സിനിമയെടുക്കാൻ പഠിക്കാം: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 6 പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം
Mail This Article
സംസ്ഥാന സർക്കാരിനു കീഴിലുള്ള കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 22 വരെ അപേക്ഷിക്കാം (www.krnnivsa.com). 3 വർഷമാണു കോഴ്സ് കാലാവധി.
പ്രോഗ്രാമുകൾ
1. സ്‌ക്രിപ്‌റ്റ് റൈറ്റിങ്
& ഡയറക്‌ഷൻ
2. എഡിറ്റിങ്
3. സിനിമറ്റോഗ്രഫി
4. ഓഡിയോഗ്രഫി
5. അനിമേഷൻ & വിഷ്വൽ
ഇഫക്ട്സ്
6.ആക്ടിങ്
ഓരോന്നിനും 10 വീതം ആകെ 60 സീറ്റ്. ഇംഗ്ലിഷിലാണു ക്ലാസ്. ക്യാംപസിൽ താമസിക്കണം.
സർവകലാശാലാ ബിരുദമാണു യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
സിലക്‌ഷൻ
രണ്ടുഘട്ടമായാണു പ്രവേശന നടപടി.(1) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ ജൂൺ 16 നു പ്രാഥമിക പരീക്ഷ. ഇതിൽ 2 ഭാഗങ്ങൾ. (എ) പൊതുവിജ്‌ഞാനം ഒബ്ജക്ടീവ് ചോദ്യങ്ങൾ, ഒരു മണിക്കൂർ, 50 മാർക്ക്. തെറ്റിനു മാർക് കുറയ്ക്കില്ല. (ബി) വിശേഷ അഭിരുചി – സിനിമയെക്കുറിച്ചുള്ള ധാരണ പരിശോധിക്കും. (ഇതിന്റെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ). 2 മണിക്കൂർ, 100 മാർക്ക്. ഡിഗ്രി നിലവാരത്തിൽ ചോദ്യങ്ങൾ.
(2) പരീക്ഷയിൽ മികവു കാട്ടുന്നവർക്കു റാങ്കിങ്ങിനുള്ള ഇന്റർവ്യൂവും ഓറിയന്റേഷനും നടത്തും. ഓരോ പ്രോഗ്രാമിലേക്കും 30 പേരെ ക്ഷണിച്ചു വിലയിരുത്തി സിലക്‌ഷൻ നടത്തും. സംവരണക്രമം പാലിക്കും.
എൻട്രൻസ് പരീക്ഷ, റാങ്ക്‌ലിസ്റ്റ്, അലോട്മെന്റ് എന്നിവയുടെ ചുമതല എൽബിഎസ് സെന്ററിനാണ് (www.lbscentre.kerala.gov.in). പ്രവേശനസമയത്ത് 1,23,000 രൂപ വാർഷിക ഫീയടയ്ക്കണം. ഇതിൽ 30,000 രൂപ തിരികെ കിട്ടുന്ന ഡിപ്പോസിറ്റാണ്.
അപേക്ഷ
എല്ലാ പ്രോഗ്രാമുകൾക്കും പൊതുഅപേക്ഷയാണ്. 3 എണ്ണം വരെ അപേക്ഷിക്കാം. പ്രോസ്‌പെക്‌ടസും , റജിസ്ട്രേഷനും വെബ്സൈറ്റിൽ. അപേക്ഷ നൽകാനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിലെ 16–19 പുറം. ഹാർഡ് കോപ്പി അയയ്ക്കേണ്ട. അപേക്ഷാഫീ 2000 രൂപ ഓൺലൈനായി അടയ്ക്കാം.
പട്ടിക, ഭിന്നശേഷി, വനിത, എൽജിബിടിക്യു+ വിഭാഗക്കാർ 1000 രൂപ. ജിഎസ്ടി, ബാങ്ക് ചാർജ് പുറമേ.