കലോത്സവം: വിധികർത്താക്കളെക്കുറിച്ച് ഇനി ഒന്നും ചോദിക്കരുത്
Mail This Article
കോഴിക്കോട് ∙ സ്കൂൾ കലോത്സവങ്ങളിലെ വിധിനിർണയം സുതാര്യമാക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും കൂടുതൽ ക്രമക്കേടുകൾക്കു വഴിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്.
കലോത്സവ വിധികർത്താക്കളുടെ പേരു പോലും ഇനി മുതൽ വിവരാവകാശ നിയമപ്രകാരം പുറത്തുവിടില്ല. വ്യക്തിസുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിധികർത്താക്കളുടെ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കി.
യോഗ്യതയില്ലാത്തവരും കളങ്കിതരും യുവജനോത്സവ വേദിയിൽ വിധികർത്താക്കളായി എത്തുന്നുവെന്ന പരാതി വ്യാപകമായി നിലനിൽക്കെയാണ് ഇനി വിധികർത്താക്കളുടെ വിവരം നൽകേണ്ടെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം വരെ വിധികർത്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരവും വിവരാവകാശ നിയമപ്രകാരം പുറത്തു വിട്ടിരുന്നു.
ഉപജില്ലാ സ്കൂൾ കലോത്സവം മുതൽ സംസ്ഥാന സ്കൂൾ കലോത്സവം വരെ വിധികർത്താക്കളെ തിരഞ്ഞെടു ക്കേണ്ടത് എങ്ങനെയെന്നു കലോത്സവ മാന്വൽ പറയുന്നുണ്ട്.
വിധികർത്താക്കളാകേണ്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച്, വിദഗ്ധ പാനൽ ഇവരുടെ കൂടിക്കാഴ്ച നടത്തി, തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയാണ് അന്തിമ വിധികർത്താക്കളെ നിശ്ചയിക്കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ വർഷം ഉപജില്ലാ തലം മുതൽ ഇത് അട്ടിമറിക്കപ്പെട്ടതായി വ്യാപക പരാതി ഉയർന്നിരുന്നു. പല മത്സരങ്ങളിലും വിധികർത്താക്കളായി ഇരുന്നവർക്ക് അടിസ്ഥാന യോഗ്യത പോലുമുണ്ടായിരുന്നില്ല. ശാസ്ത്രീയമായി നൃത്തം പഠിക്കാത്തവരും ശാസ്ത്രീയ നൃത്ത വിധികർത്താക്കളായി. മോഹിനിയാട്ടം പഠിച്ചവർ ഭരതനാട്യം വിധികർത്താക്കളായി എത്തി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരുമുണ്ടായിരുന്നു.