ADVERTISEMENT

അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കു ധാരാളം കഥകൾ പറഞ്ഞുകൊടുക്കണം. അധ്യാപനത്തിൽ കഥകൾക്കു  വളരെയേറെ പ്രസക്തിയുണ്ട്. ക്ലാസിൽ പഠിക്കുന്ന വിഷയം ചിലപ്പോൾ കുട്ടികൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിരിക്കും. കുട്ടികൾക്ക് അധ്യാപകൻ പറയുന്ന വിഷയത്തിൽ വേണ്ടപോലെ ശ്രദ്ധ പുലർത്താൻ കഴിഞ്ഞെന്നു വരില്ല. അവരുടെ ശ്രദ്ധ മറ്റു പലതിലേക്കും പാളിപ്പോകും. അപ്പോൾ  അധ്യാപകനു കഥയെന്ന പൊടിക്കൈ പ്രയോഗിക്കാനാകും. പഠിപ്പിക്കുന്ന വിഷയത്തിലേക്ക് ഒരു കഥ പ്രവേശിപ്പിക്കുക. കഥയിൽ താൽപര്യമില്ലാത്ത കുട്ടികളില്ലല്ലോ. പഠിക്കാൻ ഏറ്റവും പ്രയാസമുള്ള വിഷയമായി കരുതുന്നത് കണക്ക് ആണ്. മാത്തമാറ്റിക്സ് എല്ലാവരുടേയും തലച്ചോറിന് എളുപ്പം വഴങ്ങിക്കൊടുക്കുന്നില്ല. എന്നാൽ ചിലർക്കാകട്ടെ എളുപ്പം പഠിക്കാനുമാകും. രണ്ടാമത്തെ വിഷയം ഫിസിക്സ് ആണ്. ലോജിക് ഉള്ള തലകൾ ഫിസിക്സ് ഗ്രഹിക്കും. അല്ലാത്തവർക്കു ഫിസിക്സ് ഗഹനമായിരിക്കും.

പിന്നീടുള്ളത് ഇംഗ്ലിഷ് ഗ്രാമറാണ്. ഇംഗ്ലിഷ് ഗ്രാമർ ഇംഗ്ലിഷിന്റെ മാത്രം സംഭാവനയല്ല. അതിൽ കുറച്ചു ഗ്രാമർ ഡാനിഷും കുറച്ചു ജർമനും കുറച്ചു ലാറ്റിനുമാണ് അടങ്ങിയിരിക്കുന്നത്. പലപല ഭാഷകളിൽ നിന്ന് അംശങ്ങളെടുത്താണു ഗ്രാമർ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ഇംഗ്ലിഷ് ഗ്രാമറിനെ മോസ്റ്റ് ഫൂളിഷ് ഗ്രാമർ എന്നു വിളിക്കുന്നത്. സാധാരണ ക്ലാസിൽ ഒരു മണിക്കൂർ തുടർച്ചയായി ഗ്രാമർ പറഞ്ഞുകൊണ്ടിരുന്നതിനാൽ കുട്ടികൾ ഉറങ്ങിപ്പോകും. പഠിക്കാൻ ബുദ്ധിമുട്ടുള്ള നാലാമത്തെ വിഷയം ഫിലോസഫിയാണ്. ചിലരുടെ മനസ്സ് തത്വചിന്താപരമായിരിക്കും. അവർക്ക് ആ വിഷയം മനസ്സിലാക്കുന്നതിനു പ്രയാസമുണ്ടാകില്ല. മേൽപറഞ്ഞ നാലു വിഷയങ്ങളിൽ കുട്ടികൾക്കു താൽപര്യം ജനിപ്പിക്കണമെങ്കിൽ അധ്യാപകർ കഥകൾ പറഞ്ഞേ ഒക്കൂ. കഥയിലൂടെ അധ്യാപകർ ആ വിഷയത്തെ പുനരവതരിപ്പിക്കണം. പുട്ടിനു തേങ്ങാപ്പീര ഇടുന്നതുപോലെ എന്നൊരു പ്രയോഗമുണ്ടല്ലോ. അതുപോലെ ഇടയ്ക്കിടെ കഥകളായാൽ ക്ലാസ് ജോറാകും. ക്ലാസിൽ കുട്ടികൾക്കു ശ്രദ്ധ കുറയുന്നുവെന്നു കണ്ടാൽ അപ്പോൾ ഒരു കഥ പറഞ്ഞുതുടങ്ങാം. ഉറക്കം തൂങ്ങാൻ പോകുന്ന കുട്ടി കഥയെന്നു കേൾക്കുമ്പോൾ ഞെട്ടിയുണരും. അങ്ങനെ കഥയിലേക്കു വരുന്ന കുട്ടിയെ 20 മിനിറ്റ് നേരത്തെക്ക് വളരെ ശ്രദ്ധാലു (ആക്ടിവ്) ആക്കാമെന്നു ശാസ്ത്രം പറയുന്നു. ആ സമയത്തു പറഞ്ഞുകൊടുക്കുന്ന കണക്കോ ഫിസിക്സോ ഫിലോസഫിയോ ഗ്രാമറോ ഒക്കെ കുട്ടിക്ക് എളുപ്പം ഗ്രഹിക്കാനാകും. പിന്നെ 20 മിനിറ്റ് കൂടി കഴിയുമ്പോൾ രണ്ടാമത്തെ കഥ പറയാം. ഇങ്ങനെ തുടരാം. കഥകൾ തലച്ചോറിൽ വിപ്ളവകരമായ മാറ്റമാണ് ഉണ്ടാക്കുന്നത്.

കഥകൾ ഉപയോഗിച്ച് ആശയങ്ങളുടെ ദീർഘമായ ശൃംഖല തന്നെ അധ്യാപകർക്കു സൃഷ്ടിക്കാനാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണു മഹാഭാരത കൃതി. 1,25,000 ശ്ലോകങ്ങളിലൂടെ 1400 കഥകൾ മഹാഭാരതം അവതരിപ്പിക്കുന്നു. കഥാസരിത് സാഗരമാണ് മറ്റൊന്ന്. അദ്ഭുതകരമായ കഥകളുടെ സാഗരം ആയിരത്തൊന്നു രാവുകൾ ആണ് വായിക്കേണ്ടതും പറയേണ്ടതുമായ മറ്റൊരു കൃതി. മനുഷ്യ മനസ്സിനെ വളരെ സുന്ദരമായി പിടിച്ചു നിർത്തുന്നവയാണ്. ഇത്തരം കൃതികളിലെ ഓരോ കഥയും. ഈസോപ്പുകഥകളും പഞ്ചതന്ത്രകഥകളും രക്ഷിതാക്കളും പഠിക്കണം. എന്നിട്ടു കുട്ടികൾക്ക് അതു പറഞ്ഞുകൊടുക്കണം. വായനയിലൂടെ അറിഞ്ഞും പകർന്നും നൽകുന്ന അറിവാണ് ഏറ്റവും വലിയ ആയുധം.

English Summary:

Unlocking Learning: How Stories Make Education Fun and Engaging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com