ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടിക പുറത്ത്‌ വിട്ട്‌ ടൈം മാഗസിന്‍. ജീവനക്കാരുടെ സംതൃപ്‌തി, വരുമാനത്തിലെ വർധന, പാരിസ്ഥിതിക, സാമൂഹിക, കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌ (ഇഎസ്‌ജി) ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ കമ്പനികളെ ടൈം മാഗസിനും സ്റ്റാറ്റിസ്റ്റ എന്ന ഡേറ്റ ഗാതറിങ്‌ കമ്പനിയും ചേര്‍ന്ന്‌ വിലയിരുത്തിയത്‌. ആപ്പിള്‍, ആക്‌സഞ്ചർ, മൈക്രോസോഫ്‌ട്‌ എന്നീ കമ്പനികള്‍ പട്ടികയില്‍ ആദ്യ മൂന്ന്‌ സ്ഥാനത്തെത്തി. ബിഎംഡബ്യു, ആമസോണ്‍, ഇലക്ട്രിസൈറ്റ്‌ ഡെ ഫ്രാന്‍സ്‌, അമേരിക്കന്‍ എക്‌സ്‌പ്രസ്‌, മെറ്റ പ്ലാറ്റ്‌ഫോംസ്‌, സീമെൻസ് , ജെപി മോര്‍ഗന്‍ ചേസ്‌ എന്നിവയാണ്‌ ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ്‌ കമ്പനികള്‍. പട്ടികയില്‍ 25-ാം സ്ഥാനത്താണെങ്കിലും ജീവനക്കാരുടെ സംതൃപ്‌തിയുടെ കാര്യത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ്‌ ഒന്നാം സ്ഥാനത്താണ്‌. 

ആദ്യ 100ല്‍ 49 എണ്ണവും അമേരിക്കന്‍ കമ്പനികളാണ്‌. ആദ്യ 100ലെ പതിനൊന്നെണ്ണം യുകെ കമ്പനികളും എട്ടെണ്ണം ഫ്രഞ്ച്‌ കമ്പനികളും ഏഴെണ്ണം ജർമന്‍ കമ്പനികളും നാലെണ്ണം വീതം സ്‌പാനിഷ്‌, നെതര്‍ലാന്‍ഡ്‌സ്‌ കമ്പനികളും മൂന്നെണ്ണം വീതം കനേഡിയന്‍, ഐറിഷ്‌ കമ്പനികളുമാണ്‌. ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രിയ എന്നിവിടങ്ങളിലെ രണ്ട്‌ കമ്പനികള്‍ വീതവും ആദ്യ 100ല്‍ ഇടം നേടി. ബ്രസീല്‍, സ്വീഡന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ഡെന്‍മാര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിന്നും ഒരു കമ്പനി വീതം ആദ്യ 100 സ്ഥാനങ്ങളില്‍ എത്തി. 

ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച്‌സിഎല്‍ടെക്‌ പട്ടികയില്‍ 112-ാം സ്ഥാനത്താണ്‌. ഇന്‍ഫോസിസ്‌ (119), വിപ്രോ (134), മഹീന്ദ്ര ഗ്രൂപ്പ്‌ (187) എന്നിവ ആദ്യ 200ല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികളാണ്‌. ആക്‌സിസ്‌ ബാങ്ക്‌ (504), സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(518), ഐസിഐസിഐ ബാങ്ക്‌ (525), ലാര്‍സൻ ആന്‍ഡ്‌ ടൂബ്രോ (549), കൊടക്‌ മഹീന്ദ്ര ബാങ്ക്‌ (551), ഐടിസി ലിമിറ്റഡ്‌ (586), ഹീറോ മോട്ടര്‍ കോര്‍പ്‌ (597), റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ (646), മതര്‍സണ്‍ ഗ്രൂപ്പ്‌ (697), അദാനി ഗ്രൂപ്പ്‌ (736), എന്‍ടിപിസി ലിമിറ്റഡ്‌ (752), യെസ്‌ ബാങ്ക്‌ (783), ബാങ്ക്‌ ഓഫ്‌ ബറോഡ (850), ഗോദ്‌റെജ്‌ ആന്‍ഡ്‌ ബോയ്‌സ്‌ (921), ബജാജ്‌ ഗ്രൂപ്പ്‌ (952), സിപ്ല (957), ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡ്‌ (987), എംആര്‍എഫ്‌ (993) എന്നിവയും ടൈംമിന്റെ  മികച്ച കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. ജീവനക്കാരുടെ സംതൃപ്‌തിയുടെ കാര്യത്തില്‍ ആല്‍ഫബറ്റിനും മൈക്രോസോഫ്‌ടിനും ആമസോണിനും ശേഷം നാലാമത്‌ എത്തിയെങ്കിലും ഇഎസ്‌ജി ഡേറ്റയുടെ കരുത്തില്‍ ആപ്പിള്‍ 97.75 ഓവറോള്‍ സ്‌കോറോടെയാണ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌. ആദ്യ 20ല്‍ ആറെണ്ണവും ഐടി ടെക്‌ കമ്പനികളാണെന്നതും ശ്രദ്ധേയമാണ്‌. 

English Summary:

Time Magazine's Top 100 Companies: A Celebration of Employee Satisfaction and ESG Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com