ADVERTISEMENT

ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഞങ്ങള്‍ കരിയര്‍ വളര്‍ച്ചയ്ക്ക് എവിടെ ജോലി ചെയ്യണം എന്നത്. ഇതിന് ബഫറ്റ് നല്‍കുന്ന മറുപടി കരിയറിന്റെ ഏത് ഘട്ടത്തിലുള്ളവര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതാണ്. ആലീസ് ഷ്രോഡര്‍ എഴുതിയ വാറന്‍ ബഫറ്റിന്റെ ജീവചരിത്രത്തിലാണ് (ദ് സ്‌നോബോള്‍ വാറന്‍ ബഫ്റ്റ് ആന്‍ഡ് ദ് ബിസിനസ്സ് ഓഫ് ലൈഫ്) ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 

എവിടെ ജോലി ചെയ്യണം എന്ന് ചോദിക്കുന്നവരോട് വാറന്‍ ബഫറ്റ് നല്‍കുന്ന ഉപദേശം നിങ്ങള്‍ ഏറ്റവും ആദരിക്കുന്ന ആള്‍ക്കു വേണ്ടി ജോലി ചെയ്യൂ എന്നാണ്. അതായത് നിങ്ങളുടെ ഭാവി ബോസ് നിങ്ങളുടെ ആദരവ് നേടാന്‍ അര്‍ഹനായിരിക്കണം. നാം ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും ഓഫീസില്‍ ചെലവഴിക്കുന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ബഫറ്റ് അഭിപ്രായപ്പെടുന്നു. ഇനി അങ്ങനെ ശ്രേഷ്ഠരായ ബോസുമാരെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബഫറ്റ് പറയുന്നുണ്ട്. 

1. നേതാക്കള്‍ ബന്ധങ്ങളാല്‍ നയിക്കപ്പെടുന്നവര്‍
ജീവനക്കാരുടെ വിശ്വാസമാര്‍ജ്ജിച്ച മാനേജര്‍മാര്‍ അവരുമായി ശക്തമായ, ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുത്തവരായിരിക്കും. മേലധികാരിയുമായിട്ടുള്ള വ്യക്തിഗത ബന്ധമാണ് സ്ഥാപനവുമായുള്ള ഏറ്റവും അര്‍ത്ഥപൂര്‍ണ്ണ ബന്ധമെന്നും ബഫറ്റ് പറയുന്നു. മറുഭാഗത്ത് ബോസുമായിട്ടുള്ള മോശം ബന്ധം ജീവനക്കാരുടെ ആരോഗ്യത്തിനെ തന്നെ ബാധിക്കും. ഒന്നാമതായി ജോലിസ്ഥലം ഒരു നരകമായി അവര്‍ക്ക് തോന്നും. മാത്രമല്ല ഇത് ജോലി സ്ഥലത്ത് സമ്മർദ്ദമുണ്ടാക്കുകയും അത് വ്യക്തി, കുടുംബജീവിതത്തില്‍ അടക്കം പ്രതിഫലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മൊത്തത്തില്‍ കമ്പനിയിലെ ടീം വര്‍ക്കിനെയും മികച്ച പ്രകടനത്തെയും ഇവ ബാധിക്കും. മികച്ച നേതാക്കള്‍ അവരുടെ ടീമിലെ ഓരോരുത്തരുടെയും വ്യക്തിഗത സംഭാവനകളെ മാനിക്കുന്നവരായിരിക്കും. ടീമിലുള്ളവരുടെ താത്പര്യങ്ങള്‍, ആശങ്കകള്‍, സ്വപ്‌നങ്ങള്‍, ശക്തികള്‍, ലക്ഷ്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം അറിയാന്‍ അങ്ങനെയുള്ളവര്‍ക്ക് ആത്മാര്‍ത്ഥമായ താത്പര്യം ഉണ്ടാകും. 

2. നേതാക്കള്‍ റിസ്‌കെടുക്കാന്‍ സുരക്ഷിത ഇടമൊരുക്കും
ഒത്തിണക്കമുള്ള ടീമുകളുടെ രഹസ്യം കണ്ടുപിടിക്കുന്നതിന് ഗൂഗിളിലെ ഗവേഷകര്‍ ഒരിക്കല്‍ ശ്രമം നടത്തി. പ്രോജക്ട് അരിസ്‌ടോട്ടില്‍ എന്നു പേരിട്ട ഈ പഠനത്തില്‍ അവര്‍ കണ്ടെത്തിയ കാര്യം ഒരു ടീമിന്റെ വിജയം ആ ടീമിലുള്ളവരുടെ കഴിവിനേക്കാളും ആശ്രയിച്ചിരിക്കുന്നത് ആ ടീമിലെ അംഗങ്ങള്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിലാണ് എന്നാണ്. പരസ്പരം തെറ്റുകള്‍ വരുത്തുന്നതിന് ആ ടീമംഗങ്ങള്‍ക്ക് ഒരു മാനസിക സുരക്ഷിതത്വം തോന്നണം. റിസ്‌ക് എടുത്ത് ഒരു തെറ്റ് പറ്റിയാലോ, ഒരു ചോദ്യം ചോദിച്ചാലോ, പുതിയൊരു ആശയം അവതരിപ്പിച്ചാലോ തങ്ങള്‍ പരിഹസിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന് ടീമംഗങ്ങള്‍ക്ക് ഉറപ്പുണ്ടാകണം. അത്തരമൊരു സുരക്ഷിതത്വം ടീമംഗങ്ങള്‍ക്കു തോന്നിപ്പിക്കാന്‍ നേതാവിന് കഴിയണം. 

3. നേതാക്കള്‍ വിനയമുള്ളവരായിരിക്കും
ബഹുമാനിക്കാന്‍ തോന്നുന്ന ഒരു ബോസ് വിനയമുള്ളവരായിരിക്കും. അവരുടെ ശരീരഭാഷയിലെങ്ങും ധിക്കാരമോ ധാര്‍ഷ്ട്യമോ പ്രകടമാകില്ല. അവര്‍ അവരുടെ ഈഗോ മാറ്റിവച്ച് കമ്പനിയുടെ ഉയര്‍ച്ചയില്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കും.

Ulkazhcha Column - What does no pains no gains mean
Representative Image. Photo Credit : Deepak Sethi / iStockPhoto.com

4. ചുറ്റുമുള്ളവരെ കൂടുതല്‍ മെച്ചപ്പെട്ടവരാക്കും
നേതൃത്വം എന്നതു മറ്റുള്ളവര്‍ക്കുള്ള സേവനമാണെന്നു തിരിച്ചറിയുക. തൊഴിലാളിയുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഓരോ ദിവസവും എന്താണു താന്‍ ചെയ്യുന്നതെന്നു ശ്രേഷ്ഠരായ ബോസുമാര്‍ ചിന്തിച്ചു കൊണ്ടേയിരിക്കും. ജീവനക്കാരുടെ മുന്നിലെ തടസ്സങ്ങള്‍ നീക്കി അവരുടെ പ്രകടനം മെച്ചപ്പെടാന്‍ സഹായിച്ചു കൊണ്ടിരിക്കുന്നവനായിരിക്കും ശരിയായ നേതാവ്. 

English Summary:

Finding the Perfect Boss: Warren Buffett's 4 Essential Leadership Qualities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com