ഐഐഎം ഡയറക്ടർ നിയമന അധികാരം ഇനി രാഷ്ട്രപതിക്ക്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ (ഐഐഎം) രാഷ്ട്രപതിക്കു കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകൾ വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ബോർഡ് ഓഫ് ഗവർണേഴ്സിന്റെ മേധാവിയെ നിയമിക്കാനും ഐഐഎം ഡയറക്ടർമാരുടെ നിയമനം, ഇവരെ നീക്കം ചെയ്യൽ എന്നിവയിൽ ഇടപെടാനും രാഷ്ട്രപതിക്ക് അധികാരമുണ്ടാകും.
2018ലെ ഐഐഎം നിയമത്തിൽ വരുത്തിയ ഭേദഗതികൾ കഴിഞ്ഞ ജൂലൈയിലാണു പാർലമെന്റ് പാസാക്കിയത്. കഴിഞ്ഞ ദിവസം ഇതു വിജ്ഞാപനം ചെയ്തു. രാഷ്ട്രപതിയായിരിക്കും എല്ലാ ഐഐഎമ്മുകളുടെയും വിസിറ്റർ. ബോർഡ് ഓഫ് ഗവർണേഴ്സിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെങ്കിൽ ഇവ പിരിച്ചുവിടാനും രാഷ്ട്രപതിക്ക് അധികാരമുണ്ടാകും.
ഐഐഎമ്മുകളുടെ പ്രധാന ഭരണ നിർവഹണ സംവിധാനമാണു ബോർഡ് ഓഫ് ഗവർണേഴ്സ്. കേന്ദ്ര–സംസ്ഥാന സർക്കാർ പ്രതിനിധികളും ബോർഡിൽ അംഗങ്ങളാണ്. ഐഐഎം നിയമം അനുസരിച്ചു ബോർഡ് ഓഫ് ഗവർണേഴ്സിനാണു അധ്യക്ഷനെ നിയമിക്കാനുള്ള അധികാരം.