അത്ര എളുപ്പമല്ല ഫോൺ ഇന്റർവ്യൂ; 12 കാര്യങ്ങളിൽ വേണം ശ്രദ്ധ, കവറേജും ഇല്ലാതാക്കും അവസരം
Mail This Article
കുളിച്ചൊരുങ്ങി, ചീകിയ മുടിയും, തേച്ചുമിനുക്കിയ വസ്ത്രങ്ങളുമൊക്കെയായി ഒരു ഫയലും പിടിച്ച് ഇന്റര്‍വ്യൂവിനായി ഊഴം കാത്തിരിക്കുന്ന കാലമൊക്കെ എന്നോ മറഞ്ഞു പോയി. ഇപ്പോള്‍ പലയിടത്തും ഫോണിലും വീഡിയോ കോളിലുമൊക്കെയാണ് തൊഴിലിനുള്ള അഭിമുഖപരീക്ഷകള്‍ നടക്കുക. ഇതില്‍ തന്നെ പ്രാഥമിക ഘട്ടം പലരും നേരില്‍ കാണാതെ ഫോണില്‍ തന്നെയാണ് മിക്കവാറും പൂര്‍ത്തീകരിക്കുക.
സാധാരണ അഭിമുഖത്തെ അപേക്ഷിച്ച് തയ്യാറെടുപ്പ് സാമഗ്രികളെല്ലാം മുന്നില്‍ റെഡിയാക്കി വച്ച് വേണമെങ്കില്‍ നോക്കി വായിക്കാമെന്നതാണ് ഫോണ്‍ ഇന്റര്‍വ്യൂവിന്റെ ഒരു മെച്ചം. എന്നാല്‍ നമ്മുടെ ഉത്തരങ്ങള്‍ മതിപ്പുണ്ടാക്കിയോ എന്ന് അഭിമുഖകര്ത്താവിന്റെ മുഖം നോക്കി നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന ഒരു പോരായ്മയുണ്ട്. ഫോണില്‍ ഒരു അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സംഗതി കളറാക്കാമെന്ന് കരിയര്‍ കോണ്ടസയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
1. ആരാണ് വിളിക്കുന്നത്?
ആരാണ് നിങ്ങളെ അഭിമുഖം ചെയ്യാന്‍ വിളിക്കുന്നതെന്ന് അറിഞ്ഞു വയ്ക്കുന്നത് നന്നായിരിക്കും. ആ വ്യക്തിയെ പറ്റി ലിങ്ക്ഡ് ഇന്നിലും മറ്റും തിരഞ്ഞ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളാണോ എന്നെല്ലാം ഉറപ്പാക്കുക. പലപ്പോഴും ആദ്യ ഘട്ട ഇന്റര്‍വ്യൂവില്‍ റിക്രൂട്ടിങ് ടീമിലെ ആരെങ്കിലുമൊക്കെയാകും വിളിക്കുക. ഇതിനാല്‍ ലിങ്ക്ഡ് ഇന്‍ സേര്‍ച്ചില്‍ വലിയ പ്രയോജനം ലഭിക്കാറില്ല.
2. സമയം ക്രമീകരിക്കുന്നതില്‍ പ്രഫഷണലാകാം
അഭിമുഖം ഫോണ്‍ വഴിയാണെങ്കിലും ഇതിനുള്ള നിങ്ങളുടെ സമയവും തീയതിയും ചോദിച്ചു കൊണ്ടുള്ള അറിയിപ്പ് ഇമെയിലിലാകും ലഭിക്കുക. ഇതിനുള്ള മറുപടി കഴിവതും ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ അയക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒന്നിലധികം തീയതികളും സമയക്രമങ്ങളും നല്‍കുന്നത് അഭിമുഖം നടത്തുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. നിങ്ങളുടെ പ്രഫഷണലിസത്തില്‍ മതിപ്പ് തോന്നുകയും ചെയ്യും.
3. തൊഴിലിനെ കുറിച്ചുള്ള വിവരണം പ്രിന്റ് എടുത്ത് വയ്ക്കുക
തൊഴിലിനെ കുറിച്ച് വിജ്ഞാപനം ചെയ്ത് കമ്പനി നല്‍കിയിട്ടുള്ള വിവരണങ്ങള്‍ പ്രിന്റ് എടുത്ത് സസൂക്ഷ്മം വായിക്കുക. എന്തൊക്കെ നൈപുണ്യശേഷികളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നതെന്ന് കണ്ടെത്തുക. ഇത് നിങ്ങളുടെ തൊഴില്‍പരിചയവും നൈപുണ്യശേഷികളുമായി എത്ര മാത്രം യോജിക്കുന്നുണ്ടെന്ന് കണ്ടെത്തി, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തുക.
4. കമ്പനിയെ പറ്റി ഗവേഷണം
ലിങ്ക്ഡ് ഇന്‍, കമ്പനി വെബ്സൈറ്റ്, കമ്പനിയുടെ സാമൂഹിക മാധ്യമ പേജുകള്‍, കമ്പനിയെ കുറിച്ച് വന്ന വാര്‍ത്തകള്‍ എന്നിവയെല്ലാം വായിച്ചു നോക്കി സ്ഥാപനത്തെ പറ്റി ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇത് ഫോണ്‍ ഇന്റര്‍വ്യൂവില്‍ മാത്രമല്ല ഏതൊരു അഭിമുഖത്തിലും അത്യാവശ്യമാണ്. കമ്പനിയുടെ ദൗത്യം, ലക്ഷ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങള്‍, നേതൃനിരയിലെ പ്രമുഖര്‍, കമ്പനിയുടെ പ്രധാന ഉത്പന്ന, സേവനങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ധാരണയുണ്ടാക്കണം.
5. നിശ്ശബ്ദമായ ഇടം
അധികം ഒച്ചയും ബഹളവുമില്ലാത്തതും ഫോണിന് നന്നായി സിഗ്നല്‍ ലഭിക്കുന്നതുമായ ഇടം കണ്ടെത്തി ഫോണ്‍ അഭിമുഖത്തിന്റെ സമയത്ത് അവിടെ പോയിരിക്കുക. ഹെഡ് ഫോണുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പാക്കുക. അഭിമുഖവുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റും എടുക്കാനും പരതാനും എന്തെങ്കിലും കുറിക്കാനുമൊക്കെ കൈകളെ സ്വതന്ത്രമാക്കാനായി നിര്‍ബന്ധമായും ഹെഡ്ഫോണ് ഉപയോഗിക്കുക. വയറില്ലാത്ത ബ്ലൂടൂത്ത് ഹെഡ്സെറ്റ് എങ്കില്‍ അത്രയും നല്ലത്. കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കാനും പ്രതികരിക്കാനും ഹെഡ്ഫോണ് സഹായിക്കും. കാറിനുള്ളിലിരുന്നോ ബഹളമയമായ ഇടങ്ങളില്‍ ഇരുന്നോ അഭിമുഖത്തില്‍ പങ്കെടുക്കരുത്.
6. റെസ്യൂമെയും ലിങ്ക്ഡ് ഇന്‍ പ്രൊഫൈലും പ്രിന്റെടുത്ത് സൂക്ഷിക്കുക
പല ചോദ്യങ്ങളും നിങ്ങളുടെ റെസ്യൂമെയെ അടിസ്ഥാനപ്പെടുത്തിയാകുമെന്നതിനാല് ഇതിന്റെ ഒരു കോപ്പി കയ്യില്‍ സൂക്ഷിക്കുന്നത് സഹായകമാകും. നിങ്ങളുടെ നൈപുണ്യശേഷികളും തൊഴില്പരിചയവുമൊക്കെ വിശദമായി പ്രതിപാദിച്ച ലിങ്ക്ഡ് ഇന്‍ പ്രൊഫൈലും കൈയ്യില്‍ സൂക്ഷിക്കുക.
7. സൂപ്പര്‍ഫാസ്റ്റ് സംസാരം വേണ്ട
ഫോണ്‍ അഭിമുഖങ്ങളില്‍ നിങ്ങള്‍ പറയുന്നത് അങ്ങേത്തലയ്ക്കല്‍ ഉള്ളയാള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട് എന്നുറപ്പാക്കുക. നിങ്ങളുടെ സംസാരം അതിവേഗത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാന്തമായി നിര്‍ത്തി നിര്‍ത്തി മറുതലയ്ക്കലുള്ളയാള്ക്ക് വ്യക്തമായി കേള്‍ക്കുന്ന തരത്തില്‍ ആകണം സംസാരം. പുകവലിച്ചു കൊണ്ടോ ച്യൂയിങ് ഗം ചവച്ച് കൊണ്ടോ ഉത്തരങ്ങള്‍ നല്‍കരുത്.
8. തടസ്സപ്പെടുത്തലുകള്‍ അംഗീകരിക്കാം
ചിലപ്പോള്‍ നിങ്ങളൊരു ദീര്‍ഘമായ ഉത്തരം നല്‍കിക്കൊണ്ടിരിക്കുന്നതിനിടെ അഭിമുഖം ചെയ്യുന്നയാള്‍ ഇടയ്ക്ക് വച്ച് നിങ്ങളെ തടസ്സപ്പെടുത്തിയെന്നിരിക്കാം. ഈ തടസ്സപ്പെടുത്തലുകളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കരുത്. തടസ്സപ്പെടുത്തി കൊണ്ട് ചോദിക്കുന്ന ചോദ്യത്തില്‍ നിന്ന് അവരെന്താണ് നിങ്ങളില്‍ നിന്ന് കിട്ടാന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ഇതിനനുസരിച്ച് മറുപടി നല്‍കാം.
9. ആലോചിക്കാന്‍ സമയം തേടാം
എല്ലാ ചോദ്യത്തിനും ഉടനുടന്‍ ഉത്തരം നല്കാന് സാധിച്ചെന്ന് വരില്ല. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം മനസ്സില്‍ രൂപപ്പെടുത്താന്‍ കുറച്ച് സമയം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. പക്ഷേ, ഈ സമയം പരമാവധി ഒരു മിനിട്ടില്‍ കൂടരുത്. ഇതിനുള്ളില്‍ ചിന്തകളെ ക്രോഡീകരിച്ച് ആത്മവിശ്വാസത്തോടെ ഉത്തരം നല്‍കുക.
10. നോട്ടുകള്‍ കുറിക്കാം
അഭിമുഖത്തിനിടെ സുപ്രധാനമായ ചില കാര്യങ്ങള്‍ കുറിച്ച് വയ്ക്കാന്‍ ഒരു നോട്ട് ബുക്ക് കയ്യില്‍ കരുതുന്നത് നല്ലതാണ്. ഏതെങ്കിലും കാര്യത്തില്‍ കൂടുതല്‍ വിശദീകരണമോ വ്യക്തതയോ വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് രേഖപ്പെടുത്താം. അഭിമുഖത്തിന് ശേഷം നന്ദിയറിയിച്ചു കൊണ്ടുള്ള മെയില്‍ അയക്കുമ്പോഴും ഈ നോട്ടുകള്‍ സഹായകമാകും.
11. തിരികെ ചോദിക്കാന്‍ തയ്യാറായിരിക്കാം
പല അഭിമുഖത്തിന്റെ അവസാനവും നിങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് അഭിമുഖകര്‍ത്താക്കള്‍ തിരക്കാറുണ്ട്. ഇതിന് അനുയോജ്യമായ ചില ചോദ്യങ്ങള്‍ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അഭിമുഖത്തിനിടെ പറഞ്ഞു കഴിഞ്ഞതാണെങ്കില്‍ അത് ആവര്‍ത്തിക്കരുത്. . നിങ്ങളെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയേണ്ടതുണ്ടോ എന്നും അഭിമുഖകര്ത്താവിനോട് തിരക്കാം.
12. അഭിമുഖത്തിന് ശേഷം ഇ - മെയില്‍
അഭിമുഖത്തിന് ശേഷം അവരുടെ സമയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു ഇമെയില്‍ കമ്പനിക്ക് അയക്കാന്‍ മറക്കരുത്. റിക്രൂട്ടറുടെ ഇമെയില്‍ വിലാസമില്ലെങ്കില്‍ ഇത് അഭിമുഖത്തിനൊടുവില്‍ ചോദിച്ചറിയണം.