ADVERTISEMENT

അക്ഷരം കൂട്ടിപ്പറഞ്ഞും അമ്മേ എന്നു വിളിച്ചുമാണ് കുഞ്ഞുങ്ങൾ തങ്ങളുടെ അറിവിന്റെ ലോകത്തിലേക്ക് കടക്കുന്നത്. പതിയെ പതിയെ എഴുതാനും വായിക്കാനും കുട്ടി തുടങ്ങും. ക്രയോൺസുമായിട്ട് ആയിരിക്കും കുഞ്ഞുങ്ങളുടെ ആദ്യ ചങ്ങാത്തം. സ്ലേറ്റിൽ കല്ലു പെൻസിൽ കൊണ്ട് ആദ്യം അക്ഷരങ്ങൾ എഴുതും. അതിനു ശേഷം പതിയെ കടലാസ് പെൻസിൽ കൈയിലെടുക്കും. അക്ഷരങ്ങൾ എഴുതി തുടങ്ങും. ആ സമയത്ത് മാതാപിതാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷനാണ് കുട്ടികൾ പെൻസിൽ പിടിക്കുന്ന രീതി. എത്ര പറഞ്ഞു കൊടുത്താലും ചിലപ്പോൾ കുട്ടിക്ക് മനസ്സിലാകില്ല. തെറ്റായ രീതിയിൽ ആയിരിക്കും കുട്ടി പെൻസിൽ പിടിക്കുന്നത്. എന്നാൽ അത് ശരിയാക്കാൻ നിരവധി രീതികളുണ്ട്. കുറച്ച് ക്ഷമയോടെ വേണം കുട്ടികളെ അത് പറഞ്ഞു മനസിലാക്കാൻ എന്നു മാത്രം.

പഠനത്തിൽ എഴുതി പഠിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി എഴുതി പഠിക്കാൻ ചെറുപ്പത്തിലേ തന്നെ കുട്ടികൾക്ക് പരിശീലനം നൽകണം. കേൾക്കുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ല കുഞ്ഞുങ്ങളെ നന്നായി എഴുതാൻ പരിശീലിപ്പിക്കുന്നത്. കുഞ്ഞിനോട് വെറുതെ എഴുതാൻ പറയുകയല്ല, കൈയിൽ പിടിപ്പിച്ച് എഴുതിപ്പിക്കണം. മാതാപിതാക്കൾ ഇത് കൃത്യമായി ചെയ്യാതെ വരുമ്പോൾ കുഞ്ഞുങ്ങൾ എഴുതാൻ വളരെയധികം ബുദ്ധിമുട്ടുന്നു. മൂന്നും  നാലും വയസുള്ളപ്പോൾ സ്കൂളിലേക്ക് പോയി തുടങ്ങുന്ന കുട്ടികളാണ് പുതിയ കാലത്തിൽ. എന്നാൽ ആ സമയത്ത് പെൻസിൽ പിടിക്കാൻ മാത്രം കുട്ടികളുടെ കുഞ്ഞു കരങ്ങൾക്ക് ശക്തി ഉണ്ടാകണമെന്നില്ല. എന്നാൽ അഞ്ച്, ആറ് വയസുള്ളപ്പോഴാണ് കുഞ്ഞുങ്ങളെ പെൻസിൽ പിടിച്ച് എഴുതാൻ ശീലിപ്പിക്കേണ്ടത്. പെൻസിൽ മുറുകെ പിടിച്ച് എങ്ങനെ നന്നായി എഴുതാമെന്ന് ഈ പ്രായത്തിലാണ് കുഞ്ഞുങ്ങൾ പഠിക്കുന്നത്. അതുകൊണ്ടു തന്നെ പെൻസിൽ എങ്ങനെ ഉപയോഗിക്കാമെന്ന ശരിയായ രീതി ഈ പ്രായത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമാകുക.

ആദ്യസമയങ്ങളിൽ ചെറിയ പെൻസിലുകൾ ഉപയോഗിക്കുക
ഒരു കുഞ്ഞിനെ പെൻസിൽ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ച് തുടങ്ങുമ്പോൾ ചെറിയ പെൻസിലുകൾ ഉപയോഗിക്കുക. ശരിയായ പെൻസിൽ ഉപയോഗിക്കുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പല മാതാപിതാക്കൾക്കും ഈ സമയത്ത് പറ്റുന്ന തെറ്റുകളിൽ ഒന്നാണ് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി വലിയ പെൻസിൽ നൽകുകയെന്നത്. കുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കിലും കുഞ്ഞുങ്ങൾക്ക് ഇത് ഉപദ്രവമായി ഭവിക്കുകയാണ് ചെയ്യുന്നത്. ചെറിയ പെൻസിലുകൾ നൽകി കുഞ്ഞുങ്ങൾക്ക് എഴുതാനുള്ള പരിശീലനം നൽകുമ്പോൾ അത് എളുപ്പത്തിൽ പഠിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നു.

മൂന്നു വിരൽ നിയമം
മൂന്നു വിരൽ ഉപയോഗിച്ച് എഴുതാൻ പരിശീലിക്കുന്നതാണ് കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ എഴുതാൻ സഹായിക്കുന്നത്. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവ ഉപയോഗിച്ച് എഴുതാനാണ് കുട്ടികൾക്ക് പരിശീലനം നൽകേണ്ടത്. മൂന്നു വിരലിനും ഒരുപോലെ ബലം കൊടുത്ത് വേണം എഴുതാൻ.

അനുയോജ്യമായ സമയത്ത് കുഞ്ഞിന് പരിശീലനം ആരംഭിക്കുക
വളരെ നേരത്തെയോ ഒരുപാട് വൈകിയോ ആയിരിക്കരുത് കുഞ്ഞിന് എഴുതാനുള്ള പരിശീലനം നൽകേണ്ടത്. കൃത്യമായ സമയത്ത് വേണം കുഞ്ഞിന് പരിശീലനം ആരംഭിക്കാൻ. അഞ്ച്, ആറ് വയസിനുള്ളിൽ കൃത്യമായ പരിശീലനം നൽകിയിരിക്കണം. പേനയും പെൻസിലും എങ്ങനെ പിടിക്കണമെന്ന് പഠിപ്പിക്കുന്നത് വൈകി പോകരുത്. തെറ്റായ രീതിയിൽ പഠിച്ചു കഴിഞ്ഞാൽ അത് മാറ്റാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും.

ആവശ്യത്തിന് ബലം ഉപയോഗിച്ച് എഴുതട്ടെ
എഴുതുമ്പോൾ ആവശ്യത്തിന് ബലം ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക. അമിതമായി ബലം ഉപയോഗിക്കുന്നത് കടലാസ് കീറി പോകുന്നതിനും പെൻസിലിന്റെ മുന ഒടിഞ്ഞ് പോകുന്നതിനും കാരണമാകുന്നു. എന്നാൽ, ആവശ്യത്തിന് ബലം നൽകിയില്ലെങ്കിൽ എഴുതുന്നത് തെളിയാതെ വരികയും ചെയ്യും. വളരെ സാവധാനത്തിൽ വേണം കുട്ടിയെ ഇക്കാര്യം പറഞ്ഞ് മനസിലാക്കാൻ. 

തമാശയിലൂടെ പഠിപ്പിക്കാം
വളരെ ഗൗരവമായി കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാതെ തമാശയോടെ കുഞ്ഞിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. ഒരിക്കലും നിർബന്ധിച്ച് എഴുതിപ്പിക്കരുത്. ഇത് കുട്ടിക്ക് എഴുതുന്നതിനോട് വെറുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. തമാശയിലൂടെയും കളികളിലൂടെയും വേണം കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ.

കുഞ്ഞിനെ എഴുതാൻ പരിശീലിപ്പിക്കുന്നതിന് മുമ്പ് എങ്ങനെയാണ് എഴുതുന്നതെന്ന് കുഞ്ഞിനെ കാണിച്ചു കൊടുക്കുന്നത് നല്ലത് ആയിരിക്കും. കാരണം നിരീക്ഷണത്തിലൂടെയാണ് കുഞ്ഞുങ്ങൾ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നത്. മാതാപിതാക്കൾക്ക് എന്തെങ്കിലും ബുദ്ദിമുട്ട് ഇക്കാര്യത്തിൽ അനുഭവപ്പെടുകയാണെങ്കിൽ ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

English Summary:

How to Teach Your Child the Correct Way to Hold a Pencil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com