ബിരുദധാരികളാണോ?; കേന്ദ്ര സർവീസിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം
Mail This Article
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഈമാസം 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https://ssc.gov.in
ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം. 17,727 ഒഴിവ് പ്രതീക്ഷിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഒന്നാം ഘട്ട പരീക്ഷ (ടിയർ 1) സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലും രണ്ടാം ഘട്ടം (ടിയർ 2) ഡിസംബറിലും നടത്തും.
യോഗ്യത:
∙ ജൂനിയർ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസർ: സ്‌റ്റാറ്റിസ്‌റ്റിക്‌സ് പ്രധാന വിഷയങ്ങളിലൊന്നായി പഠിച്ച ഏതെങ്കിലും ബിരുദം. അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ് 60% മാർക്കോടെ നേടിയശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം.
∙ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2: സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദം.
ബിരുദപഠനത്തിന്റെ മൂന്നു വർഷവും സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
∙ റിസർച് അസിസ്റ്റന്റ് ഇൻ നാഷനൽ ഹ്യുമൻ റൈറ്റ്സ് കമ്മിഷൻ: അംഗീകൃത ബിരുദം, ഒരു വർഷം ഗവേഷണ പരിചയം, നിയമം/ഹ്യൂമൻ റൈറ്റ്സ് ബിരുദം അഭിലഷണീയം
∙ മറ്റു തസ്തികകളിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദം/തത്തുല്യം.
അപേക്ഷാഫീസ്:100 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കണം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്‌ക്കാം. നിർദേശങ്ങൾ വെബ്‌സൈറ്റിലുണ്ട്.
വനിതകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.
കേരള, കർണാടക റീജനിലെ (KKR) പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: കോഴിക്കോട് (9206), തൃശൂർ (9212),എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211)