ADVERTISEMENT

കോളജിൽ ആദ്യവർഷം ചേർന്നപ്പോഴാണ് സ്വാതിയുടെ അച്ഛൻ മരിച്ചത്. 17 വയസ്സായി രുന്നു അന്ന് സ്വാതിക്ക്. സഹോദരൻ ഉൾപ്പെടെ 3 പേരുള്ള കുടുംബത്തെ പിന്നീട് നോക്കിയത് അമ്മയാണ്. കൊല്ലം ചിന്നക്കടയിൽ ജില്ലാശുപത്രിയിൽ ഇഎൻടി സർജനായിരുന്ന ഡോ. ബാഹുലേയന്റെ യും ശ്രീനാരായണ പോളിടെക്‌നിക് കോളജിൽ പ്രഫസറായിരുന്ന (ഇപ്പോൾ റിട്ടയേഡ്) അമ്പിളി ബാഹുലേയന്റെയും മകളാണ് സ്വാതി. കൊല്ലം അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എൻ‍ജിനീയറിങ്ങിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഒന്നാംവർഷ വിദ്യാർഥിയായിരിക്കെയാണ് അച്ഛന്റെ മരണം നടന്നത്. ജോലി നേടണമെന്നും സെറ്റിൽ ആകണമെന്നുമുള്ള ചിന്ത അന്നേ തുടങ്ങിയെന്ന് സ്വാതി പറയുന്നു.

കൊല്ലത്തുനിന്നു സ്കൂൾ പഠനം നടത്തിയ സ്വാതിക്ക് കോളജിലെത്തിയതോടെ ഒരുപാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി പരിചയപ്പെടാനായി. അത്രയ്ക്ക് ഉന്നതമായ ബുദ്ധിശക്തിയോ സ്മാർട്നെസോ ഉള്ളയാൾ ആയിരുന്നില്ല താനെന്ന് സ്വാതി പറയുന്നു. എന്നാൽ കാര്യങ്ങൾ മികവോടെയും സമയമനുസരിച്ചും ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. ഇതാണു തന്റെ വിജയരഹസ്യം. എന്നാൽ ഏതെങ്കിലും ഒരു ജോലിയിൽ ഒതുങ്ങാനായിരുന്നില്ല ആഗ്രഹം. മികച്ചതും സ്വപ്നതുല്യവുമായ ജോലി...ഇതായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യം സ്വാതി പൂർത്തീകരിച്ചത് കോളജ് പഠനത്തിനിടെ അശ്രാന്ത പരിശ്രമം നടത്തിയാണ്. പഠനം ഒരു വഴിക്ക് നടക്കുന്നതിനിടെ തന്നെ സ്വപ്നതുല്യമായ ഒരു കരിയറിലേക്കുള്ള വഴി അവർ വേറെ വെട്ടിക്കൊണ്ടിരുന്നു. ബിരുദപഠനകാലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് സ്വാതിയുടെ വിജയം.

∙വലിയ സ്വപ്‌നങ്ങൾ
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനോട് പരിധിയിൽ കവിഞ്ഞ താൽപര്യം തനിക്കില്ലായിരുന്നെന്ന് സ്വാതി പറയുന്നു. ഡിഗ്രി നേടുക എന്നു മാത്രമേ ഇലക്ട്രിക്കലിനെപ്പറ്റി വിചാരിച്ചുള്ളൂ. എന്നാൽ ഈ സമയത്ത് തന്നെ എക്‌സ്ട്രാ കരിക്കുലറായി നിരവധി കാര്യങ്ങൾ ചെയ്തു. ദേശീയതലത്തിലും ഏഷ്യാതലത്തിലുമുള്ള സെമിനാറുകളിൽ കോളജ് സംഘത്തോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് ആത്മവിശ്വാസം കൂട്ടി. ധാരാളം പുരസ്‌കാരങ്ങളും ഈ സെമിനാർ വഴി നേടി. അക്കാലത്ത് ഇത്തരം മത്സരങ്ങളിൽ പങ്കെടുത്ത ധാരാളം പേരുമായി ഇന്റർനെറ്റ് വഴി പരിചയത്തിലായി. നമ്മുടെ ആറ്റിറ്റ്യൂഡും ജീവിതവും ചുറ്റുമുള്ളവരിൽ നിന്ന് സ്വാധീനിക്കപ്പെടുന്നതാണെന്ന് സ്വാതി പറയുന്നു. ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടവരുമായി അഭിപ്രായങ്ങൾ ചോദിക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

swathi
സ്വാതി ബാഹുലേയൻ.

കഴിയാവുന്നതിൽ ഏറ്റവും മികച്ചത് നേടണമെന്ന ആഗ്രഹം നയിച്ചു. വലിയ സ്വപ്‌നങ്ങളെപ്പറ്റി കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവരിൽ പലരും നീ ഒരുപാട് സ്വപ്‌നം കാണുന്നെന്നും അത് സാധ്യമാകില്ലെന്നും പറഞ്ഞ് കളിയാക്കി.പ്ലേസ്‌മെന്റ്,ഉന്നതപഠനം... ഇതുരണ്ടുമായിരുന്നില്ല സ്വാതിയുടെ ലക്ഷ്യം. മികച്ച ജോലിയിലെത്തുക, നന്നായി പണമുണ്ടാക്കുക. ഇതിനിടയിൽ ഐഐടി ഡൽഹിയിൽ കുറച്ചുമാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു പ്രോജക്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഐൻസ്റ്റൈൻ വിദ്യാർഥിയും അധ്യാപകനുമായി ചെലവഴിച്ച ഇടിഎച്ച് സൂറിക്കിൽ പിന്നീട് സ്വാതിക്ക് ഇന്റേൺഷിപ് ലഭിച്ചു.

swathi-02
സ്വാതി ബാഹുലേയൻ.

20 വയസ്സുള്ളപ്പോഴായിരുന്നു അത്. വേനൽക്കാലത്ത് അവിടെയെത്തി. അധികമൊന്നും യാത്ര ചെയ്യാത്ത സ്വാതിയെ സംബന്ധിച്ച് സ്വിറ്റ്‌സർലൻഡ് പോലുള്ള ഒരു രാജ്യത്ത് ഒറ്റയ്ക്കു പോയി ജീവിക്കുകയും സർവകലാശാലയിൽ ഇന്‌റേൺഷിപ്പെടുക്കുകയുമൊക്കെ തികച്ചും വിപ്ലവകരമായ മാറ്റങ്ങളായിരുന്നു. തിരികെ കോളജിലെത്തിയശേഷം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒരു പ്രബന്ധം തയാറാക്കി. കോളജിലെ ഒരു സുഹൃത്തുമൊത്തായിരുന്നു ഇത്. ഇത് ഐഇഇഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) പ്രസിദ്ധീകരിച്ചു. ഇതോടെ ഒരു രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട സയന്റിഫിക് പേപ്പർ സ്വാതിയുടെ പേർക്ക് വന്നു. വിവിധ കോൺഫറൻസുകളിലേക്ക് ക്ഷണം ലഭിച്ചു. ഇതിലൊന്ന് ദുബായിലായിരുന്നു.

ഫൈനൽ ഇയർ പ്രോജക്ട് ബന്ധപ്പെട്ട മേഖലയിലായതിനാൽ ജർമൻ എയ്‌റോസ്‌പേസ് സെന്ററിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. പ്രഫഷനലായി മികച്ച അനുഭവങ്ങൾ അവിടെനിന്നു ലഭി ച്ചെങ്കിലും കാലാവസ്ഥ, ഭാഷ എന്നിവ പ്രശ്‌നമായിരുന്നു. അതിനാൽ തന്നെ റിസർച് കാലാവധി പൂർത്തിയാ ക്കിയശേഷം കൊല്ലത്തേക്കു തിരികെയെത്തി. നല്ല വേതനം ആ ഇന്റേൺഷിപ് വഴി ലഭിച്ചിരുന്നു. നാട്ടിലെത്തി യശേഷം തൊഴിലവസരങ്ങൾ നോക്കാൻ തുടങ്ങി. വിമാനങ്ങൾ പണ്ടേ കമ്പമുള്ള മേഖലയായിരുന്നു. ഇത്തരത്തിൽ വിസിറ്റ് വീസയിൽ തൊഴിലന്വേഷിച്ച് ഒരിക്കൽ ദുബായിലെത്തിയപ്പോഴാണ് എമിറേറ്റ്‌സിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ ക്ഷണിച്ചിരിക്കുന്നത് കണ്ടത്. ഇതിന് അപേക്ഷിച്ചു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.എമിറേറ്റ്‌സ് കരിയർ ഗ്രൂപ്പ് സൈറ്റിൽ ജോബ് ഓപ്പണിങ്‌സ് സെക്ഷനിലായിരുന്നു അപേക്ഷ നൽകിയത്. 3 മാസത്തിനുള്ളിൽ ഇന്‌റർവ്യൂവിനുള്ള കോൾ ലെറ്റർ വന്നു. ദുബായിലായിരുന്നു ഇന്‌റർവ്യൂ. ഒരാഴ്ച നീണ്ട ഇന്‌റർവ്യൂ നടപടിക്രമങ്ങൾക്കൊടുവിൽ അക്‌സപ്റ്റൻസ് ലെറ്റർ കിട്ടി. നിലവിൽ എമിറേറ്റ്‌സിൽ സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ എന്ന തസ്തികയിലാണ് സ്വാതി. ഇപ്പോൾ 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കൂടുതൽ ബൃഹത്തായ പദ്ധതികളിൽ അണിചേരാനാണ് ഇപ്പോൾ സ്വാതിയുടെ ലക്ഷ്യം.

∙ ഭൂലോകം ചുറ്റി
സ്വിറ്റ്‌സർലൻഡ്, ദുബായ്, ജർമനി കൂടാതെ അമേരിക്ക, യൂറോപ്, സെൻട്രൽ ഏഷ്യ, മിഡിൽ ഈസ്റ്റ് മേഖലകളിലെ നിരവധി രാജ്യങ്ങൾ സന്ദർശിക്കാനായെന്നതാണ് ജീവിതത്തിലെ മറ്റൊരു നേട്ടമെന്ന് സ്വാതി പറയുന്നു. മിക്ക സമയത്തും എല്ലാം സ്വയം ചെയ്യേണ്ടിവന്നുവെന്ന് സ്വാതി പറയുന്നു. പണം ചെലവാക്കുന്നതു മുതൽ ആരോഗ്യസംരക്ഷണം വരെ സ്വയം ചെയ്യേണ്ടിവന്നു. കോളജ് കാലത്ത് പഠനത്തിനപ്പുറം കാര്യങ്ങൾ ചെയ്തത് സമയമില്ലായ്മയു മുണ്ടാക്കി. കുടുംബച്ചടങ്ങുകളി ലും മറ്റും പങ്കെടുക്കാൻ സമയം കിട്ടിയില്ല. കുടുംബാംഗങ്ങളുമായും അധികം സമയം ചെലവഴിക്കാൻ പറ്റിയില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം തനിക്കിതിനെല്ലാം സമയം കിട്ടുന്നുണ്ടെന്ന് സ്വാതി പറയുന്നു. അമ്മയും സഹോദരനുമായി താൻ മുൻപില്ലാത്ത വിധം അടുത്തബന്ധത്തിലാണെന്ന് സ്വാതി പറയുന്നു. ലോകമെമ്പാടും പരന്നുകിടക്കുന്ന സുഹൃദ്ശൃംഖലയും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളുമായി ഇന്നും തുടരുന്ന ബന്ധവും സ്വാതിക്കുണ്ട്. ന്യൂറോസയൻസിനെക്കുറിച്ച് പഠിക്കുന്നതാണ് ഇപ്പോൾ സ്വാതിയുടെ ഹോബി. റിട്ടയേഡ് ജഡ്ജിയും മുൻ പിഎസ്‌സി അംഗവുമായ കെ.തങ്കപ്പന്റെ പേരക്കുട്ടിയാണ് സ്വാതി. മുൻ സംരംഭകനായ സമ്പത്ത് ബാഹുലേയൻ സ്വാതിയുടെ സഹോദരനാണ്.

English Summary:

Dreams Take Flight: Swati's Incredible Path from Kollam to a Stellar Career with Emirates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com