ADVERTISEMENT

ബുദ്ധിപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ വ്യായാമങ്ങളെയാണു ബ്രെയിൻ ജിം എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം വ്യായാമങ്ങൾ കുട്ടികളിലെ ബുദ്ധിശക്തി വർധിപ്പിക്കുന്നതിനൊപ്പം മാനസിക സമ്മർദമകറ്റി ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. കൃത്യമായ രീതിയിൽ ബ്രെയിൻ ജിം പ്രയോജനപ്പെടുത്തുന്നതിന് അറിയേണ്ട കാര്യങ്ങളിതാ.

ഏതു പ്രായക്കാർക്കും ഗുണകരം
ബ്രെയിൻ ജിം വ്യായാമങ്ങൾ രക്തയോട്ടം വർധിപ്പിച്ചു തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഊർജ്ജസ്വലതയേകുകയും ചെയ്യും. ഈ വ്യായാമങ്ങൾ വഴക്കത്തോടെ പരിശീലിക്കുകയും ആവർത്തിക്കുകയും ചെയ്യുമ്പോൾ തലച്ചോറിന്റെ വലത്, ഇടതു ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടും. തലച്ചോറിലെ നാഡീപാതകളെ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ പഠനമികവ് മെച്ചപ്പെടുത്താൻ ഗുണകരമാണ്. ബ്രെയിൻ ജിം പതിവായി പരിശീലിച്ചാൽ അക്ഷരത്തെറ്റുകൾ ഒഴിവാക്കി കയ്യക്ഷരം മെച്ചപ്പെടുത്താനും ഉപകാരപ്പെടും.

അമിതമായ ഉത്കണ്ഠ, വിഷാദം ഇവ നിയന്ത്രിക്കാനും ബ്രെയിൻ ജിം ഗുണകരമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. ആത്മവിശ്വാസം വർധിപ്പിക്കാനും നല്ലതാണ്. ചിന്താശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും മെച്ചപ്പെടുത്താനും സർഗാത്മക വർധിപ്പിക്കുകയും ചെയ്യും.

ബ്രെയിൻ ജിം വ്യായാമം എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ്. കാര്യമായ അധ്വാനം വേണ്ട എന്നതിനാൽ മുതിർന്നവർക്കും വയോജനങ്ങൾക്കും ഇവ അനായാസം പരിശീലിക്കാം. സമ്മർദമകറ്റാനും ഉന്മേഷം ലഭിക്കാനും ഈ വ്യായാമങ്ങൾ പ്രയോജനപ്പെടും.ലളിതമാണ് ഈ വ്യായാമങ്ങൾ

ലേസി 8
നിവർന്നു നിന്നു വലതു കയ്യിലെ പെരുവിരൽ കൊണ്ടു തംപ്സ് അപ് എന്ന ആംഗ്യം കാണിക്കുക. ഇതേ നിലയിൽ പെരുവിരൽ കൊണ്ട് എട്ട് എന്ന അക്കമോ ഇൻഫിനിറ്റി ചിഹ്നമോ വായുവിൽ എഴുതുക. കണ്ണുകൾ വിരൽത്തുമ്പിന്റെ ചലനത്തെ പിന്തുടരണം. വലതുകയ്യും ഇടതുകയ്യും ഉപയോഗിച്ചു മാറിമാറി ചെയ്യാം. ഇരുപതു മുതൽ മുപ്പതു തവണ വരെ ആവർത്തിക്കാം. ഏകാഗ്രത ലഭിക്കാനും കണ്ണുകളുടെയും കൈകളുടെയും ഏകോപനം മെച്ചപ്പെടുത്താനും ഈ വ്യായാമം ഗുണകരമാണ്.

ബ്രെയിൻ ബട്ടൺ
ഇടതുകൈ വയറിനു മുകളിലായി വയ്ക്കുക. വലതു കയ്യിലെ ചൂണ്ടുവിരലും പെരുവിരലും തോളെല്ലിനു താഴെയായി നെഞ്ചിൻകൂട് തുടങ്ങുന്ന ഇടത്ത് വച്ചതിനുശേഷം വൃത്താകൃതിയിൽ അമർത്തി തിരുമ്മുക. പത്തു തവണ ആവർത്തിക്കാം. ഈ വ്യായാമം തലച്ചോറിന് ഉണർവേകും. വായിക്കുമ്പോഴും എഴുതുമ്പോഴുമുള്ള ശ്രദ്ധ മെച്ചപ്പെടും. മനസ്സ് ശാന്തവും ഏകാഗ്രവുമാകും.

ഡബിൾ ഡൂഡിൽ
കസേരയിൽ സ്വസ്ഥമായി ഇരുന്നതിനുശേഷം അഞ്ചു തവണ ദീർഘമായി ശ്വാസമെടുക്കുക. തുടർന്ന് ഇരുകയ്യിലും ഓരോ പെൻസിൽ വീതമെടുത്ത് ഒരേ ചിത്രത്തിന്റെ പകുതിഭാഗം വരയ്ക്കുക. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും ഒരേ സമയം വരയ്ക്കണം. ആകൃതികളോ വരകളോ ആയാലും മതി. തുടർന്നു ചിത്രത്തിനു നിറം നൽകുക.

പോസിറ്റീവ് പോയിന്റ്്സ്
ഇരുപുരികങ്ങൾക്കും ഹെയർലൈനിനും ഇടയിലായി മധ്യഭാഗത്തു വിരലുകൾ അമർത്തി വച്ചതിനുശേഷം പത്തു സെക്കന്റ് സമയം ആഴത്തിൽ ശ്വസിക്കുക. സമ്മർദം കുറച്ചു മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമമാണിത്.

ട്രേസ് എക്സ്
കണ്ണുകൾകൊണ്ട് എക്സ് എന്ന അക്ഷരം ഭിത്തിയിലെഴുതുന്നതായി ഭാവിക്കുക. എട്ടു തവണ ചെയ്തതിനുശേഷം പത്തു മിനിറ്റ് വിശ്രമിക്കുക. വീണ്ടും ആവർത്തിക്കാം.ഏകാഗ്രത വർധിക്കാൻ ഈ വ്യായാമം സഹായിക്കും.

ഹുക്ക് അപ്പ്
വലതുകാൽ ഇടതുഭാഗത്തേക്കു പിണച്ചു വയ്ക്കുക. ഇരുകരങ്ങളും നീട്ടിപ്പിടിച്ചു കോർത്തു കൊളുത്തു പോലെയാക്കണം. തുടർന്ന് ആറു തവണ ദീർഘമായി ശ്വസിക്കുക. തുടർന്നു കോർത്ത കൈപ്പത്തികൾ തിരിച്ച് ഉള്ളിലൂടെ മടക്കി നെഞ്ചോടു ചേർക്കുക. ആറു തവണ ഗാഢമായി ശ്വസിക്കുക. മൂന്നു മുതൽ അഞ്ചു തവണ വരെ വ്യായാമം ആവർത്തിക്കാം. ഏകാഗ്രത മെച്ചപ്പെടാനും മനസ്സ് ശാന്തമാകാനും ഈ വ്യായാമം സഹായിക്കും.

ക്രോസ് ക്രോൾ
നിവർന്നു നിന്നുകൊണ്ട് ഇടതു കാൽമുട്ടു മടക്കി ഉയർത്തുക തുടർന്നു വലതു കൈമുട്ടു കൊണ്ട് ഇടതു കാൽമുട്ടിൽ തൊടണം. എട്ടു തവണ ഈ വ്യായാമം ചെയ്യുക. തലച്ചോറിന്റെ ഇടതു – വലതു ഭാഗങ്ങൾ മികച്ച രീതിയിൽ ഏകീകരിക്കാൻ ഈ വ്യായാമം ഗുണകരമാണ്.

ഫിംഗർ വ്യായാമം
നിവർന്നു നിൽക്കുകയോ ഇരിക്കുകയോ ചെയ്തതിനുശേഷം കൈവെള്ള മുകൾ ഭാഗത്തു വരുന്ന രീതിയിൽ ഇരു കൈകളിലെയും വിരലുകൾ ചേർത്തു പിടിക്കുക. തുടർന്നു പെരുവിരലുകൾ രണ്ടും മുൻപിലേക്കും പിന്നിലേക്കും പത്തു തവണ വീതം ആവർത്തിച്ചു ചലിപ്പിക്കുക. ഇതേ രീതിയിൽ മറ്റു വിരലുകളിലും വ്യായാമം ആവർത്തിക്കാം. ബുദ്ധിക്ക് ഉണർവ് ലഭിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മെച്ചപ്പെടാനും ഈ വ്യായാമം നല്ലതാണ്.

ബ്രെയിൻജിം കുട്ടികളുടെ പതിവുദിനചര്യയുടെ ഭാഗമാക്കുന്നത് ഉത്തമമാണ്. വളരെ കുറഞ്ഞ സമയത്തിൽ പരിശീലിക്കാമെന്നതുകൊണ്ട് ഇവ കുട്ടികളുടെ പഠനസമയം അപഹരിക്കും എന്ന പേടിയും വേണ്ട. കുട്ടികളും മാതാപിതാക്കളും ഒരുമിച്ചു വ്യായാമം ചെയ്താൽ ബന്ധങ്ങളുടെ ഊഷ്മളത മെച്ചപ്പെടും. അധ്യാപകർക്കും ബ്രെയിൻ ജിം പ്രയോജനപ്പെടുത്താം. അധ്യയന ദിവസങ്ങളിൽ കായിക പരിശീലനത്തിനൊപ്പം ബ്രെയിൻ ജിം പരിശീലിപ്പിച്ചോളൂ. കുരുന്നുകളുടെ മാനസിക സമ്മർദം കുറയുകയും പഠനമികവ് മെച്ചപ്പെടുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്:
ബിസ്മി ഡേവിഡ്
ഒക്യുപേഷനൽ തെറപ്പിസ്റ്റ്
ചൈൽഡ് ഡെവലപ്മെന്റ് സെന്റർ
ഗവൺമെന്റ് മെഡിക്കൽ കോളജ്
തിരുവനന്തപുരം.

English Summary:

Boost Your Child's Intelligence with Brain Gym Exercises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com