ജീവിതത്തിൽ സന്തോഷം വേണോ?; ബുദ്ധിപരമായി തിരഞ്ഞെടുക്കാം രണ്ട് കാര്യങ്ങൾ
Mail This Article
ആ വയോധികൻ എന്നും വനാതിർത്തിയിലെ മരച്ചുവട്ടിൽ ധ്യാനനിരതനാണ്. സ്ഥിരം അതുവഴി മരംവെട്ടുകാരൻ നടന്നുപോയിരുന്നു. ഒരിക്കൽ വയോധികൻ അയാളോടു ചോദിച്ചു: നിങ്ങൾക്കു ജീവിക്കാനുള്ളത് ഇതിൽനിന്നു ലഭിക്കുന്നുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. വയോധികൻ പറഞ്ഞു: കുറച്ചുകൂടി നടന്നാൽ ചന്ദനമരങ്ങളുണ്ട്. മരംവെട്ടുകാരനു സന്തോഷമായി. അവ വെട്ടിവിറ്റപ്പോൾ വരുമാനം മൂന്നിരട്ടിയായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ വയോധികൻ പറഞ്ഞു: ചന്ദനമരങ്ങൾക്കപ്പുറം സ്വർണഖനിയുണ്ട്. അതു കണ്ടെത്തിയതോടെ അയാളുടെ കഷ്ടപ്പാടെല്ലാം മാറി. വയോധികൻ വീണ്ടും സഹായിച്ചു: അതിനുമപ്പുറം രത്നങ്ങളുണ്ട്. ആവശ്യത്തിനു രത്നങ്ങളുമായി അയാൾ വീട്ടിലേക്കു പോയി.
വർഷങ്ങൾക്കുശേഷം അയാൾ തിരിച്ചെത്തിയപ്പോൾ അത്രയ്ക്കു സന്തോഷവാനായിരുന്നില്ല. തനിക്ക് എന്തിന്റെയോ കുറവുണ്ട് എന്നയാൾ വയോധികനോടു പറഞ്ഞു. അദ്ദേഹം ചോദിച്ചു: ഇത്രയും നിധികളെക്കുറിച്ച് അറിവുണ്ടായിട്ടും ഞാനെന്തുകൊണ്ടാണ് ഈ മരച്ചുവട്ടിൽത്തന്നെ ഇരിക്കുന്നതെന്ന് ആലോചിച്ചാൽ നിന്റെ കുറവിനെക്കുറിച്ചു നിനക്കു ധാരണ കിട്ടും.
രണ്ടു തിരിച്ചറിവുകളാണ് ജീവിതഗതി തീരുമാനിക്കുന്നത്. മുൻപിലുള്ള സാധ്യതകൾ കണ്ടെത്തുക എന്നതാണ് ആദ്യത്തേത്. എന്നും കാണുന്നവയോടു മാത്രം പൊരുത്തപ്പെട്ടാൽ നിത്യവൃത്തിക്കുള്ളതു ലഭിക്കും, അധികം അലയുകയോ അധ്വാനിക്കുകയോ വേണ്ട. പക്ഷേ, ആ ശീലത്തിനു ചില പോരായ്മകളുണ്ട്. ഒരടികൂടി മുന്നോട്ടുവച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്ന അവസരങ്ങൾ നഷ്ടപ്പെടും.
നിലവിലുള്ളവയോടു മാത്രം പരിമിതപ്പെടുന്നവർ തങ്ങൾക്കെന്തിനൊക്കെ ശേഷിയുണ്ടെന്നുപോലും കണ്ടെത്തില്ല. ഒരു യാത്രയും ഒരിടത്തും അവസാനിക്കേണ്ടതല്ല. എത്തിച്ചേരുന്ന ഓരോ തീരത്തിനുമപ്പുറം എന്തെങ്കിലും പുതുമയുള്ള തുണ്ടാകും. അത്തരം പര്യവേക്ഷണങ്ങൾക്കു മുതിരാത്തവരുടെയെല്ലാം ജീവിതം വിരസവും ശൂന്യവുമായിരിക്കും.
സാധ്യതകൾ മുങ്ങിയെടുക്കാനുള്ള ആവേശത്തിനിടയിൽ നീന്തിത്തുടിക്കുന്നതിന്റെ ആനന്ദം കൈവിടരുത് എന്നതാണ് രണ്ടാമത്തെ തിരിച്ചറിവ്. സമ്പാദിച്ച സ്വത്തുക്കളും നേടിയ ബഹുമതികളും ഒരാളെ സന്തോഷവാനാക്കണമെന്നു നിർബന്ധമില്ല. അവസരങ്ങളുടെയും ഇഷ്ടങ്ങളുടെയും ബഹളത്തിനിടയിൽ തനിക്കനുയോജ്യമായതിനെ തിരഞ്ഞെടുക്കാനുള്ള കഴിവാണ് അനന്യത നഷ്ടപ്പെടാതെ ജീവിക്കാൻ ആളുകളെ പ്രാപ്തമാക്കുന്നത്.