ഇന്ന് ദേശീയ പത്രദിനം: സ്വന്തം പത്രം പുറത്തിറക്കി സ്കൂൾ വിദ്യാർഥികൾ
Mail This Article
ദേശീയ പത്ര ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ പത്രത്തിന്റെ പ്രകാശനം പത്താം ക്ലാസ് വിദ്യാർഥികളായ നന്ദന ബ്രിജേഷ്, അലിന്റ സേവ്യർ എന്നിവർ മലയാള മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്യുന്നു
ചൂണ്ടൽ ∙ പത്രവായനയിലൂടെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു ഞങ്ങളുടെ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ (എൽഐജിഎച്ച്എസ്) സ്കൂൾ പത്രം പുറത്തിറക്കി.
ദേശീയ പത്രദിനം പ്രമാണിച്ചാണ് ഞങ്ങൾ വിദ്യാർഥികൾ ചേർന്നു ‘വോയ്സ് ഓഫ് എൽഐജിഎച്ച്എസ്’ എന്നു പേരിട്ടിരിക്കുന്ന പത്രം തയാറാക്കിയത്. സ്കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ വിശേഷങ്ങൾ ഉൾപ്പെടുത്തി നാലു പേജുള്ള പത്രത്തിന്റെ ആദ്യ പതിപ്പാണു പുറത്തിറക്കിയത്. പ്രവേശനോത്സവം, വിവിധ ദിനാചരണങ്ങൾ, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ബോധവൽക്കരണ സെമിനാറുകൾ, ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം, സ്കൂൾ കലോത്സവം–കായികമേള, വായന വാരാചരണം, പിടിഎ പൊതുയോഗം, മെറിറ്റ് ഡേ തുടങ്ങി വിനോദയാത്ര വരെയുള്ള സ്കൂൾ പരിപാടികളുടെ വാർത്തകളും പടങ്ങളുമാണ് പത്രത്തിലുള്ളത്.
കുട്ടികൾ തന്നെയാണു വാർത്തകൾ തയാറാക്കിയതും ഡിടിപി വരെയുള്ള അണിയറ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും. അടുത്ത മാസം സ്കൂൾ പത്രത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കും. ഞങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെയും നാടിന്റെയും ലോകത്തിന്റെ തന്നെയും എണ്ണമറ്റ വിവര ജാലകങ്ങൾ പത്രവായനയിലൂടെ വിദ്യാർഥികൾക്കെല്ലാം നൽകാനാണു ഞങ്ങൾ സ്കൂൾ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ സ്വഭാവവും ജീവിതാവബോധവും വിവേചന ശേഷിയുമൊക്കെ നിർണയിക്കുന്ന മികച്ച അധ്യാപകർ കൂടിയാണു പത്രങ്ങൾ.
അക്ഷരങ്ങളോടുള്ള ആദരവും സ്നേഹവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാകട്ടെ ഞങ്ങളുടെ വളർച്ച. അടുത്ത അധ്യയന വർഷം മുതൽ പൊതു വാർത്തകൾ കൂടി ഉൾപ്പെടുത്തി 3 മാസം തോറും സ്കൂൾ പത്രം ഇറക്കാനാണു ലക്ഷ്യമിടുന്നത്. സ്കൂൾ പത്രം മലയാള മനോരമ കോ–ഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻകുമാർ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ്, മനോരമ പിക്ചർ എഡിറ്റർ ഉണ്ണി കോട്ടക്കൽ, സീനിയർ റിപ്പോർട്ടർ സുബിൻ മാത്യു തോമസ്, പത്രാധിപസമിതിയംഗം അഞ്ജന ഷാജി, സ്കൂൾ ലോക്കൽ മാനേജരും സാൻതോം മഠം മദർ സുപ്പീരിയറുമായ സിസ്റ്റർ സിദ്ധി, പിടിഎ പ്രസിഡന്റ് എം.കെ. ഷൈൻ, അധ്യാപിക സി.റിയ പോൾസൺ എന്നിവർ പ്രസംഗിച്ചു.