ADVERTISEMENT

ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതിവരുന്ന ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്യാറ്റ് (CAT 2024: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്). ഇതിനു സെപ്‌റ്റംബർ 20നു വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യാം. വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്. റജിസ്ട്രേഷൻ ഫീ 2500 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1250 രൂപ. ഓൺലൈനായി ഇതടയ്ക്കാം. എത്ര സ്‌ഥാപനങ്ങളിലേക്കു ശ്രമിക്കുന്നവരും ഈ തുകയടച്ചാൽ മതി. ഈ ടെസ്‌റ്റാണ് അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട് ഉൾപ്പെടെ 21 സ്‌ഥലങ്ങളിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് പ്രവേശനത്തിന്റെ ആദ്യഘട്ടം.

പ്രവേശനയോഗ്യത
ഏതെങ്കിലും ബിരുദം 50% എങ്കിലും മാർക്കോടെ നേടിയവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിദ്യാർഥികൾക്ക് 45% മാർക്ക്. പ്രഫഷനൽ അംഗത്വമടക്കം ബിരുദത്തിനു തുല്യമായ യോഗ്യതയായാലും മതി. നിശ്ചിത മാർക്കുള്ള സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി, ആക്ച്വറീസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗത്വമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രം 15, 7.5, 27, 10, 5 % സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ടെസ്റ്റ്
ഓൺലൈനിലല്ലെങ്കിലും കംപ്യൂട്ടർ ഉപയോഗിച്ചുള്ള 2 മണിക്കൂർ പരീക്ഷ നവംബർ 24നു (ഞായർ) 3 സെഷനുകളിലായി നടത്തും. യഥാക്രമം 8.30, 12.30, 4.30 എന്നീ സമയങ്ങളിൽ തുടങ്ങും. മൂന്നി ലെയും സ്കോറുകൾ നോർമലൈസ് ചെയ്ത് റാങ്ക് തീരുമാനിക്കും. പരീക്ഷയ്ക്ക് വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹൻഷൻ, ഡേറ്റാ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ്‌ എബിലിറ്റി എന്നിങ്ങനെ 3 ഭാഗങ്ങൾ. ഓരോ ഭാഗത്തിനും 40 മിനിറ്റ്. മൾട്ടിപ്പിൾ ചോയ്സിൽ ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. മൾട്ടിപ്പിൾ ചോയ്സ് രീതിയിലല്ലാത്ത ചോദ്യങ്ങളുമുണ്ട്. ഇവയ്ക്ക് ഉത്തരം ടൈപ്പ് ചെയ്തു ചേർക്കണം. ഇതിലെ തെറ്റിനു മാർക്ക് കുറയ്ക്കില്ല. കണക്കുകൂട്ടാൻ സ്ക്രീനിൽ കാൽക്കുലേറ്ററുണ്ട്.ഒക്ടോബർ അവസാനം പരിശീലന ടെസ്റ്റ് സൈറ്റിൽ വരും. നവംബർ 5ന് അഡ്മിറ്റ് കാർഡ് സൈറ്റിലെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയുൾപ്പെടെ ഇന്ത്യയിൽ ഉദ്ദേശം 170 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവയിൽ 5 എണ്ണം തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. പരീക്ഷാഫലം 2025 ജനുവരി രണ്ടാം വാരം പ്രസിദ്ധീകരിക്കും. 2025 ഡിസംബർ 31 വരെ ഈ ക്യാറ്റ് സ്കോർ ഉപയോഗിക്കാം.

പ്രവേശനം
ഓരോ ഐഐഎമ്മിനും തനതായ സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ വിശേഷ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, വിദ്യാർഥിയുടെ അക്കാദമികചരിത്രം, സേവനപരിചയം എന്നിവയും പരിഗണിച്ചാവാം തിരഞ്ഞെടുപ്പ്. ഈ ടെസ്‌റ്റിലെ പ്രകടനം പ്രവേശനത്തിനുപയോഗിക്കുന്ന ഐഐഎം ഇതര ബിസിനസ് സ്‌കൂളുകളുടെ ലിസ്റ്റ്, സംസ്ഥാനം തിരിച്ച് സൈറ്റിൽ വരും.

English Summary:

CAT 2024: Your Complete Guide to Cracking the IIM Entrance Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com