ADVERTISEMENT

കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. നല്ല ഭക്ഷണം കഴിപ്പിക്കാനും ആവശ്യത്തിന് വെളളം കുടിപ്പിക്കാനും സദാ ജാഗരൂകരായിരിക്കും അവർ, പ്രത്യേകിച്ച് അമ്മമാർ. എന്നാലും വെള്ളം കുടിയുടെ കാര്യത്തിൽ മടിയൻമാരാണ് ചില കുഞ്ഞുങ്ങൾ. അത്തരക്കാരുടെ അടുത്ത് എന്തെങ്കിലും തന്ത്രങ്ങൾ തന്നെ എടുക്കേണ്ടി വരും. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിർജ്ജലീകരണം തടയാനും ഉന്മേഷത്തോടെ ഇരിക്കാനും കുട്ടികളെ സഹായിക്കും. മധുരത്തിനോട് പ്രിയമുള്ളവരാണ് കുട്ടികൾ. അതുകൊണ്ടു തന്നെ സോഫ്റ്റ് ഡ്രിങ്കിനോടും മധുരമുള്ള ജ്യൂസിനോടും ഒക്കെ ആയിരിക്കും പ്രിയം. എന്നാൽ വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നൽകേണ്ടത് ഇതൊന്നുമല്ല എന്നതാണ് സത്യം. ശുദ്ധമായ വെള്ളം തന്നെയാണ് കുട്ടികൾ കുടിക്കേണ്ടത്. 

ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനും പോഷകങ്ങൾ വേണ്ട രീതിയിൽ ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നത് വെള്ളമാണ്. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിലും വെള്ളം നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ കൃത്യമായ രക്തചംക്രമണത്തിനും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് സഹായിക്കും. 

കുട്ടികൾ എത്ര വെള്ളം കുടിക്കണം എന്നത് സംബന്ധിച്ച് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്.  എന്നാൽ ഒരു, കുഞ്ഞു ജനിച്ച് ആദ്യത്തെ ആറുമാസത്തേക്ക് മുലപ്പാൽ മാത്രമാണ് നൽകേണ്ടത്. ആറ് മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് മുലപ്പാലിന് പുറമെ വെള്ളം മാത്രമാണ് നൽകേണ്ട പാനീയം. വെള്ളം കൂടാതെ, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്ക് എന്നിവ നൽകുന്നത് കുട്ടിയുടെ പോഷകങ്ങളുടെ ആഗിരണത്തെ അത് ബാധിക്കും.

കുഞ്ഞിന് ഒരു വയസ് ആയാൽ കുടിക്കാനായി ഒരു കപ്പിൽ വെള്ളം നൽകാവുന്നതാണ്. ഒരു വയസു മുതൽ മൂന്നു വയസു വരെ പ്രായമുള്ള സമയത്ത് കുഞ്ഞുങ്ങൾക്ക് മുലപ്പാൽ, വെള്ളം, മറ്റ് പാനീയങ്ങൾ എന്നിവയെല്ലാം ചേർന്ന് കുടിക്കാനായി പരമാവധി ഒരു ലിറ്റർ മാത്രമേ നൽകാവൂ. നാലു മുതൽ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അഞ്ച് കപ്പ് വെള്ളം ഒരു ദിവസം കുടിക്കണം. കപ്പിൽ നിന്നോ, വാട്ടർ ബോട്ടിലിൽ നിന്നോ കുഞ്ഞുങ്ങൾക്ക് വെള്ളം കുടിക്കാൻ പരിശീലനം നൽകണം. തിളപ്പിച്ചാറിയ വെള്ളം വേണം കുഞ്ഞുങ്ങൾക്ക് കുടിക്കാനായി നൽകേണ്ടത്.

നിർജലീകരണം കുട്ടികളിൽ സംഭവിക്കുന്നത് എന്തുകൊണ്ട് ? 
കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വ്യായാമം ചെയ്യുമ്പോഴും കുട്ടികൾക്ക് പിന്നാലെ ഓടുമ്പോഴുമെല്ലാം  മുതിർന്നവർ ധാരാളം വിയർക്കാറുണ്ട്. എന്നാൽ, കുട്ടികൾ മുതിർന്നവരെ പോലെ അധികം വിയർക്കാറില്ല. എന്നിരുന്നാലും ചൂടു കാലാവസ്ഥ മൂലവും മറ്റും കുട്ടികളിൽ നിർജലീകരണം സംഭവിക്കാറുണ്ട്. ചെറിയ കുഞ്ഞുങ്ങളിലും കുട്ടികളിലും ആണ് നിർജലീകരണത്തിന് കൂടുതൽ സാധ്യത. ഛർദ്ദി, വയറിളക്കം, അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖം ഉള്ളപ്പോൾ കുട്ടി ഭക്ഷണം കഴിക്കാനും കുടിക്കാനും വിസമ്മതിക്കുന്നതും നിർജലീകരണത്തിന് കാരണമാകും. നാക്കും  വായയും വരണ്ടുപോകുക,  ദാഹം തോന്നുക,  മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറത്തിലാകുക, ക്ഷീണം, അലസത, തലകറക്കം, ഓക്കാനം, തലവേദന എന്നിവയാണ് നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിൽ നിർജലീകരണം സംഭവിക്കാതെ നോക്കേണ്ടതാണ്.  കുട്ടികളെ ആവശ്യത്തിന് ഫീഡ് ചെയ്യുകയും അമ്മമാർ ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.  ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ നിർജലീകരണം സംഭവിച്ചു എന്ന് തോന്നിയാൽ കുട്ടിയെ ആവശ്യത്തിന് വെള്ളം കുടിപ്പിക്കേണ്ടതാണ്. ഫാർമസിയിൽ റീഹൈഡ്രേഷൻ ഫ്ലൂയിഡുകൾ ലഭ്യമാണ്.

നിർജലീകരണം സമയത്ത് കുട്ടികൾക്ക് സോഫ്റ്റ് ഡ്രിങ്കുകളോ മധുര പാനീയങ്ങളോ നൽകരുത്. പഞ്ചസാര,  കാപ്പി,  സോഡിയം എന്നിവ നൽകിയാൽ നിർജലീകരണം കൂടുതൽ  ഗുരുതരമാകും. എനർജി ഡ്രിങ്കുകളും നൽകരുത്. ശുദ്ധമായ വെള്ളമാണ് നിർജലീകരണം തടയാൻ കുട്ടികൾക്ക് നൽകേണ്ടത്. ഗുരുതരമായ നിർജലീകരണ പ്രശ്നങ്ങൾ കുട്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രിയർ കാണിക്കേണ്ടതാണ്. കടുത്ത ദാഹം,  അസ്വസ്ഥത പ്രകടിപ്പിക്കൽ,  മയക്കം,  മൂത്രമൊഴിക്കുന്നതിന്റെ അളവ് വളരെ കുറവായിരിക്കുക, ശരീരം തണുക്കുക, കണ്ണുകൾ കുഴിയുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതാണ്. 

കുട്ടികളെ വെള്ളം കുടിപ്പിക്കാൻ ചിലവഴികൾ
നിർജലീകരണം ഒഴിവാക്കാൻ കുട്ടികളെ നിർബന്ധമായും വെള്ളം കുടിപ്പിക്കേണ്ടത് വീട്ടിൽ ഉള്ളവരുടെ ഉത്തരവാദിത്തമാണ്. അതിന് ആദ്യം തന്നെ വീട്ടിലുള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് കാണുന്ന കുട്ടികൾക്ക് സ്വാഭാവികമായും വെള്ളം കുടിക്കാൻ പ്രേരണ ഉണ്ടാകും.  ശുദ്ധജലം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. മനോഹരമായ ഒരു കപ്പ് അല്ലെങ്കിൽ ആകർഷണീയമായ ഒരു വാട്ടർ ബോട്ടിൽ കുട്ടികൾക്കായി തിരഞ്ഞെടുത്തു നൽകാവുന്നതാണ്.

കൂടാതെ വെള്ളം കുടിക്കാൻ സ്ട്രോകളും ഉപയോഗിക്കാം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമ്പോൾ ഒരു കുപ്പിയിൽ വെള്ളം കൂടി കൊടുത്തുവിടുക. ഷോപ്പിംഗിന് പോകുമ്പോഴും പാർക്കിലും മറ്റും പോകുമ്പോഴും കുട്ടിയുടെ കൈവശം ഒരു വാട്ടർ ബോട്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. മുതിർന്ന കുട്ടികൾക്ക് ശുദ്ധമായ വെള്ളം കൂടാതെ കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം എന്നിവയെല്ലാം കുടിക്കാനായി നൽകാവുന്നതാണ്.

English Summary:

Reluctant Water Drinker? Genius Tips to Make Kids Hydrated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com