‘വൈബ്’ ഉള്ള തൊഴിൽ അന്തരീക്ഷം; കളം പിടിച്ച് ഗ്രീൻജോബ്സ്, 2025ൽ പഠിക്കേണ്ട കോഴ്സുകൾ
Mail This Article
2024 അവസാനിക്കാറായിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങളാണു വന്നത്. ഡിസ്‌റപ്ടീവ് സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ്, ഡേറ്റ സയൻസ,് വെർച്വൽ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴിലിടങ്ങളിലേക്കു കടന്നുവന്നു. വലിയൊരു വിപ്ലവം ഇതുമൂലമുണ്ടായി. തൊഴിൽരംഗത്തു പുതിയ തസ്തികകളുണ്ടായി. കടന്നുപോകുന്ന 2024 വർഷത്തെ അടയാളപ്പെടുത്തുന്നത് സുസ്ഥിരതയിലൂന്നിയ റിക്രൂട്‌മെന്റുകളാലാണ്. ഗ്രീൻ ജോബ്‌സ് അഥവാ ഹരിതജോലികളുടെ എണ്ണം കൂടി വരുന്നുണ്ട്. കഴിഞ്ഞ 2-3 വർഷങ്ങളിൽ എഐ, ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്, മെഷീൻ ലേണിങ് തുടങ്ങിയ സ്‌കില്ലുകളാണ് റിക്രൂട്ടർമാർ തേടിയതെങ്കിൽ ഇന്നത്തെ കമ്പിനികളിൽ പലതും സാങ്കേതിക സ്‌കില്ലുകൾക്കും സോഫ്റ്റ് സ്‌കില്ലുകൾക്കും ഒപ്പം തന്നെ ഹരിതജോലി മേഖലയിലെ നൈപുണ്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സുസ്ഥിരത തൊഴിൽമേഖലയിൽ ഉറപ്പാക്കപ്പെടുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ധർ ഈ മാറ്റത്തെ കണക്കാക്കുന്നത്. ഇന്ത്യയിലും ഹരിത തൊഴിൽ മേഖല ഉയർച്ചയിലാണ്. കാലാവസ്ഥാവ്യതിയാനം, ശ്രോതസുകളുടെ നാശം, ജൈവവൈവിധ്യനഷ്ടം എന്നിവ ലോകത്തെ ബാധിക്കുന്നതിനിടയിൽ ഹരിത ജോലികളുടെ സ്ഥാനവും ശക്തിപ്പെടുകയാണ്. ഊർജമികവ് കൂട്ടുന്നതിനും മാലിന്യം കുറയ്ക്കുന്നതിനും ഹരിതജോലികളിൽ നൈപുണ്യം നേടിയ ജീവനക്കാരുടെ ആവശ്യം ശക്തമാണെന്ന് ഗവേഷകർ പറയുന്നു. 2070ൽ നെറ്റ് സീറോ കാർബൺ വികിരണത്തോത് നേടാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. കേന്ദ്രസർക്കാരും ഇതിനായുള്ള പല പദ്ധതികൾ പണിപ്പുരയിലൊരുക്കുകയാണ്. ഇതെല്ലാം ഗ്രീൻ ജോബുകളുടെ ശക്തി വെളിവാക്കുന്ന സംഭവവികാസങ്ങളാണ്.
സ്റ്റാർട്ടപ്പുകളുടെ ലോകം
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടോപ്ഗീയറിലായ സ്റ്റാർട്ടപ് രംഗം ഇക്കാലയളവിൽ കുതിപ്പിലാണ്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന, എന്നാൽ മികച്ച പ്രവൃത്തിപരിചയം നേടാവുന്ന തൊഴിലിടം എന്നായിരുന്നു ഇടക്കാലത്ത് സ്റ്റാർട്ടപ്പുകളെപ്പറ്റി ആളുകളുടെ മനസ്സിലുണ്ടായിരുന്ന ധാരണ. എന്നാൽ, ആ കാലമൊക്കെ മാറിയിരിക്കുന്നു. മുൻനിര കമ്പനികളെ കവച്ചുവയ്ക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി സ്റ്റാർട്ടപ്പുകൾ കളം പിടിക്കുകയാണ്. പുതുതലമുറയെ ആകർഷിക്കുന്ന ‘വൈബ്’ ഉള്ള തൊഴിൽ അന്തരീക്ഷവും പെട്ടെന്നു പെട്ടെന്ന് ഉന്നത തസ്തികളിലേക്ക് എത്താനുള്ള അവസരവുമാണ് സ്റ്റാർട്ടപ്പിലെ ജോലികളെ യുവാക്കൾക്കിടയിൽ ആകർഷകമാക്കുന്നത്.
മാറുന്ന ടെക് രംഗം
ലോകത്തെ ഏറ്റവും വലിയ മാസ് തൊഴിൽമേഖലകളിലൊന്നാണ് ഐടി/ടെക് രംഗം. രാജ്യാന്തരതലത്തിൽ തന്നെ കയറ്റിറക്കങ്ങൾ ഏറെ ബാധിക്കുന്ന ഈ മേഖല ഇടയ്ക്കുണ്ടായ ചില പ്രക്ഷുബ്ധതകൾക്കുശേഷം ആഗോളതലത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് കാലം ടെക് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പിന്നീട് ചാറ്റ്ജിപിടി പോലെ ജനറേറ്റീവ് സാങ്കേതികവിദ്യകളും ടെക്രംഗത്തു വലിയ അലകളാണ് ഉയർത്തിയത്. അനേകം ഉദ്യോഗാർഥികളെ ഒറ്റയടിക്കു റിക്രൂട് ചെയ്ത് പരിശീലിപ്പിച്ചെടുക്കുന്ന മാസ് റിക്രൂട്മെന്റ് അഥവാ വോള്യം ഹയറിങ് രീതിക്കു പകരം നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി ഫോക്കസ് ചെയ്ത് ഹയർ ചെയ്യുന്ന ക്വാളിറ്റി ഹയറിങ്ങിലേക്കു കടക്കുകയാണ് ആഗോള ടെക് കമ്പനികളിൽ പലതും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള നൈപുണ്യങ്ങൾക്കും ഈ രംഗത്തു പ്രാധാന്യമേറിയിട്ടുണ്ട്.
തേടുന്ന പരിചയം
പണ്ടൊരുകാലത്ത് എല്ലാവർക്കും വിദ്യാർഥികളോട് ഒരേയൊരു കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ- നന്നായി പഠിക്കണം കേട്ടോ, നല്ല മാർക്കും വേണം. എന്നാൽ ആ രീതിയൊക്കെ പോയെന്ന് പുതിയകാലത്തെ കുട്ടികൾ പറയുന്നു. ഏറ്റവും എംപ്ലോയബിൾ ആയ ഉദ്യോഗാർഥിയെയാണ് പല കമ്പനികളും പ്രിഫർ ചെയ്യുന്നത്. ഇന്റേൺഷിപ്പുകൾ ചെയ്തും, പ്രോജക്ടുകളിൽ പങ്കെടുത്തും ഓൺലൈൻ സർട്ടിഫിക്കേഷനുകൾ ചെയ്തുമൊക്കെ തങ്ങളുടെ എംപ്ലോയബിലിറ്റി ഉയർത്തിവയ്‌ക്കേണ്ട കടമ വിദ്യാർഥിക്കുണ്ട്. ഒന്നോർക്കാം, ഇന്നു ലോകവും തൊഴിൽമേഖലയുമൊക്കെ റോക്കറ്റ് വേഗത്തിലാണു പോകുന്നത്. എപ്പോഴും എന്തിനും തയാറായിരിക്കാനും തങ്ങളെ സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനുമുള്ള മനസ്ഥിതി വിദ്യാർഥികൾ പുലർത്തണം.