കുട്ടികളെ മിടുക്കരാക്കാം, മാതാപിതാക്കൾ അറിയാതെ പോകരുതേ ഇക്കാര്യങ്ങൾ
Mail This Article
എന്തു കാര്യവും ചെയ്യുന്നതിനു മുൻപ് ആളുകൾ തന്നെക്കുറിച്ച് എന്തു കരുതുമെന്നു പേടിക്കുന്നവരുണ്ട്. ഇഷ്ടമുള്ള വസ്ത്രമണിയുമ്പോഴും ജീവിതത്തിലെ തീരുമാനങ്ങളെടുക്കുമ്പോഴും ഇവരിൽ ഈ ആശങ്ക കാണും. മറ്റുള്ളവർ തന്നെ തെറ്റായി വിധിക്കുമോയെന്ന പേടിക്കു പിന്നിലെ കാരണവും ഇത്തരം അവസ്ഥ മറികടക്കുന്നതിനുള്ള പരിഹാരവുമറിയാം. കുട്ടികൾക്കും ചെറുപ്രായത്തിൽ തന്നെ ഇത്തരം ചിന്തകൾ തോന്നാം. അതു വ്യക്തിത്വവികാസത്തെ ബാധിക്കാം. അത്തരം സാഹചര്യത്തിൽ മാതാപിതാക്കൾ അറിയേണ്ട നാലുകാര്യങ്ങൾ
ഒട്ടും കുറയരുത് സ്വയം മതിപ്പ്
∙മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംമതിപ്പ് കുറവാണ് എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. പഴയകാല ജീവിതത്തിൽ തിരസ്കാരം, പരിഹാസം തുടങ്ങിയവയാൽ മനസ്സിനു മുറിവേറ്റവർക്ക് ആത്മവിശ്വാസം കുറയുകയും അരക്ഷിതാവസ്ഥ തോന്നുകയും ചെയ്യും. അത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന മുൻവിധിയാകാം ഈ പേടിക്കു കാരണം.
∙സ്പോട്ട്‌ലൈറ്റ് എഫക്ട് എന്ന അവസ്ഥയുള്ളവർ മറ്റുള്ളവർ തന്നെ എപ്പോഴും നിരീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നുണ്ടെന്നാണു വിശ്വസിക്കുക. അതുകൊണ്ടു സ്വന്തം പ്രവൃത്തികളും പെരുമാറ്റവും രൂപവുമെല്ലാം ഇവർ അമിതമായി വിലയിരുത്തും. യഥാർഥത്തിൽ മറ്റുള്ളവർ ഇവരെ ശ്രദ്ധിക്കുന്നതു പോലുമുണ്ടാകില്ല. അമിതചിന്തകളുള്ളവരിലും ഇത്തരം ആശങ്കയുണ്ടാകാം.
∙ആരും പൂർണരല്ല. അപൂർണതകളുണ്ടാകുന്നതു മോശം കാര്യവുമല്ല. അവരവരുടേതായ അതുല്യമായ കഴിവുകളും മൂല്യങ്ങളും കണ്ടെത്താം. അവയ്ക്കൊപ്പം സ്വന്തം കുറവുകളെയും അംഗീകരിക്കുക. ആ അപൂർണതകളോടെ തന്നെ സ്വയം സ്നേഹിക്കാൻ പഠിക്കാം. സ്വയം അംഗീകരിച്ചാൽ മറ്റുള്ളവരുടെ വാക്കുകളെ നാം പേടിക്കില്ല.
∙ചുറ്റുമുള്ളവർ തന്നെ തെറ്റായി വിധിക്കുമോ എന്ന പേടികൊണ്ട് എല്ലാവരിൽ നിന്നും അകന്നു നിൽക്കുകയും സാമൂഹികമായി ഇടപഴകാൻ മടി കാണിക്കുകയും ചെയ്യുന്നവരുണ്ട്. സോഷ്യൽ ആങ്സൈറ്റി എന്ന ഇത്തരം അവസ്ഥയുണ്ടെങ്കിൽ തെറപ്പി, കൗൺസലിങ് എന്നിവ പ്രയോജനപ്പെടുത്തി ജീവിതം മെച്ചപ്പെടുത്താം.