ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പലപ്പോഴും ഒരു പ്രശ്‌നത്തെക്കാള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നത്‌ ആ പ്രശ്‌നത്തെ ക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളാകാം. ചിന്തകള്‍ അമിതമാകുകയോ കാടു കയറുകയോ ചെയ്യുമ്പോള്‍ അനാവശ്യമായ ഭീതിയും ഉത്‌കണ്‌ഠയുമെല്ലാം ഉണ്ടാകാം. കാടു കയറുന്ന ചിന്തകളെ നിയന്ത്രിക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള എട്ടു വഴികള്‍ പങ്കുവയ്‌ക്കുകയാണ്‌ വിന്നര്‍ സ്‌പിരിറ്റ്‌ എന്ന ഇന്‍സ്റ്റാഗ്രാം മോട്ടിവേഷണല്‍ പേജില്‍ പങ്കുവച്ച കുറിപ്പ്‌.

1. പ്രശ്‌നമൊന്നും ഒരു പ്രശ്‌നമേയല്ല
ഒരു പ്രതിസന്ധി വരുമ്പോള്‍ അതിനെക്കുറിച്ച്‌ നമ്മുടെ തലയ്‌ക്കകത്തു രൂപപ്പെടുന്ന ചിന്തകളും ആവലാതികളുമാണ്‌ 99 ശതമാനം വിനാശവും ഉണ്ടാക്കുന്നത്‌. യഥാര്‍ഥ പ്രശ്‌നം മൂലമുള്ള കുഴപ്പങ്ങള്‍ ചിലപ്പോള്‍ ഒരു ശതമാനം മാത്രമേ ഉണ്ടാകൂ. ഒരു കാര്യത്തെക്കുറിച്ച്‌ നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതാണു പ്രധാനം. ഏതു പ്രശ്‌നവും അത്ര തല പോകുന്ന കാര്യമല്ല എന്നത്‌ മനസ്സിനെ ബോധ്യപ്പെടുത്തുകയാണ്‌ ആദ്യം വേണ്ടത്‌.

2. ആത്മനിന്ദ വേണ്ട
അമിതമായ ചിന്തയില്‍നിന്ന്‌ ഉണ്ടാകുന്ന മറ്റൊരു കുഴപ്പമാണ്‌ ആത്മനിന്ദ. സ്വന്തം കഴിവുകളെക്കുറിച്ചുള്ള വിശ്വാസക്കുറവ്‌ ഈ ആത്മനിന്ദയ്‌ക്ക്‌ ആക്കം കൂട്ടും. ജോലിയിലോ പഠനത്തിലോ ജീവിതത്തിലോ ഒരു അവസരം വരുമ്പോള്‍ താനതിന്‌ അര്‍ഹനാണോ എന്ന സംശയമെല്ലാം ഈ ആത്മനിന്ദയില്‍നിന്ന്‌ ഉരുവാകുന്നതാണ്‌. ഈ ആത്മനിന്ദയെ മാറ്റിവച്ച്‌ അവസരം വരുമ്പോള്‍ അതിനുവേണ്ടി ശ്രമിക്കുക. നിങ്ങള്‍ എന്തെങ്കിലും കാര്യം ആരോടെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ നിങ്ങളെ നിരസിക്കുമോ എന്ന്‌ ആലോചിച്ച്‌ വെറുതേ സമയം കളയരുത്‌. അതങ്ങ്‌ ചോദിക്കുക. കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി എന്നൊരു നയമായിരിക്കണം ഇത്തരം സമയത്തു വേണ്ടത്‌.

3. ഉത്തരങ്ങള്‍ നിശ്ശബ്ദതയില്‍
കൂടുതല്‍ ചിന്തിച്ചതു കൊണ്ട്‌ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ചിന്തകളൊന്നുമില്ലാത്ത നിശ്ശബ്ദമായ മനസ്സിലാണ്‌ പല ചോദ്യങ്ങളുടെയും ഉത്തരം തെളിഞ്ഞു വരുന്നതെന്നതാണ്‌ യാഥാർഥ്യം. ഇനി ഒരു പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലേ, എങ്കില്‍ വെറുതേ അതിനു പരിശ്രമിക്കണ്ട. അത്രേയുള്ളൂ. അല്ലാതെ അതിനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു തല പുണ്ണാക്കരുത്‌.

indian-business-executives-deepak-istock-photo-com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

4. സുപ്രധാനം ഈ ചോദ്യം
മുന്‍കാലത്തെ തെറ്റുകളെ ഓര്‍ത്ത്‌ സ്വയം വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോഴോ അതോര്‍ത്ത്‌ വരാന്‍ പോകുന്നതെല്ലാം ദുരന്തമാണെന്നു വിചാരിക്കുമ്പോഴോ സ്വയം ഈ ചോദ്യം ഉന്നയിക്കുക. ‘ഭൂതകാലത്തെ മാറ്റാനോ ഭാവിയെ പോസിറ്റീവായി സ്വാധീനിക്കാനോ എനിക്ക്‌ ഇപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?’ സാധിക്കുമെന്നാണെങ്കില്‍ അതങ്ങ് ചെയ്യുക. ഇല്ലാന്നു വെച്ചാല്‍ അത്‌ വിട്ടുകളഞ്ഞ്‌ സമാധാനമായി ഇരിക്കുക. ഇത്‌ രണ്ടുമല്ലാത്ത  ചിന്തകളെല്ലാം സ്വയം വിനാശകരമാണ്‌.

5. ഇന്നിന്റെ ശക്തി
നിങ്ങള്‍ അമിതമായി ചിന്തിച്ചതു കൊണ്ട്‌ നിങ്ങളുടെ ഭാവി ശോഭനമാകാനോ നിങ്ങളുടെ ഭൂതകാലം മെച്ചപ്പെട്ടതാകാനോ പോകുന്നില്ല. നിങ്ങളുടെ കയ്യില്‍ ആകെയുള്ളത്‌ ഇപ്പോഴുള്ള ഈ നിമിഷമാണ്‌. ആ വര്‍ത്തമാനകാലത്തില്‍ അങ്ങു ജീവിക്കുക.

6. ചിന്തകള്‍ക്കു വേണം ഫാക്ട്‌ ചെക്ക്‌
വ്യാജ വാര്‍ത്തകള്‍ക്കു മാത്രമല്ല, നിങ്ങളുടെ ചിന്തകള്‍ക്കും ചിലപ്പോഴൊക്കെ ഫാക്ട്‌ ചെക്ക്‌വേണ്ടി വരും. ചിന്തകളെ ഫാക്ട്‌ ചെക്ക്‌ നടത്തി മാത്രമേ അവയെ അംഗീകരിക്കാവൂ. ചില വൈകാരിക സന്ദര്‍ഭങ്ങളില്‍ അയഥാര്‍ഥമായ കഥകള്‍ മെനയാന്‍ നിങ്ങളുടെ ചിന്തകള്‍ക്കു സാധിക്കുമെന്ന്‌ എപ്പോഴും ഓര്‍ക്കുക. ഇതിനാല്‍ ചിന്തകളെയും ഫാക്ട്‌ ചെക്ക്‌ ചെയ്‌ത്‌ ഉറപ്പിക്കുക.

7. അംഗീകരിക്കാന്‍ പഠിക്കുക
നിങ്ങള്‍ എത്ര കിടന്നു ചിന്തിച്ച്‌, ഉത്‌കണ്‌ഠപ്പെട്ടാലും നിങ്ങളുടെ ഭാവിയോ ഭൂതകാലമോ ഒന്നും മാറാന്‍ പോകുന്നില്ല. സാഹചര്യങ്ങളെ അതായി തന്നെ അംഗീകരിക്കുന്നതിലാണ്‌ സമാധാനം കിടക്കുന്നത്‌. അപൂര്‍ണതകളെയും അനിശ്ചിതത്വങ്ങളെയും നിങ്ങളെക്കൊണ്ട്‌ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളെയും അംഗീകരിക്കാന്‍ പഠിക്കുക. ഇത്‌ നിങ്ങള്‍ക്കു മനശാന്തി നല്‍കും.

8. ആരോഗ്യം നിങ്ങളുടെ മനസ്സില്‍ ആരംഭിക്കുന്നു
നിങ്ങള്‍ എത്ര വ്യായാമം ചെയ്‌താലോ, ജിമ്മില്‍ പോയാലോ, നല്ല ഭക്ഷണപാനീയങ്ങളോ മള്‍ട്ടിവൈറ്റമിനുകളോ   കഴിച്ചാലോ നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കണമെന്നില്ല. നിങ്ങളുടെ യഥാര്‍ഥ ആരോഗ്യം നിങ്ങളുടെ മനസ്സില്‍നിന്ന്‌ ആരംഭിക്കുന്നു. മാനസികാരോഗ്യം ശരിയല്ലെങ്കില്‍ പിന്നെ എന്തു ശരിയായിട്ടും പ്രയോജനമില്ല. നിങ്ങളുടെ ചിന്തകളുടെ നിലവാരവും മനസ്സിന്റെ സമാധാനവുമാണ്‌ ശരിയായ ആരോഗ്യത്തിന്റെ അളവു കോല്‍.  

English Summary:

Overwhelming thoughts are a major source of stress; learn to manage them effectively. This article offers eight practical strategies from Winner Spirit to reduce anxiety and achieve a happier life.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com