എൽപി അധ്യാപക പരീക്ഷ: യുപിഎസ്ടി പരീക്ഷയെക്കാൾ കടുപ്പം, 50നു മുകളിൽ സ്കോർ കിട്ടിയാൽ പ്രതീക്ഷ
Mail This Article
എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ കഴിഞ്ഞദിവസം നടന്നു. യുപിഎസ്ടി പരീക്ഷയെക്കാൾ കടുപ്പമുള്ളതായിരുന്നു പരീക്ഷ. സൈക്കോളജി ഭാഗത്തുനിന്നുള്ള അഞ്ചോളം ചോദ്യങ്ങൾ വളരെ നന്നായി ആഴത്തിൽ പഠിച്ചവർക്കു മാത്രം ഉത്തരം എഴുതാൻ കഴിയുന്ന നിലവാരത്തിലുള്ളതായിരുന്നു. സയൻസിൽ, പ്രത്യേകിച്ചു ഫിസിക്സും താരതമ്യേന കടുപ്പമായിരുന്നു.
കട്ട് ഓഫ് മാർക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചില മേഖലകളിൽ നിന്ന് കടുപ്പമേറിയ ചോദ്യങ്ങൾ ഉണ്ടാകുന്നത്. ശരാശരി ഉദ്യോഗാർഥികളെ സംബന്ധിച്ച് 31 ചോദ്യങ്ങൾ എങ്കിലും സ്കിപ് ചെയ്യേണ്ടവയായിരുന്നു. നന്നായി അറിയാവുന്നവയ്ക്കു മാത്രം ഉത്തരം എഴുതി ബാക്കിയുള്ളവ സ്കിപ് ചെയ്യാതെ, മുഴുവൻ എഴുതണമെന്ന വാശിയുമായി മുന്നോട്ടു പോയവർ നെഗറ്റീവ് മാർക്കിലേക്കു വീഴും.
യുപിഎസ്ടി പരീക്ഷയിൽ 55നും 65നും ഇടയിലാണ് കട്ട് ഓഫ് മാർക്ക് പ്രതീക്ഷിക്കുന്നത്; എൽപിയിൽ 40നും 50നും ഇടയിലും. 50 മാർക്കിനു മുകളിൽ സ്കോർ ചെയ്യാൻ കഴിഞ്ഞവർക്ക് ഇതൊരു സുവർണാവസരമാണ്. ഇതിനു മുൻപത്തെ യുപി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 64 മാർക്ക് കിട്ടിയവർ പോലും നിയമനമാകാതെ പുറത്തുനിൽക്കുമ്പോൾ കഴിഞ്ഞ എൽപി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 62 മാർക്ക് നേടിയവർ സർവീസിൽ കയറി ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.