കുട്ടികളുടെ മൊബൈൽ അഡിക്ഷനു കാരണക്കാർ രക്ഷിതാക്കൾ; ജീവനൊടുക്കാനുള്ള ശ്രമം തടയാം
Mail This Article
വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്നു കുട്ടി വീടുവിട്ടുപോകുന്ന സംഭവങ്ങൾ കൂടുകയാണ്. കാർട്ടൂൺ ചാനൽ വച്ചു നൽകാത്തതിനെ തുടർന്നു എൽപി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം മറക്കാറായിട്ടില്ല. മാതാപിതാക്കൾ ജോലിത്തിരക്കിൽ മുഴുകുമ്പോൾ അതിനിടയിൽ ബുദ്ധിമുട്ടുന്നതു കുഞ്ഞുങ്ങളാണ്. അവരെ സന്തോഷിപ്പിക്കാനായി കൈകളിലേക്കു നൽകുന്ന സ്മാർട്ഫോൺ തന്നെയാണ് ഏറ്റവും വലിയ വില്ലനെന്ന് ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോഷ്യേറ്റ് പ്രഫ. ഡോ. ടി.പി.സുമേഷ് പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമല്ല
കുട്ടികൾ നാടുവിട്ടു പോകുന്നതും ജീവനൊടുക്കാൻ ശ്രമിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പലപ്പോഴും അങ്ങനെ കാണുന്നതിനാലാണു കുട്ടികളുടെ വലിയ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത്. അമിതമായി ശ്രദ്ധ ക്ഷണിക്കൽ പോലെയുള്ള പ്രത്യേകതകൾ കുട്ടികൾക്കുണ്ടോ എന്നു രക്ഷാകർത്താക്കൾ മനസ്സിലാക്കണം. ഈ കുട്ടികൾക്കു പിടിവാശിയും നിർബന്ധബുദ്ധിയും കൂടുതലാകും. ചെറുപ്രായത്തിലേ രക്ഷാകർത്താക്കളും അധ്യാപകരും കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം കണ്ടെത്തിയാൽ ചികിത്സയിലൂടെ പ്രശ്നങ്ങൾ മാറ്റിയെടുക്കാനാകും.
ലൈഫ്സ്റ്റൈൽ
പണ്ടാണെങ്കിൽ കൂട്ടുകാർക്കൊപ്പം കളിച്ചാണു കുട്ടികൾ വളർന്നിരുന്നത്. ഇപ്പോൾ അണുകുടുംബങ്ങളായതിനാൽ ഇത്തരം കൂട്ടുകെട്ടുകളില്ല. ജോലിക്കാരായ മാതാപിതാക്കൾ വൈകിട്ടു വീട്ടിലെത്തിയാലും തിരക്കിലാകും. പ്രധാനമായും സ്കൂളുകളിലാണു കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകി പഠിക്കുന്നത്. കുട്ടി പിടിവാശി കാണിച്ചാൽ ഉടൻ സ്മാർട്ഫോൺ കയ്യിലേക്കു നൽകി സന്തോഷിപ്പിക്കുന്നവരാണു കൂടുതലും. വാശി പിടിച്ചാൽ, ദേഷ്യം വന്നാൽ സന്തോഷമുണ്ടാകുന്ന എന്തെങ്കിലും കിട്ടും എന്ന തോന്നൽ കുട്ടിക്കു വരുന്നതു തുടർന്നും വാശി കാണിക്കാൻ ഇടയാക്കും.
മൊബൈൽ അഡിക്‌ഷൻ
‘ഡോക്ടറേ, എന്റെ മകൻ ഏതു സമയത്തും സ്മാർട്ഫോണിലാണ്. അതു വാങ്ങിവച്ചാൽ ബഹളമുണ്ടാക്കും.’ മൊബൈൽ അഡിക്‌ഷനുമായി ബന്ധപ്പെട്ട ഇത്തരം പരാതികളുമായി ഒട്ടേറെയാളുകളാണു ആലപ്പുഴ മെഡിക്കൽ കോളജ് ഒപിയിലേക്ക് വരുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾക്കു മൊബൈൽ വേണമായിരുന്നു. കുട്ടികളിലെ ഫോൺ ഉപയോഗം പതിയെ കുറയ്ക്കണം. എന്നാൽ സ്ഥിരമായി ഉപയോഗിച്ചിരുന്നയാൾക്കു പെട്ടെന്നു ഫോൺ കിട്ടാതായാൽ അക്രമവാസനയുണ്ടാകാൻ സാധ്യതയുണ്ടാകും.
കുട്ടികളെ തിരിച്ചറിയാം
ഓരോ കുട്ടിയും വ്യത്യസ്തമാണ്. മുതിർന്നവരും അങ്ങനെ തന്നെ. ഒരേ സാഹചര്യത്തിൽ പലർ പല രീതിയിലാണു പെരുമാറുന്നത്. ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാമെങ്കിലും പറയാനാകാത്ത സ്ഥിതി വരുന്നത് ഉത്കണ്ഠ രോഗത്തിന്റെ ലക്ഷണമാണ്. അവർക്കു വളർന്നു വരുമ്പോഴും ഉത്കണ്ഠയും സമ്മർദവും കൂടുതലാകും. ഇതു ചെറുപ്പത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയെ ബാധിക്കും.
സ്വഭാവ രൂപീകരണം
ചെറുപ്രായത്തിലേ കുട്ടികളിൽ സ്വഭാവ രൂപീകരണത്തിൽ രക്ഷാകർത്താക്കൾ ശ്രദ്ധ പുലർത്തണം. കുട്ടികൾ കാണുന്ന സീരിയലുകളും കാർട്ടൂണുകളും വാർത്തകളും അവരിൽ സ്വാധീനമുണ്ടാക്കും. അത്തരം മാറ്റങ്ങൾ തിരിച്ചറിഞ്ഞു സമയത്തു ചികിത്സയോ കൗൺസലിങ്ങോ നൽകണം. കുട്ടികളുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞാൽ സൈക്കോ തെറപ്പി ഉൾപ്പെടെയുള്ളവയിലൂടെ കുട്ടികളുടെ സ്വഭാവ രൂപീകരണം ആവശ്യമാണ്.
ജീവനൊടുക്കാൻ ശ്രമം
17 വയസ്സിൽ താഴെയുള്ള കുട്ടികൾ ജീവനൊടുക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ട്. ഫോൺ കൊടുക്കാത്തതിനും വഴക്കു പറഞ്ഞതിനുമൊക്കെ കൈ മുറിക്കുക, ഗുളിക എടുത്തു കഴിക്കുക തുടങ്ങിയവയൊക്കെ കുട്ടികൾ ചെയ്യുന്നത്. ഓൺലൈനിലൂടെ പെട്ടെന്നു പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നതും തകരുന്നതും കുട്ടികളെ ബാധിക്കുന്നുണ്ട്. കുട്ടികളിലെ വ്യത്യാസം കണ്ടെത്താനായാൽ ആത്മഹത്യാ ശ്രമത്തെ തടയാം.
വേണം ക്വാളിറ്റി ടൈം
കുട്ടിക്കൊപ്പം എത്രസമയം ചെലവഴിക്കുന്നു എന്നതല്ല, കുട്ടികൾക്കായി ചെലവഴിക്കുന്ന സമയത്തിന്റെ നിലവാരമാണു കൂടേണ്ടത്. കുട്ടികൾ പറയുന്നതു കേൾക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും രക്ഷാകർത്താക്കൾ സമയം കണ്ടെത്തണം.