പ്രതീക്ഷിക്കുന്നതുപോലെ പെരുമാറാത്തതിന്റെ പേരിൽ സുഹൃത്തുക്കളെ ഉപേക്ഷിക്കാറുണ്ടോ?
Mail This Article
ഇഷ്ടപ്പെട്ടു വാങ്ങിയതാണെങ്കിലും കാലങ്ങൾ കഴിഞ്ഞപ്പോൾ പൂച്ച ഒരു ശല്യമായി അയാൾക്കു തോന്നി. അതിനെ കാട്ടിൽ കളയാൻ രാവിലെതന്നെ വീട്ടിൽ നിന്നിറങ്ങി. പക്ഷേ, നേരം ഇരുട്ടിയപ്പോഴാണ് തിരിച്ചെത്തിയത്. വസ്ത്രങ്ങളിൽ ചെളിപൂണ്ട് മടങ്ങിയെത്തിയ അയാളോടു താമസിച്ചതിന്റെ കാരണം ഭാര്യ തിരക്കി. അയാൾ പറഞ്ഞു: പൂച്ചയെ കാട്ടിൽ വിട്ടിട്ടു വരുമ്പോൾ വഴിതെറ്റി. പിന്നെ പൂച്ചയുടെ പിന്നാലെ നടന്നാണു വീട്ടിലെത്തിയത്. അതിനു വല്ലതും തിന്നാൻ കൊടുക്ക്.
ഒരുനാൾ പ്രിയപ്പെട്ടവരായിരുന്നവർ മറ്റൊരുനാൾ പ്രശ്നക്കാരാകാം. അത് ആരും മോശക്കാരായി മാറുന്നതുകൊണ്ടല്ല; സാഹചര്യങ്ങളിലും മനോഭാവങ്ങളിലും വ്യതിയാനം സംഭവിക്കുന്നതുകൊണ്ടാണ്. തത്സമയത്ത് ആവശ്യത്തിനു പകരിക്കുകയും സന്തോഷം പകരുകയും ചെയ്യുന്നവരെ എല്ലാവർക്കും വേണം. ഏതെങ്കിലുമൊരു സമയത്തു പ്രതീക്ഷിച്ച പ്രയോജനം ലഭിക്കാതിരുന്നാൽ അതുവരെ ലഭിച്ച എല്ലാ ഉപകാരങ്ങളും റദ്ദാകും.
ആരും എക്കാലവും ഒരുപോലെയല്ല പ്രതികരിക്കുന്നത്. തങ്ങളുടെ മാനസികാവസ്ഥയ്ക്കും ശാരീരിക സ്ഥിതിക്കു മനുസരിച്ചായിരിക്കും എല്ലാവരുടെയും ഇടപെടൽ. ഏറ്റവും ഇഷ്ടമുള്ളതിനെ പരിഗണിക്കുംപോലെ മറ്റൊന്നിനെ പരിഗണിക്കില്ല. തങ്ങൾക്കു ലഭിക്കുന്ന നേട്ടങ്ങൾക്കനുസരിച്ചും പെരുമാറ്റങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നും ഒരുപോലെ പ്രയോജനപ്പെടുന്നവയെ മാത്രമേ കൂടെനിർത്തൂ എന്നു വാശിപിടിച്ചാൽ ആരെങ്കിലുമുണ്ടാകുമോ ഒപ്പം നടക്കാൻ? ഊന്നുവടികളാകുന്നവർക്കും വിശ്രമവും വിനോദവും ആവശ്യമാണ്. അവരും തളരുകയും നിരാശപ്പെടുകയും ചെയ്യും. അവരുടെ സ്വയം പുനർനിർമാണത്തിനും തിരിച്ചുവരവിനും വേണ്ടി കാത്തിരിക്കാൻ തയാറാകാതെ വാടിപ്പോയതിന്റെ പേരിൽ വെട്ടിനശിപ്പിക്കാൻ തുടങ്ങിയാൽ പിന്നീടൊന്നു തളിർക്കാൻപോലും ആരും മെനക്കെടില്ല. സഹസഞ്ചാരം എപ്പോഴും ഒരുപോലെയല്ല. ചിലപ്പോൾ സന്തോഷം, ചിലപ്പോൾ സങ്കടം, ഒരിക്കൽ തണൽ, മറ്റൊരിക്കൽ കുളിർമഴ, ചിലനേരം നിശ്ശബ്ദത, ചില സമയം ആരവം. ഇതെല്ലാം ചേർന്നൊഴുകുമ്പോഴേ സൗഹൃദങ്ങളിൽ സ്വാഭാവികതയുണ്ടാകൂ.