പതിനൊന്നാം വയസ്സിൽ ആദ്യ പുസ്തകം ബെസ്റ്റ് സെല്ലർ, മൂന്നു വയസ്സിൽ വെള്ളംപോലെ ഇംഗ്ലിഷ് : ഈ പിള്ളേര് പൊളിയാ!
Mail This Article
നമ്മളറിയാത്ത, അനേകം കഴിവുകളുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട്. എല്ലാവരുമൊന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചെന്നു വരില്ല. പല കുഞ്ഞുങ്ങളുടെയും കഴിവുകൾ മാതാപിതാക്കൾ പലപ്പോഴും തിരിച്ചറിഞ്ഞെന്നും വരില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. ‘കുഞ്ഞാണ്, അതുകൊണ്ട് ഇപ്പോൾ അതിന്റെ കഴിവിനെ ശ്രദ്ധിക്കേണ്ടതില്ല, വലുതാവുമ്പോൾ നോക്കാം’ എന്നൊന്നും അവര്‍ പറയില്ല. എങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കാമോ ആ വഴിയിലൂടെയൊക്കെ അവര്‍ കുട്ടികളെ ഉയരങ്ങളിലേക്കു കൈപിടിച്ചുയർത്തും. ഒരു കൈത്താങ്ങോ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെന്ന ഉറപ്പോ മതിയാകും, പല കുട്ടികളും പിന്നീടുള്ള ദൂരം ആത്മവിശ്വാസത്തോടെ നടന്നോളും. മാതാപിതാക്കളുടെ കട്ടസപ്പോർട്ടോടെ മികിവു തെളിയിച്ച മൂന്ന് സൂപ്പർ കിഡ്‌സിനെയും അവരുടെ മാതാപിതാക്കളെയും പരിചയപ്പെടാം ഈ ശിശുദിനത്തിൽ.
നിറങ്ങളോ? നിസ്സാരം !
കുഞ്ഞുങ്ങള്‍ നിറങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത് സാധാരണ ഒന്നര വയസ്സോളമാകുമ്പോഴാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ എറണാകുളം സ്വദേശിയായ നചികേത് എന്ന കുഞ്ഞ് നിറങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത് ഒൻപതാം മാസം മുതലും. മാധ്യമപ്രവർത്തകരായ ലക്ഷ്മിയുടെയും ദിപിന്റെയും മകനാണ് നചികേത് ആര്യന്‍. പഴങ്ങളുടെയും പച്ചക്കറികളുടെയും കളിപ്പാട്ടങ്ങളുടെയും നിറങ്ങൾ നചികേത് കൗതുകത്തോടെ നോക്കുന്നതു കണ്ടപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നുന്നത്. ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, നചികേത് നിറങ്ങൾ തിരിച്ചറിയുന്നുണ്ട്. കൂട്ടത്തിലെ നീല നിറമുള്ള ബോളിനോട് ഒരു ഇഷ്ടക്കൂടുതലുമുണ്ട്. അങ്ങനെ ചുവപ്പും പച്ചയും മഞ്ഞയും നചികേതിനു അവർ പരിചയപ്പെടുത്തി. ശ്രമം പരാജയപ്പെട്ടില്ല, ആ നിറങ്ങൾ വീണ്ടും കണ്ടപ്പോൾ കക്ഷി അത് തിരിച്ചറിയുകയും ചെയ്തു.
നചികേതിന്റെ ഡോക്ടർ ആന്റിക്ക് സംഭവം അയച്ചപ്പോൾ, അതു പ്രോത്സാഹിപ്പിക്കണമന്നായിരുന്നു മറുപടി. പിന്നീട് നിറങ്ങൾ പതിയെ പരിചയപ്പെടുത്താൻ തുടങ്ങി. നചികേത് ഓരോന്നും ഓർമയിൽ സൂക്ഷിച്ചു വയ്ക്കാനും. ഇപ്പോൾ എഴുപത്തിയഞ്ചോളം വസ്തുക്കൾ, അതിന്റെ നിറങ്ങള്‍, രൂപം എല്ലാം നചികേത് തിരിച്ചറിയും. ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ കുഞ്ഞു നചികേതിന്റെ വിശേഷം റജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ലക്ഷ്മിയും ദിപിനും.
നിറങ്ങളുടെ മാത്രം ആരാധകനല്ല കുഞ്ഞു നചികേത്. ജനിച്ചപ്പോൾ മുതൽ കക്ഷിക്കു കൂട്ട് രാമു എന്ന പൂച്ചയും ഹാച്ചു എന്ന നായയുമാണ്. മൃഗങ്ങളുമായി കുഞ്ഞുങ്ങൾ ഇടപെട്ടാൽ അലർജിയും അസുഖങ്ങളും വരും, അതുകൊണ്ടു മൃഗങ്ങളെ ഉപേക്ഷിക്കണം എന്ന ഉപദേശങ്ങളും പരിഹാസങ്ങളും നാലുവശത്തുനിന്നു ലഭിച്ചിട്ടും ലക്ഷ്മിയും ദിപിനും അതിനു തയാറായില്ല. കുട്ടിക്കാലം മുതൽ വളർത്തു മൃഗങ്ങൾക്കൊപ്പം അവരെ പരിചരിച്ച്, സ്നേഹിച്ച് വളരുന്ന കുട്ടികളിൽ അലർജി കുറവായിരിക്കുമെന്നും സഹജീവികളോടും സഹ മനുഷ്യരോടുമുള്ള സഹാനുഭൂതിയും സ്നേഹവും കുഞ്ഞുങ്ങൾക്ക് ഇതുമൂലം വർധിക്കുമെന്നും തന്നെയാണ് രണ്ടു പേരുടെയും വിശ്വാസം. നചികേതിന്റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് രാമുവും ഹാച്ചുവും. ചുരുക്കത്തിൽ, നിറങ്ങളും വളർത്തു മൃഗങ്ങളും എല്ലാംചേർന്ന് നചികേതിന്റെ ദിവസങ്ങളെ കളർഫുൾ ആക്കുകയാണ്.
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലര്‍
ആദ്യത്തെ പുസ്തകം തന്നെ ബെസ്റ്റ് സെല്ലർ, അതും പതിനൊന്നാം വയസ്സിൽ. പുസ്തകത്തിന്റെ പേര് ‘മർഡർ അറ്റ് ദ് ലീക്കി ബാരൽ’. എഴുത്തുകാരന്റെ പേര് ജോഷ്വാ ബിജോയ്. ബുക്സ്‌തകം എന്ന പ്രസാധകർ വഴി ആമസോണിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇറങ്ങിയ അന്നു തന്നെ പുസ്തകം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദിവസങ്ങളോളം കിൻഡിൽ ഇ-ബുക്ക് വിഭാഗത്തിൽ മർഡർ അറ്റ് ദ് ലീക്കി ബാരൽ ആമസോണിൽ നമ്പർ വൺ തന്നെയായിരുന്നു.
പുണെയിലാണ് ജോഷ്വാ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്. പുണെ ഐസറിലെ അസോഷ്യേറ്റ് പ്രഫസർ ബിജോയ് തോമസിന്റെയും എഴുത്തുകാരി സുമ സണ്ണിയുടെയും മകനാണ് ജോഷ്വാ. 2020 ലെ ലോക്ഡൗൺ സമയത്ത് കാര്യമായ എഴുത്തിലായിരുന്നു ജോഷ്വാ. മകൻ എഴുതുന്നത് എന്താണെന്നോ അതിൽ ഗൗരവമുണ്ടോ എന്നോ ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും, ജോഷ്വാ കയ്യെഴുത്തുപ്രതി വായിക്കാൻ കൊടുത്തപ്പോൾ അതു കുട്ടിക്കളിയായിരുന്നില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഒരു കുട്ടിയാണ് എഴുതിയത് എന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള ആഴമുള്ള ഭാഷയും ശൈലിയുമായിരുന്നു അതിലുണ്ടായിരുന്നത്. പിന്നീട് അത് പ്രസിദ്ധീകരിക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നു. കുട്ടിയുടെ കഴിവിനെ ‘പിള്ളേരുടെ പരിപാടി’യായി കണ്ടു നിസ്സാരമാക്കാത്ത മാതാപിതാക്കൾ തന്നെയാണ് ജോഷ്വായുടെ വിജയം.
ഇപ്പോൾ കുട്ടിയെഴുത്തുകാരൻ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘സോൾ ഇൻ ദ് മിഡിൽ’ എന്നാണു പേര്. ജോഷ്വായ്ക്ക് ഇപ്പോൾ പതിമൂന്നു വയസ്സ്. പ്രായത്തിന്റെ വളർച്ചയ്‌ക്കൊപ്പം പുസ്തകത്തിന്റെ ആഴവും കൂടിയിരിക്കുന്നു. സ്വന്തം പെയിന്റിങ്ങുകൾ അടിസ്ഥാനപ്പെടുത്തി എഴുതിയ കവിതകളാണ് ‘സോൾ ഇൻ ദ് മിഡിൽ’. ഇത്തരം പുസ്തകങ്ങൾ ഇന്ത്യൻ സാഹിത്യത്തിൽ കുറവായതിനാൽ ഈ പുസ്തകത്തിന് ഒരുപാട് പ്രസക്തിയുമുണ്ട്.
പ്രകൃതിയും കാലാവസ്ഥ വ്യതിയാനവും മലിനീകരണം മൂലമുള്ള കടലിന്റെ അടിത്തട്ടിലെ മാറ്റങ്ങളും മനുഷ്യരുടെ മാറുന്ന ചിന്താഗതികളുമെല്ലാം ‘സോൾ ഇൻ ദ് മിഡിൽ’ എന്ന പുസ്തകത്തിലെ പെയിന്റിങ്ങുകളിലെ വിഷയങ്ങളാണ്. അബ്സ്ട്രാക്റ്റ് ആർട്ടിലൂടെ ജോഷ്വയുടെ മനസ്സിലെ ആശയങ്ങൾ കാണുന്നവരിലേക്ക് കൃത്യമായി എത്തിക്കുന്നതിനാണ് കവിതകളിലൂടെ ശ്രമിച്ചിരിക്കുന്നത്. ‘നേച്ചർ ദ് ടീച്ചർ’ എന്നൊരു പുസ്തകം കൂടി ഇതിനു മുൻപ് ജോഷ്വായുടേതായി പുറത്തു വന്നിട്ടുണ്ട്. ജോഷ്വാ നന്നായി ഗിറ്റാർ വായിക്കും, പാചകം ചെയ്യും, ഒപ്പം ചിത്ര രചനയുമുണ്ട്. ഇപ്പോൾ പല കമ്പനികൾക്കും വേണ്ടി ലോഗോ ഡിസൈനും ചെയ്യുന്നുണ്ട്. പരസ്യ കമ്പനികളിൽ ക്രീയേറ്റീവ് റൈറ്റർ ആകാനാണ് ജോഷ്വക്ക് താൽപര്യം.
വയസ്സല്ല പ്രധാനം ഭാഷയാണ് ഭാഷ!
വീട്ടിൽ മറ്റുള്ളവർ സംസാരിക്കുന്നത് മലയാളത്തിൽ പക്ഷേ മൂന്നു വയസ്സുകാരൻ നല്ല വൃത്തിയ്ക്ക് സംസാരിക്കുന്നത് ഇംഗ്ലീഷ്. എറണാകുളം സ്വദേശിയായ മിത്രയുടെയും പ്രവാസിയായ ശ്രീനിയുടെയും ഏക മകൻ നഹഗ് എന്ന നാണു ആണ് കഥാപാത്രം. മൂന്നു വയസ്സുള്ള നഹഗിന്റെ പ്രിയപ്പെട്ട പരിപാടി യൂട്യൂബ് ചാനൽ കാണുന്നതും ഇംഗ്ലീഷ് കാർട്ടൂണുകൾ ആസ്വദിക്കുന്നതുമാണ്. സംസാരിക്കേണ്ട പ്രായമായിട്ടും കുട്ടി സംസാരിക്കാൻ വൈകുന്നതോർത്ത് മിത്രയ്ക്ക് വേവലാതിയുണ്ടായിരുന്നു, അതുകൊണ്ടു തന്നെ അതിനു വേണ്ടി പ്രത്യേക പരിശീലനവും എടുക്കേണ്ടി വന്നിരുന്നു. ഇപ്പോഴും നഹഗ് അധികം സംസാരിക്കുന്ന പ്രകൃതക്കാരൻ അല്ല. നാണമാണ് കക്ഷിയുടെ മെയിൻ.
അമ്പിളി മാമനെ പരിചയപ്പെടുത്താനും ഗ്രഹങ്ങളെ കാണിച്ചു കൊടുക്കാനും വേണ്ടിയാണ് നഹഗിന് അമ്മ കിഡ്സ് യൂട്യൂബ് ചാനൽ വച്ച് കൊടുത്തത്. അതിലുള്ള പല വിഡിയോകളും കുട്ടി വളരെ ക്ഷമയോടെ ഇരുന്നു കണ്ടു തീർത്തു. മറ്റുള്ളവരോട് അധികം സംസാരിക്കാത്തതിനാൽ കാണുന്ന കഥകളിലെ കഥാപാത്രങ്ങളായി കുഞ്ഞു നഹഗിന്റെ കൂട്ടുകാർ. അവരോടു സംവദിക്കണമെങ്കിൽ അവരുടെ ഭാഷയിൽ വേണമെന്ന തിരിച്ചറിവിൽ ഭാഷ മനഃപൂർവം അല്ലാതെ തന്നെ പഠിക്കാൻ ആരംഭിച്ചു. ആദ്യം ചെറിയ വാക്കുകൾ കൂട്ടി ചേർത്ത് പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോൾ പൂർണമായി വാചകം തന്നെ തെറ്റില്ലാതെ പറയും. വീട്ടിൽ അമ്മയും അമ്മൂമ്മയും അപ്പൂപ്പനും മലയാളത്തിലാണ് സംസാരിക്കുന്നതെങ്കിലും അതൊന്നും നഹഗിന് ബാധകമല്ല. അവൻ കേൾക്കുന്ന ഭാഷ കൂട്ടുകാരായവരുടെ മാത്രമാണ്. അവരോടാണ് അവനു സംസാരിക്കേണ്ടതും. അതുകൊണ്ടു കേട്ടുള്ള ഇംഗ്ലീഷ് ഭാഷാ പഠനം ഊർജ്ജിതമാണ്. ചിത്രങ്ങൾ എടുക്കുന്നത് വലിയ മടിയാണ് കക്ഷിയ്ക്ക്. ആരെങ്കിലും തന്റെ ചിത്രമെടുക്കാൻ വന്നാൽ നഹഗ് പതിയെ അമ്മയുടെ പിന്നിലേയ്ക്ക് മാറി ഒളിച്ചിരിക്കും. കുഞ്ഞുങ്ങൾ ആദ്യം പഠിക്കുന്നത് മാതൃഭാഷയാണെന്ന ചിന്തകളെയാണ് നഹഗിന്റെ വിദേശ ഭാഷാ പഠനം ഫുൾ സ്റ്റോപ്പ് ഇട്ടു നിർത്തുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം മാത്രമല്ല , നിറങ്ങൾ, ഗ്രഹങ്ങളുടെ പേരുകൾ, അവയുടെ സവിശേഷതകൾ, അക്കങ്ങൾ എല്ലാം നഹഗ് ഈ യൂട്യൂബ് ചാനലിൽ നിന്ന് തന്നെയാണ് പഠിച്ചത്. കാർട്ടൂണിലെ കഥാപാത്രങ്ങൾ അമ്മമാരെ സഹായിക്കുന്നത് കണ്ടു കുഞ്ഞു നഹഗ് തന്നെയും സഹായിക്കാൻ അമ്മ ഐ വിൽ ഹെൽപ് എന്നു പറഞ്ഞു വരാറുണ്ടെന്നും മിത്ര പറയുന്നു.
സ്പീച്ച് തെറാപ്പിയ്ക്ക് കൊണ്ട് പോയപ്പോൾ ആദ്യം സംസാരിക്കാൻ ഭയങ്കര മടിയായിരുന്നു നഹഗിന്. പിന്നീട് പതിയെ സംസാരിക്കാൻ ആരംഭിച്ചു. അമ്മ എന്ന് ഉച്ചരിച്ച് കഴിഞ്ഞ ശേഷം കക്ഷി ആദ്യം പറഞ്ഞത് ഗ്രഹങ്ങളുടെ പേരായിരുന്നു. നഹഗിനെ പരിശോധിച്ച ഡോക്ടർമാരോട് ഇതൊക്കെ പറഞ്ഞപ്പോൾ അവർ പറഞ്ഞത് കൊറോണകാലത്ത് ഉണ്ടായ കുഞ്ഞുങ്ങൾക്ക് മറ്റുള്ളവരുമായുള്ള ഇടപെടൽ കുറവായതിനാൽ ഉണ്ടാകുന്ന മാറ്റമാണ് ഇതെന്നാണ്. എല്ലാത്തരം ടെസ്റ്റുകളും നടത്തിയെങ്കിലും നഹഗിനു ഒരു കുഴപ്പവുമില്ലെന്നും ആൾ പെർഫെക്റ്റ് ആണെന്നും ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. യൂട്യൂബ് ചാനലുകൾ തെരഞ്ഞെടുക്കുമ്പോൾ നഹഗിന്റെ അമ്മ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ഗെയ്മുമായി ബന്ധപ്പെട്ട ചാനലുകൾ മനഃപൂർവം ഒഴിവാക്കാനും ശ്രദ്ധിക്കുന്നുണ്ട്.
യൂട്യൂബ് ചാനൽ മാത്രമല്ല കുഞ്ഞു നഹഗ് പുസ്തകത്തിലും തൽപരനാണ്. പുറത്തൊക്കെ പോകുമ്പോൾ മിത്ര കുഞ്ഞിന് പറ്റിയ പുസ്തകങ്ങൾ വാങ്ങി കൊണ്ട് കൊടുത്താൽ ആൾക്ക് വലിയ സന്തോഷമാണ്. മലയാളം പുസ്തകങ്ങളോട് അത്ര താൽപര്യമില്ലെങ്കിലും മനുഷ്യ ശരീരത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ഒക്കെയുള്ള പുസ്തകങ്ങൾ കൗതുകത്തോടെ നോക്കും. യൂട്യൂബിൽ വരുന്ന സമാനമായ വീഡിയോ കാണുമ്പോൾ പുസ്തകത്തിലെ പേജുകൾ എടുത്തു വച്ച് അത് ശ്രദ്ധിച്ചിരിക്കുകയാണ് കക്ഷിയുടെ പ്രധാന പരിപാടി. യൂട്യൂബ് ചാനലുകളുടെ തുടക്കം മലയാളത്തിൽ തന്നെയായിരുന്നെങ്കിലും പതിയെ ഇംഗ്ലീഷ് ഭാഷയിലുള്ള ചാനലുകളിലേയ്ക്ക് മാറി. മലയാളം പറയാൻ താൽപ്പര്യം കാണിച്ചതുമില്ല. പക്ഷേ സംസാരിക്കാൻ കുഞ്ഞു നഹഗിനു ഇപ്പോഴും ഇഷ്ടം ഇംഗ്ലീഷ് തന്നെ. കുഞ്ഞുങ്ങൾ ആദ്യം പഠിക്കുന്നത് മാതൃഭാഷയാണെന്നു പറയാറുണ്ടെങ്കിലും നഗഹിന്റെ വിദേശ ഭാഷാ പഠനം അതിനൊപരവാദമാണ്.