സമ്മർദ്ദം ഒഴിവാക്കാൻ ജോലി മാറുന്നത് നല്ലതോ ചീത്തയോ?
Mail This Article
ആശിച്ചു മോഹിച്ചൊരു ജോലി കിട്ടിയിട്ട് സമ്മർദ്ദത്തിന്റെ പേരിൽ അതുപേക്ഷി ക്കേണ്ടി വന്നാലോ?. അതിൽപ്പരം വിഷമം വേറെയുണ്ടാകാനില്ല. ജോലിയിലെ സമ്മർദ്ദം അധികരിക്കുമ്പോൾ ചിലരെങ്കിലും എടുത്തു ചാടി ജോലിയുപേക്ഷിച്ചാലോയെന്ന് ആലോചിക്കാറുണ്ട്. പക്ഷേ അതൊരു ശ്വാശത പരിഹാരമല്ലെന്നാണ് കരിയർ വിദഗ്ധർ പറയുന്നത്. നിലവിലെ ജോലിയുപേക്ഷിച്ച് പുതിയ ജോലിയിലേക്ക് ചേക്കേറിയാൽ ഒരു പക്ഷേ അവിടെയും സ്ഥിതി വ്യത്യസ്തമാകണമെന്നില്ലെന്ന് അവർ ഓർമിപ്പിക്കുന്നു. മാറേണ്ടത് ജോലിയല്ലെന്നും മനോഭാവമാണെന്നും പറഞ്ഞുകൊണ്ട് ജോലി തിരഞ്ഞെടുക്കു മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവർ വിശദീകരിക്കുന്നതിങ്ങനെ :- ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ വെല്ലുവിളികളുണ്ട്. സാമ്പത്തിക നേട്ടം, ജോലി സ്ഥിരത, കഴിവ് തെളിയിക്കാനാവുമോ എന്ന സംശയം എന്നിങ്ങനെ ഒട്ടേറെ ആശങ്കകൾ. കരിയർ തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ഈ വെല്ലുവിളികൾ എന്നതാണ് യാഥാർഥ്യം. 10–15 വർഷം കഴിയുമ്പോൾ ലോകം എങ്ങനെയായിരിക്കും എന്ന് ഒരാൾക്കും പ്രവചിക്കാനാവില്ല. ഇപ്പോൾ ചെയ്യുന്ന ജോലി അന്ന് പ്രസക്തമായിരിക്കുമോ എന്നും പറയാനാവില്ല.
ജോലിയിൽ സംതൃപ്തിയില്ല
ഏതെങ്കിലുമൊരു ജോലി ചെയ്തു ജീവിക്കു ന്ന ലോകത്തിലെ 40 ശതമാനം പേരും അടുത്ത 5 വർഷത്തിനുള്ളിൽ ജോലി നഷ്ടപ്പെടുമോ എന്നു ഭയക്കുന്നവരാണ്. പുതിയ തലമുറയിലുള്ളവർക്ക് ജോലിയും പഠനവും ഒരുമിച്ചുകൊണ്ടുപോകുന്ന തിന്റെ വെല്ലുവിളികളുമുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ അസംതൃപ്തരായവരുടെ എണ്ണം നാൾക്കുനാൾ കൂടുകതന്നെയാണ്. ഇൻഡീഡ് എന്ന സ്ഥാപനം 2019 ൽ നടത്തിയ സർവേ അനുസരിച്ച് അമേരിക്കയിലെ പകുതിയിൽ അധികം പേരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ജോലി മാറിയവരാണ്. മികച്ച ശമ്പളം തേടിയാണ് ചിലര് മാറിയതെങ്കിൽ സമ്മർദം ഒഴിവാക്കാൻ വേണ്ടി ജോലി മാറിയവരുമുണ്ട്. വളരാൻ സാധ്യതയുള്ള മേഖലകൾ നോക്കി ജോലി മാറിയവരുടെ എണ്ണവും കുറവല്ല. 78 ശതമാനം പേരും പറയുന്നത് ഒരേ അഭിപ്രായമാണ്– നിലവിലെ ജോലിയിൽ സംതൃപ്തരല്ലെന്ന സത്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കളം പിടിക്കുമോ?
പഠനം കഴിഞ്ഞ് ജോലി തേടുമ്പോൾ, ആദർശങ്ങൾക്കും മൂല്യങ്ങൾക്കുമനുസരി ച്ചുള്ള ജോലിയായിരിക്കും ഒരു ഉദ്യോഗാർഥിയുടെ മനസ്സിലുണ്ടാവുക. എന്നാൽ, അങ്ങനെയൊരു ജോലി ലഭിക്കുക എന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് കണക്ക് പ്രകാരം 16 വർഷം ജോലി ചെയ്താൽ മാത്രമേ ഒരാൾക്ക് സർജൻ ആകാൻ കഴിയൂ. അതിനിടെ ജോലി മാറിയാൽ കാലദൈർഘ്യം വീണ്ടും കൂടിയേക്കാം. പല വിദ്യാർഥികളും ആശങ്കയോടെയാണ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നത്. സാങ്കേതിവിദ്യ ത്വരിതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്നു കാണുന്ന പല ജോലികളും അതേ രീതിയിൽ നാളെയും തുടരണമെന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യർക്ക് വലിയതോതിൽ വെല്ലുവിളിയുയർത്തിക്കൊണ്ടിരിക്കുന്നു. ബാങ്കിൽ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ഇനി എത്രനാൾ അതേസ്ഥാനത്ത് കാണുമെന്ന് ആർക്കും പറയാനാവില്ല. വിദൂരമല്ലാത്ത ഭാവിയിൽ അവരുടെ സ്ഥാനം യന്ത്രങ്ങൾ സ്ഥാനം പിടിച്ചേക്കാം.
ഇഷ്ടജോലിക്ക് ശമ്പളം കുറവ്
ഇഷ്ടമുള്ള ജോലി തന്നെ കിട്ടാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. അഗ്നിരക്ഷാ സേനയിൽ ജോലി ചെയ്യണമെന്ന് ഒരാൾ ആഗ്രഹിച്ചേക്കാം. എന്നാൽ അതിനുള്ള യോഗ്യതയില്ലെങ്കിൽ ആ ജോലി എങ്ങനെ കരസ്ഥമാക്കും. ലോകം ചുറ്റിനടന്നുകാണാൻ കഴിയുന്ന ജോലി,മൃഗങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളെ ആപത്തിൽ സഹായിക്കുന്ന ജോലി അങ്ങനെ ഇഷ്ടങ്ങൾ പലർക്കും പലതാണ്. എന്നാൽ, അത്തരം ജോലികൾക്ക് സാമ്പത്തിക നേട്ടം കുറവാണെങ്കിലോ. ഒടുവിൽ ജീവിക്കാൻ വേണ്ടി മറ്റൊരു തൊഴിൽ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. അസംതൃപ്തിയും തുടരുന്നു. കുടുംബത്തിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടെങ്കിൽ , ജോലി തിരഞ്ഞെടുക്കുക എന്നത് കുറേക്കൂടി ബുദ്ധിമുട്ടേറിയതായും മാറാം.
അവസരങ്ങൾ സൃഷ്ടിക്കാം
ഒരു ഉദ്യോഗാർഥിയെ സംബന്ധിച്ചിട ത്തോളം ലക്ഷ്യമാണ് പ്രധാനം. സാമ്പത്തിക താൽപര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും പരിഗണനകൾ തന്നെയാണ്. ഒരു ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കിൽ അുതമായി ബന്ധപ്പെട്ട കരിയർ തിരഞ്ഞെടുക്കുന്നതാകും നല്ലത്. മേക് അപ് ആർട്ടിസ്റ്റ് ആകാനാണ് ആഗ്രഹമെങ്കിലും അതുമായി ബന്ധപ്പെട്ട കരിയർ കണ്ടുപിടിക്കണം. ഇത് എല്ലാ ജോലികൾക്കും ബാധകമാണ്. തുടക്കക്കാർ മുൻഗണനകൾ വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ തുറന്ന മനസ്സാണ് വേണ്ടത്. അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് നിങ്ങൾ ഒരിക്കലും എത്താൻ പോകുന്നില്ല. നിരന്തരമായി കഴിവുകൾ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനം. അവസരങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ അവ സൃഷ്ടിക്കാനും കഴിയണം. 32 വയസ്സ് എത്തുംമുമ്പ് സാധാരണ ഒരാൾ നാലു ജോലിയെങ്കിലും അമേരിക്കയിൽ മാറിയിട്ടുണ്ടാകും.
തിരഞ്ഞെടുപ്പ് തെറ്റിയെന്നുറപ്പു ണ്ടെങ്കിൽ ജോലി മാറാം
തെറ്റായ തിരഞ്ഞെടുപ്പാണ് നടത്തുന്നതെങ്കിലും ആശങ്കപ്പെടേണ്ട, ശരിയായ തീരുമാനത്തിന് സമയമുണ്ട്. തുടക്കത്തിലെ പരിഗണനകൾ പിന്നീട് മാറാമെന്ന സാഹചര്യവുമുണ്ട്. നിലവിൽ എന്തു ചെയ്യാനാകും എന്നാണ് ചിന്തിക്കേണ്ടത്. ഭാവിയിലേക്ക് ചെറിയ ചുവടുകളുമായി മുന്നേറുക. സ്വയം എന്താണെന്നും എന്തു ചെയ്യാനാവുമെന്നും എങ്ങനെയാണെങ്കിൽ ജോലി ആസ്വദിക്കാനാവുമെന്നും ചിന്തിച്ചു തീരുമാനിക്കുക. ചില ജോലികൾക്ക് കുറേയേറെക്കാലത്തെ പഠനം വേണ്ടിവരും. പഠനത്തിനുശേഷം ഇന്റേൺഷിപ്, പരിശീലനം എന്നിവയും വേണ്ടിവന്നേക്കാം. മറ്റു ചില ജോലികൾ രാത്രിയിൽ ചെയ്യേണ്ടവയായിരിക്കും. കൂടുതലായി യാത്ര ചെയ്യേണ്ട ജോലികളും ഉണ്ടാവും. ജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുക എന്നതാണ് പ്രധാനം. നഴ്സുമാരിൽ 50 ശതമാനം പേരും തുടക്കത്തിൽ അധികസമയം ജോലി ചെയ്യേണ്ടിവരും. എവിടെ, ഏതു സമയത്ത്, ഏതു രൂപത്തിൽ ജോലി ചെയ്യണം എന്ന് ആലോചിക്കുക. കരിയർ തിരഞ്ഞെടുക്കും മുമ്പ് ആഴത്തിലുള്ള ഗവേഷണം നടത്തുക. ശമ്പളം, ജോലിയുടെ സ്വഭാവം, സമയം, ഭാവി സാധ്യതകൾ എല്ലാം മനസ്സിൽ വിലയിരുത്തുക. ഏറ്റവും പ്രധാനമായി സ്വന്തം അഭിരുചികൾക്ക് അനുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അത്തരമൊരു ജോലിയിലൂടെ മാത്രമേ നിങ്ങൾക്കും സ്ഥാപനത്തിനും വളരാൻ കഴിയൂ.