ADVERTISEMENT

കണക്കിൽ അഭിരുചിയും ഉപരിപഠനതാൽപര്യവുമുള്ള വിദ്യാർഥികൾക്കു പ്രോത്സാഹനമേകുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം. കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനുമായി ചേർന്നാണ് മാത്തമാറ്റിക്സ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്– https://olympiads.hbcse.tifr.res.in,

1. ആദ്യഘട്ടം– ക്വാളിഫയർ: ആദ്യഘട്ടമായ 3–മണിക്കൂർ ക്വാളിഫയർ പരീക്ഷ മേഖലാടിസ്ഥാനത്തിൽ സെപ്റ്റംബർ 8ന് രാവിലെ 10 മുതൽ നടത്തും. കേരളത്തിലും കേന്ദ്രങ്ങളുണ്ടായിരിക്കും. താൽപര്യമുള്ള സ്കൂളുകൾക്കു കേന്ദ്രമായി 16 വരെ റജിസ്റ്റർ ചെയ്യാം. സെന്റർ വഴിയോ നേരിട്ടോ ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം, നവോദയ / കേന്ദ്രീയ വിദ്യാലയങ്ങൾ വഴി റജിസ്റ്റർ ചെയ്യാൻ ഫീസ് 180 രൂപ. മറ്റു സ്കൂളുകൾ വഴിയോ നേരിട്ടോ ആണെങ്കിൽ 300 രൂപ. ഫോമുൾപ്പെടെ റജിസ്ട്രേഷനുള്ള വിവരങ്ങൾ https://ioqm.manageexam.com എന്ന സൈറ്റിലുണ്ട്. ഈ ഘട്ടത്തിന്റെ ചുമതല മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ (ഇന്ത്യ) എന്ന സംഘടനയ്ക്ക് – www.mtai.org.in.
അപേക്ഷകരുടെ ജനനം 2005 ഓഗസ്റ്റ് ഒന്നിനു മുൻപോ 2012 ജൂലൈ 31 കഴിഞ്ഞോ ആകരുത്. നെഗറ്റീവ് മാർക്കില്ലാത്ത ഒഎംആർ പരീക്ഷ. 2 മാർക്കു വീതമുള്ള 10 ചോദ്യം, 3 മാർക്കു വീതമുള്ള 10 ചോദ്യം, 5 മാർക്കു വീതമുള്ള 10 ചോദ്യം. ആകെ 100 മാർക്ക്

2. രണ്ടാം ഘട്ടം – റീജനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാ‍ഡ്: നവംബർ 3ന്, ഉച്ചകഴിഞ്ഞ് 1 മുതൽ 4 വരെ. 6 ചോദ്യം. ഓരോന്നിലും തെളിവുകൾ വിവരിച്ചെഴുതി ബോധ്യപ്പെടുത്തണം

3. മൂന്നാം ഘട്ടം – ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാ‍ഡ്: 2025 ജനുവരി ഉച്ചയ്ക്കു 12 മുതൽ 4.30 വരെ (നാലര മണിക്കൂർ) 6 ചോദ്യം. ഓരോന്നിലും വിശദമായ തെളിവെഴുതി ബോധ്യപ്പെടുത്തണം.

മറ്റു വ്യവസ്ഥകൾ
കഴിഞ്ഞ വർഷത്തെ വ്യവസ്ഥകൾ സൈറ്റിലെ ബ്രോഷറിലുണ്ട്. ഇവയ്ക്കു വലിയ മാറ്റം വരില്ല. കൃത്യവിവരങ്ങൾ പിന്നീടറിയാം. ക്വാളിഫയർ പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം. 8, 9, 10, 11 ക്ലാസുകാരെ കാറ്റഗറി എ എന്നും 12–ാം ക്ലാസുകാരെ കാറ്റഗറി ബി എന്നും വിഭജിക്കും. ഇന്ത്യയെ 31 റീജനുകളായി വിഭജിച്ചിട്ടുണ്ട്. കേരളവും ലക്ഷദ്വീപും ചേർന്ന് ഒരു റീജൻ. ഓരോ റീജനിലും കാറ്റഗറി എയിൽ ഏറ്റവും മുകളിലെത്തുന്ന 200 പേരെയും കാറ്റഗറി ബിയിൽ ഏറ്റവും മുകളിലെത്തുന്ന 40 പേരെയും രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കും.

രണ്ടാം ഘട്ടത്തിൽ എ, ബി വിഭാഗങ്ങളിൽ ഏറ്റവും മുകളിലെത്തുന്ന 30 / 6 പേരെ മൂന്നാം ഘട്ടത്തിലെക്കു തിരഞ്ഞെടുക്കും. കാറ്റഗറി എയിൽ 5 പെൺകുട്ടികൾക്കു കൂടുതലായി സിലക്‌ഷൻ നൽകും.

മൂന്നാം ഘട്ടത്തിൽ ദേശീയതലത്തിൽ എ, ബി വിഭാഗങ്ങളിൽ ഏറ്റവും മുകളിലെത്തുന്ന 48 / 12 പേർക്ക് ഐഎൻഎംഒ അവാർഡ് നൽകും. കാറ്റഗറി എയിൽ കൂടുതലായി 5 പെൺകുട്ടികൾക്ക് അവാർഡ് നൽകും.

അവാർഡ് ലഭിച്ചവർക്കു മുംബൈയിൽ വച്ച് ഏപ്രിൽ– മേയ് മാസങ്ങളിലായി ഒരു മാസത്തെ വിശേഷ പരിശീലനം നൽകും. ഇവർക്കു സർട്ടിഫിക്കറ്റും സമ്മാനപ്പുസ്തകങ്ങളുമുണ്ട്. കൂടാതെ, സമർഥർക്ക് ഇന്റർനാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാ‍ഡ്, ഏഷ്യ–പസിഫിക് മാത്തമാറ്റിക്സ് ഒളിമ്പ്യാ‍ഡ്, യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാ‍ഡ് എന്നിവയിൽ വിദേശത്തു പോയി പങ്കെടുക്കാൻ അവസരം കിട്ടുകയും ചെയ്യും.സംശയപരിഹാരത്തിന്: Chief Coordinator of Examinations, Mathematical Olympiads, Homi Bhabha Centre for Science Education, Tata Institute of Fundamental Research, V. N. Purav Marg, Mankhurd, Mumbai-400088. ഫോൺ: 7483386697, ioqmhelpdesk2024@gmail.com.

English Summary:

Join the Maths Olympiad: Registration Open for Talented Young Mathematicians Until August 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com