ADVERTISEMENT

ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി / തുല്യയോഗ്യത നേടിയെങ്കിലും 11–ാം ക്ലാസിൽ ആഗ്രഹിച്ച പ്രവേശനം കിട്ടാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ്ടു നേടാനുള്ള സൗകര്യം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള. (SCOLE- KERALA: State Council for Open and Lifelong Education - Kerala, Vidyabhavan, Poojappura, Thiruvananthapuram-695 012; ഫോൺ: 0471 2342950; scolekerala@gmail.com. വെബ്: www.scolekerala.org).

പ്രവേശനത്തിന് ജൂലൈ 24 വരെ ഓൺലൈനായും 60 രൂപ പിഴയടച്ച് ജൂലൈ 31 വരെയും റജിസ്റ്റർ ചെയ്യാം. സൈറ്റിൽനിന്നു ജനറേറ്റ് ചെയ്തുകിട്ടുന്ന ചലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ പോസ്റ്റോഫിസുകളിൽ ഓഫ്‌ലൈനായി പണമടയ്ക്കാനും സൗകര്യമുണ്ട്. ഈ യോഗ്യത സാധാരണ ഹയർ സെക്കൻഡറിക്കു തുല്യം. അപേക്ഷകർ എസ്എസ്എൽസി / തുല്യയോഗ്യത നേടിയിരിക്കണം.

പ്ലസ് വൺ പ്രവേശനം ഇനി പറയുന്ന വിഭാഗങ്ങളിൽ
∙ഹയർ സെക്കൻഡറി – ഓപ്പൺ റഗുലർ: ഒന്നാം പാർട്ട് ഇംഗ്ലിഷ് നിർബന്ധം. രണ്ടാം പാർട്ടായി മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, കന്നഡ, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ലാറ്റിൻ, സിറിയക്, അറബിക്, ഉറുദു എന്നീ 12 ഭാഷകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മൂന്നാം പാർട്ടായി സയൻസ് (3), ഹ്യൂമാനിറ്റീസ് (4), കൊമേഴ്സ് (4) എന്നിങ്ങനെ 11 കോംബിനേഷനുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുത്തു പഠിക്കാം. സ്വയംപഠന സഹായികൾ, അവധിദിനങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ നടത്തുന്ന സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയുണ്ട്. മെഡിക്കൽ, എൻജിനീയറിങ് പഠനത്തിനാവശ്യമായ കോംബിനേഷനുകളുമുണ്ട്. തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങൾ. കോംബിനേഷൻ അനുസരിച്ച് മൊത്തം ട്യൂഷൻ ഫീ 2100 മുതൽ 4050 രൂപവരെ.

∙ ഹയർ സെക്കൻഡറി– പ്രൈവറ്റ് റജിസ്ട്രേഷൻ: ഒന്നും രണ്ടും പാർട്ടുകൾ ഓപ്പൺ ജനറലിലേതുതന്നെ. ഹ്യൂമാനിറ്റീസ് (5), കൊമേഴ്സ് (1) കോംബിനേഷനുകളിൽ മാത്രം. റജിസ്റ്റർ ചെയ്തു പരീക്ഷയെഴുതാം. 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസുകളുണ്ടായിരിക്കും. 11 ലെയും 12 ലെയും പരീക്ഷകളെഴുതണം. ഫീസ് 560 രുൂപ.
ഓപ്പൺ റഗുലർ വിഭാഗക്കാർക്ക് എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളുണ്ട് – ഓരോ വിഷയത്തിനും ഓരോ വർഷവും 30 മണിക്കൂർ വീതം. കൂടാതെ, പ്രാക്ടിക്കലുള്ള വിഷയങ്ങൾക്കു രണ്ടാം വർഷം 20 മണിക്കൂർ ലബോറട്ടറി ക്ലാസുകളും. സ്വയംപഠന സഹായികളും നൽകും. സാധാരണ ഹയർ സെക്കൻഡറി പരീക്ഷ തന്നെയാണ് സ്കോളുകാരും എഴുതേണ്ടത്. മെഡിക്കൽ പ്രവേശനമടക്കമുള്ള എല്ലാ അവസരങ്ങളും മറ്റ് പ്ലസ്ടുക്കാർക്കുള്ളതുപോലെ ലഭിക്കുകയും ചെയ്യും.

∙ഹയർ സെക്കൻഡറി – സ്പെഷൽ കാറ്റഗറി പാർട്ട് III: ഒരു സബ്ജക്ട് കോംബിനേഷനിൽ ഹയർ സെക്കൻഡറി ജയിച്ചവർക്ക് ഓപ്പൺ ജനറൽ വിഭാഗത്തിൽ, മുൻ റജിസ്ട്രേഷൻ റദ്ദു ചെയ്യാതെ തന്നെ, സ്കോൾ–കേരളയിൽ മറ്റൊരു കോംബിനേഷനിലെ വിഷയങ്ങൾ (പാർട്ട് III) പഠിക്കാം. മുൻപു ജയിച്ച വിഷയങ്ങളിലെ പരീക്ഷയെഴുതേണ്ടെങ്കിലും പുതിയ കോംബിനേഷനിൽ 2 വർഷവും പഠിക്കണം. ഫീസ് നിരക്കുകൾ വിജ്ഞാപനത്തിലുണ്ട്.

മറ്റു നിബന്ധനകൾ
എൻഐഒഎസ് സ്കീമുകാരും മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നിന്ന് 10–ാം ക്ലാസ് ജയിച്ചവരും യോഗ്യത സംബന്ധിച്ചു കേരള പരീക്ഷാബോർഡ് നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ.

ലക്ഷദ്വീപിൽ ‘ഓപ്പൺ റഗുലർ’ വിഭാഗമില്ല; പ്രൈവറ്റ് റജിസ്ട്രേഷനാകാം. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി / തുല്യകോഴ്സ് കുറെ പഠിച്ചു നിർത്തിയവർ അതിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയിട്ടു പുതുതായി റജിസ്റ്റർ ചെയ്യണം. ഇവർ ക്യാൻസലേഷൻ മെമ്മോയുടെ ഒറിജിനൽ സഹിതം വേണം പുതിയ അപേക്ഷ സമർപ്പിക്കാൻ.
ഓപ്പൺ റഗുലർ വിഭാഗക്കാർ 3 പഠനകേന്ദ്രങ്ങളും പ്രൈവറ്റ് റജിസ്ട്രേഷൻകാർ 10 പരീക്ഷാകേന്ദ്രങ്ങളും മുൻണനാക്രമത്തിൽ തിരഞ്ഞെടുക്കണം.

സമ്പർക്കക്ലാസുകൾ, പരീക്ഷ മുതലായവയുടെ അറിയിപ്പ് മൊബൈൽ ഫോൺ വഴിയായതിനാൽ, വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ നമ്പർ തന്നെ സമർപ്പിക്കണം. ഫീസ് അടച്ചുകഴിഞ്ഞ് അപേക്ഷ Confirm ചെയ്തതിനു ശേഷമേ അപേക്ഷയുടെ പ്രിന്റെടുക്കാൻ കഴിയൂ. ഓൺലൈൻ റജിസ്ട്രേഷനുശേഷം 2 ദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതതു ജില്ലാ ഓഫിസുകളിലെത്തിക്കണം. ഇതിന്റെ വിവരങ്ങൾ, സ്കൂളുകൾ എന്നിവയടക്കമുള്ള വിവരങ്ങൾ വെബ് സൈറ്റിൽ.

English Summary:

SCOLE-Kerala Offers Flexible Admissions Till July 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com