പ്രണയിച്ചു കല്യാണം കഴിച്ചു, കുട്ടികളില്ല; 'ചേട്ടന് മരിച്ചതോടെ ചേച്ചി ഒറ്റയ്ക്കായി...'

Mail This Article
ചേച്ചി ഒന്നുമറിയാതെ കിടക്കുകയാണ്. അടുത്ത് വിരലിലെണ്ണാവുന്നവർ മാത്രം ഏതാനും സ്ത്രീകളുടെ മന്ത്രോച്ചാരണങ്ങൾക്കിടയിൽ, അന്ത്യകർമ്മങ്ങൾക്കായി കോടി പുതപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഓടിക്കിതച്ചെത്തിയത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വളരെ കുറച്ചു പേർ മാത്രം. പതിയെ ചുറ്റുപാടുമൊന്ന് നോക്കി, ഓഫീസിൽ നിന്ന് ആരെങ്കിലും വന്നിട്ടുണ്ടോ? എല്ലാവരെയും വിളിച്ചു പറഞ്ഞിരുന്നു. ആരും വന്നില്ല, ഫോൺ വിളിയും കാത്തിരിപ്പും. വെറുതെയായോ? ആരെങ്കിലും വരാതിരിക്കുമോ? ഓഫീസിൽ എന്നും ഓടിപ്പിടിച്ച് വെപ്രാളപ്പെട്ട് അവസാനം എത്താറുള്ള ചെറിയാച്ചനെങ്കിലും പതിവു പോലെ അവസാന നിമിഷം ഇവിടെയും ഓടി എത്താതിരിക്കില്ല. വെറുതെയെങ്കിലും ഞാൻ പ്രതീക്ഷിച്ചു. എന്റെ പ്രതീക്ഷകൾ തെറ്റിച്ച് അവസാനം അവരെ ചിതയിലേക്കെടുക്കും വരെ ആരെയും കണ്ടില്ല.
ഇറങ്ങാൻ നേരം എന്റെ കണ്ണുകൾ പരതി, ആരോടെങ്കിലുമൊന്നു പറഞ്ഞിട്ട് പോരാൻ. അപ്പോഴാണ് ഓർത്തത് ആരോടാണ് പറയുക. ഹിന്ദുവായ ചേച്ചിയും ക്രിസ്ത്യാനിയായ മാത്തുക്കുട്ടിയും തമ്മിൽ പ്രേമിച്ച് കല്യാണം കഴിച്ചതാണ്. കുട്ടികളില്ല. രണ്ടു വർഷം മുമ്പ് മാത്തുക്കുട്ടിച്ചായൻ മരിച്ചതോടെ ചേച്ചി തികച്ചും ഒറ്റപ്പെട്ടു. ഇടയ്ക്ക് ഓഫീസിൽ അവർക്കൊപ്പം മാത്യുച്ചായനും വരും. അങ്ങനെയാണ് ചെറുപ്പം മുതലുള്ള അവരുടെ സ്നേഹകഥകൾ അറിയുന്നത്. വീട്ടുകാരുടെ എതിർപ്പ് മറി കടന്ന് കല്യാണം കഴിച്ചതറിഞ്ഞത്. വീട്ടിൽ നിന്നും ഒറ്റപ്പെട്ട് പോയ അവർക്ക് കുട്ടികളുണ്ടാകാതിരുന്നത് വല്ലാത്ത വേദനയായി.. ഒറ്റപ്പെടലിന്റെ ആഴത്തിൽ, സുഖവും ദു:ഖവും സന്തോഷവും വേദനയും എല്ലാം പങ്കിടാൻ രണ്ടാത്മാവുകൾ മാത്രം... അവരുടെതായ ലോകത്ത് അവർ അവരുടെതായ സ്വപ്നവും ദു:ഖവും പങ്കു വെച്ചു.
സൂപ്രണ്ടെങ്കിലും വരാതിരിക്കുമോ? പിന്നെയും എന്റെ കണ്ണുകൾ വഴിയിലേക്ക് നീണ്ടു. വരാതിരിക്കില്ല, സൂപ്രണ്ടുമായി അത്രയ്ക്ക് ആത്മബന്ധമായിരുന്നല്ലോ. ഇല്ല, കുറെ നേരം നോക്കിയിരുന്നു, സൂപ്രണ്ടും വന്നില്ല. ആരും വരാൻ സാധ്യതയില്ല, വിളിച്ചപ്പോൾ തന്നെ ഓരോരുത്തരും ഒഴിവു പറഞ്ഞിരുന്നു. ‘‘ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.. ഞാൻ ഓഫീസിലെത്തിപ്പോയി.. എനിക്ക് അത്യാവശ്യമായി കുറെ ജോലി തീർക്കുവാനുണ്ട്.. പിന്നെ കൊറോണയുടെ സമയമല്ലേ, എല്ലാവരും കൂടെ പോകുന്നത് ശരിയാണോ..’’ തിരികെ നടക്കുമ്പോൾ ആലോചിക്കുകയായിരുന്നു.. കണ്ടെത്താനാണെങ്കിൽ നമുക്ക് എല്ലാത്തിനും ന്യായീകരണങ്ങൾ കണ്ടെത്താനുണ്ടാകും. എങ്കിലും, ആരും വന്നില്ലെങ്കിലും അയാൾക്ക് വരാതിരിക്കാനാവില്ലായിരുന്നു. എത്രയോ വർഷങ്ങൾ ഒരു ഓഫീസിൽ ഒന്നിച്ചു ജോലി ചെയ്തതാണ്, ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക്, കല്യാണത്തിനും മരണത്തിനും ഉൾപ്പെടെ പ്രായവും അനാരോഗ്യവും മറന്ന് ഓടിയെത്തിയവരാണ്. അയാൾക്ക് പോയേ തീരൂ.. ആരെയും ബോധ്യപ്പെടുത്താനല്ല.. സ്വന്തം മന:സാക്ഷിയെ ബോധ്യപ്പെടുത്താൻ മാത്രം.
റിട്ടയർ ചെയ്തിട്ടും ഇടയ്ക്ക് വിളിക്കും.. മക്കളുടെ, ഭാര്യയുടെ ഒക്കെ വിശേഷങ്ങളറിയണം. ‘‘ടീച്ചർക്കും കുട്ടികൾക്കും സുഖമല്ലേ?’’ എപ്പോഴും ആദ്യത്തെ ചോദ്യം അതാണ്. ‘‘ചേച്ചീ, എന്റെ ഭാര്യ ടീച്ചറല്ല’’ എന്ന് ഓരോ പ്രാവശ്യം തിരുത്തിയാലും അടുത്ത തവണ വീണ്ടും ചോദിക്കും, ‘‘ടീച്ചർക്ക് സുഖമല്ലേ മോനേ..’’ ഏതായാലും പിന്നെ ചേച്ചിയെ തിരുത്താൻ പോയില്ല. ‘‘എല്ലാവരും കൂടി ഒരു ദിവസം എന്റെ വീട്ടിൽ വരണം.’’ ചേച്ചിയുടെ വാക്കുകളിൽ സ്നേഹവും ആത്മാർഥതയും നിറഞ്ഞിരുന്നു. പല തവണ ഓർത്തെങ്കിലും തിരക്കുകൾക്കിടയിൽ പിന്നെ അത് മറന്നു. വീണ്ടും അടുത്ത തവണ വിളിക്കുമ്പോഴാണ് ഓർമ്മിക്കുക. ‘‘ചേച്ചീ, ഉടനെ വരാം..’’ പിന്നെയും തിരക്കുകൾക്കിടയിൽ ചേച്ചിയുടെ കാര്യം മറവിയിലേക്ക് പോയി. എനിക്ക് സ്ഥലം മാറ്റമായി. ചേച്ചി റിട്ടയറായി. പിന്നെ കുറെ നാളത്തേക്ക് അവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അതു കൊണ്ടു ഒന്നുമറിഞ്ഞതുമില്ല. മരിച്ചപ്പോൾ ആരോ അവരുടെ ഡയറിയിൽ കിടന്ന നമ്പർ കണ്ട് വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ് വയ്യാതെ ആശുപത്രിയിൽ കിടന്നതും കാല് മുറിച്ചു മാറ്റിയതും മരിച്ചതും അറിയുന്നത്. അതിനിടയിലെപ്പോഴെങ്കിലും ചേച്ചി എന്നെയും ചേച്ചിയുടെ ടീച്ചറെയും പ്രതീക്ഷിച്ചിരുന്നിരിക്കണം.
ചന്നം പിന്നം മഴ പെയ്യാൻ തുടങ്ങി. സംസ്ക്കാരം നേരത്തെ കഴിഞ്ഞത് ഏതായാലും നന്നായി. മഴത്തുള്ളിയിൽ നിന്നും മാറി ബസ്സിലെ സീറ്റിന്റെ ഒരരികു ചേർന്ന് അയാളിരുന്നു. തണുത്ത കാറ്റ് വല്ലാതെ വീശുന്നുണ്ട്. അയാളുടെ ഓർമ്മകൾ വീണ്ടും ചേച്ചിയിലേക്ക് പോയി. എന്നാലും ആർക്കെങ്കിലുമൊക്കെ വരാമായിരുന്നു. അല്ലെങ്കിൽ തന്നെ മരിക്കും വരെയല്ലേയുള്ളല്ലോ സൗഹൃദങ്ങളുടെ ആയുസ്സ്. കാണാൻ വന്നാലും മരിച്ചയാൾ കാണുന്നില്ല, അല്ലെങ്കിൽ കാണാൻ ഭർത്താവോ ഭാര്യയോ മക്കളോ വേണം, കാണാനാരുമില്ലെങ്കിൽ ബുദ്ധിമുട്ടി വന്നാലും വണ്ടിക്കൂലി പോകുന്നത് മിച്ചം. ആരെയും കാണാതിരുന്നതിന്റെ കാരണങ്ങളിലേക്ക് പിന്നെ അയാൾ ചിന്തിച്ചതേയില്ല.
ജീവിച്ചിരുന്നപ്പോൾ ചേച്ചിയെ വന്നു കാണാതിരുന്നതിന്റെ കുറ്റബോധം അയാളെ വല്ലാതെ അലട്ടി. ഒന്നും പിന്നത്തേക്ക് മാറ്റി വെക്കരുതെന്ന വലിയ സത്യം അയാൾ തിരിച്ചറിയുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്തു കൊടുക്കണമെന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു. മഴ തോർന്നു തുടങ്ങിയിരുന്നുവെങ്കിലും ചേച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ മനസ്സിൽ പെയ്തു തീർന്നിരുന്നില്ല.