ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി മുൻപുണ്ടായിരുന്ന രീതിയിൽ സർക്കാർ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും. ഒന്നാം പാദ വാർഷിക പരീക്ഷയിൽ ഹയർ സെക്കൻഡറി വിഭാഗം ചോദ്യപേപ്പർ സ്കൂളുകളിൽ തന്നെ തയാറാക്കണമെന്ന നിർദേശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗത്തിന്റേത് 15നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂമെന്റ് പ്രോഗ്രാം(ക്യുഐപി) നിരീക്ഷണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണായായത്.
ഒന്നാംപാദ വാർഷിക പരീക്ഷയ്ക്ക് ഹയർ സെക്കൻഡറി ചോദ്യപ്പേപ്പർ സ്കൂളുകൾ സ്വന്തം നിലയ്ക്കു തയാറാക്കി ഉപയോഗിക്കണമെന്നു നിർദേശിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടനകളോ സ്ഥാപനങ്ങളോ തയാറാക്കുന്ന ചോദ്യപ്പേപ്പർ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ച് പ്രിൻസിപ്പൽമാരുടെ സംഘടന തയാറാക്കി നൽകിയ ചോദ്യപ്പേപ്പറാണ് ഭൂരിഭാഗം സ്കൂളുകളിലും ഉപയോഗിച്ചത്.