ്‌പ്പോഴും പരമാവധി സന്തോഷത്തോടെയും, ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കണം.
24. NEET UG 24-ന്റെ പ്രധാന പാഠഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി
∙ തെർമോഡൈനാമിക്സ്, മോൾ ആശയം, പൂവിടുന്ന സസ്യങ്ങളുടെ രൂപഘടന
∙ തരംഗങ്ങളും ശബ്ദവും, രാസ, അയോണിക് സന്തുലിതാവസ്ഥ, പൂച്ചെടികളിലെ ലൈംഗിക പുനരുൽപാദനം
∙ കപ്പാസിറ്ററുകളും ഇലക്‌ട്രോസ്റ്റാറ്റിക്‌സും, ഇലക്‌ട്രോകെമിസ്ട്രി, ബയോടെക്‌നോളജിയും അതിന്റെ പ്രയോഗങ്ങളും
∙ മാഗ്നറ്റിക്സ് കോർഡിനേഷൻ, കെമിസ്ട്രി സെൽ സൈക്കിൾ
∙ വൈദ്യുതകാന്തിക ഇൻഡക്ഷൻ, കെമിക്കൽ ബോണ്ടിങ്, സെൽ ഡിവിഷൻ
∙ കിനിമാറ്റിക്സ് ,കെമിക്കൽ തെർമോഡൈനാമിക്സ്, ജൈവവൈവിധ്യവും സംരക്ഷണവും
∙ ഗ്രാവിറ്റേഷൻ, കെമിക്കൽ ഗതിവിഗതികൾ, മനുഷ്യ പുനരുൽപാദനം, പോഷകാഹാരം
∙ ഉയർന്ന സസ്യങ്ങളിൽ ഫ്ലൂയിഡ് ബയോമോളിക്യൂളുകളുടെ ഫോട്ടോസിന്തസിസ്
∙ ഹീറ്റ് പോളിമറുകൾ, ബയോ ഇക്കോണമി, ബയോ പോളിമറുകൾ,
∙ പകർച്ചവ്യാധികൾ, ഒപ്റ്റിക്സും ആധുനിക ഭൗതികശാസ്ത്രവും
(ലേഖകൻ വിദ്യാഭ്യാസ വിദഗ്‌ധനും ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രഫസറുമാണ്)