ജേണലിസം പഠിക്കാൻ ‘മാസ്കോം
Mail This Article
അനന്തമായ കരിയർ സാധ്യതകളാണ് ജേണലിസം വാഗ്ദാനം ചെയ്യുന്നത്. നൈസർഗിക വാസനയുണ്ടെങ്കിൽ, ഐടി സാമർഥ്യവും ആധുനിക ജേണലിസത്തിലെ ട്രെൻഡുകളും ചിട്ടയാർന്ന പരിശീലനം വഴി സ്വായത്തമാക്കി, മികച്ച കരിയറിലേക്കു കടക്കാനാകും. മലയാള മനോരമയുടെ സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യത്തിന്റെ കരുത്തിൽ ജേണലിസം പരിശീലനം നൽകുന്ന പ്രശസ്ത സ്ഥാപനമാണ് മാസ്കോം. (MASCOM: Manorama School of Communication, Erayilkadavu, Kottayam - 686 001; ഫോൺ: 7356335999; mascom@manoramajschool.com; വെബ്: www.manoramajschool.com).
10 മാസത്തെ പിജി ഡിപ്ലോമ ഇൻ ജേണലിസം പ്രോഗ്രാമിൽ ഡിജിറ്റൽ / ബ്രോഡ്കാസ്റ്റ് / പ്രിന്റ് മേഖലകളിലെ ഏറ്റവും പുതിയ അറിവുകളും ശേഷികളും ആർജിക്കാൻ ഉതകുന്ന വിദഗ്ധപരിശീലനം ലഭിക്കും.
ഇംഗ്ലിഷ്, മലയാളം കൈവഴികളിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. പ്രവേശനത്തിന് ഓൺലൈനായി 500 രൂപ ഫീസടച്ച് മേയ് 10 വരെ അപേക്ഷിക്കാം. ഓഫ്‌ലൈൻ അപേക്ഷകർ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് MASCOM എന്ന പേരിൽ കോട്ടയത്തു മാറാവുന്ന 500 രൂപയുടെ ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മികച്ച അക്കാദമിക ചരിത്രം, ആനുകാലിക സംഭവങ്ങളിൽ താൽപര്യം, ആകർഷകമായി എഴുതാനുള്ള കഴിവ്, ജേണലിസം സ്വന്തം കരിയറാക്കുന്നതിൽ അഭിനിവേശം എന്നിവ വേണം. 1,25,000 രൂപ മൊത്തം കോഴ്സ് ഫീ 75,000 / 50,000 എന്നിങ്ങനെ 2 ഗഡുക്കളായി അടയ്ക്കാം. 18% ജിഎസ്ടി പുറമേ. ക്ലാസ്റൂം പഠനം, ഫീൽഡ് ട്രിപ്പുകൾ, പ്രമുഖരുമായുള്ള മുഖാമുഖങ്ങൾ എന്നിവയ്ക്കു പുറമേ ഭാഷാപരിചയം, റിപ്പോർട്ടിങ്, എഡിറ്റിങ്, അതിവേഗ എഴുത്ത്, ലാബ് പേപ്പറുകൾ, ന്യൂസ് ബുള്ളറ്റിനുകൾ, കംപ്യൂട്ടർ ഉപയോഗം, ആങ്കറിങ്, വിഡിയോഗ്രഫി, ഡിജിറ്റൽ ജേണലിസം തുടങ്ങിയവയിലും ആവശ്യാനുസരണം പരിശീലനം നൽകും. ദിനപത്രം, ഡോക്യുമെന്ററി, സ്റ്റുഡിയോ അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവ തയാറാക്കുന്നതടക്കമുള്ള പ്രായോഗികപ്രവർത്തനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. മുൻ ബാച്ചുകളിലുണ്ടായിരുന്നവർക്ക് മികച്ച പ്ലേസ്മെന്റാണ് ലഭിച്ചത്.
∙ ഓൺലൈൻ പരീക്ഷ മേയിൽ
സിലക്‌ഷന്റെ ഭാഗമായി മേയ് 19ന് ഓൺലൈൻ എഴുത്തുപരീക്ഷയുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലും പരീക്ഷ നടത്തും. ഭാഷാപ്രാവീണ്യവും പൊതുവിജ്ഞാനവും വിലയിരുത്തും. ഇതിൽ മികവുള്ളവരെ ജൂൺ ആദ്യവാരം ഓൺലൈനായി ഇന്റർവ്യൂ ചെയ്ത്, അന്തിമ സിലക്‌ഷൻ. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിച്ച് ജൂലൈ 10നു ക്ലാസ് തുടങ്ങും. കൂടുതൽ വിവരങ്ങൾക്കു സൈറ്റ് നോക്കുകയോ മാസ്‌കോമുമായി ബന്ധപ്പെടുകയോ ആകാം.