കുസാറ്റ് ദുരന്തം ആവർത്തിക്കരുത്! കോളജുകളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
Mail This Article
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. സംഗീതനിശ തുടങ്ങാനിരിക്കെയാണ് സംഭവം. എവിടെയാണ് പാളിച്ച പറ്റിയത്, ആരാണ് ഉത്തരവാദികൾ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ആർക്കും വ്യക്തമായ ഉത്തരമില്ല. ഇനി ഇതുപോലൊരു ദുരന്തത്തിന് നമ്മുടെ കലാലയങ്ങൾ വേദിയാകരുത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, കോളജുകളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാം. ജില്ലയിലെ വിവിധ കോളജ് യൂണിയൻ ഭാരവാഹികളുടെ പ്രതികരണങ്ങളിലൂടെ....
സുരക്ഷാ മുന്നൊരുക്കം പ്രധാനം
കലാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ സംഘാടകരുടെ കർത്തവ്യം പ്രധാനമാണ്. പൊലീസ് ഉൾപ്പെടെയുള്ള അധികാരികളുടെ അനുമതിയോടെ കാര്യങ്ങൾ വിലയിരുത്തി വേണം പരിപാടികൾ സംഘടിപ്പിക്കാൻ. പരിപാടികൾ നടക്കുന്ന വേദികൾ കണ്ടെത്തി, എത്രപേരെ ഉൾക്കൊള്ളാൻ കഴിയും എന്നത് കൃത്യമായി രേഖപ്പെടുത്തി വേണം സുരക്ഷാ മുന്നൊരുക്കങ്ങൾ തയാറാക്കേണ്ടത്. ഇത്തരത്തിലുള്ള പരിപാടികൾ തുറന്ന സ്ഥലങ്ങളിൽ സംഘടിപ്പിക്കുകയാണെങ്കിൽ കുസാറ്റിൽ നടന്നതു പോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.
∙അമൽ പ്രേം,
കോളജ് യൂണിയൻ ചെയർമാൻ,
ഗവ.കോളജ്, മൂന്നാർ
ഇടുങ്ങിയ ഹാളുകൾ ഒഴിവാക്കണം
ഇടുങ്ങിയ ഹാളുകളിലെ ഇവന്റുകൾ ഒഴിവാക്കണം. ഓഡിറ്റോറിയത്തിന്റെ സൗകര്യം അനുസരിച്ചുവേണം പുറത്തു നിന്നുള്ള ആളുകളെ പങ്കെടുപ്പിക്കേണ്ടത്. ഹാളുകളിൽ കൂടുതൽ വാതിലുകൾ ഒരുക്കണം. ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലവും സീറ്റുകളുടെ നിരകൾ തമ്മിലുള്ള അകലവും മാനദണ്ഡമനുസരിച്ച് വേണം. പ്രവേശനകവാടത്തിനു മുൻവശത്ത് ഇരിപ്പിടങ്ങൾ ഒരുക്കി തടസ്സം സൃഷ്ടിക്കരുത്.
∙ജിബിൻ ഷാജി,
കോളജ് യൂണിയൻ ചെയർമാൻ,
സെന്റ് ജോസഫ്‌സ് കോളജ്,
മൂലമറ്റം
പിഴവില്ലാത്ത സംഘാടനം പ്രധാനം
വലിയ ആൾക്കൂട്ടത്തിനു സാധ്യതയുള്ള പരിപാടികൾ നടത്താൻ തീരുമാനിക്കുന്ന വേദികളിലേക്ക് ഒന്നിൽ കൂടുതൽ കവാടങ്ങൾ ഉണ്ടായിരിക്കണം. ഈ കവാടങ്ങളിലും ജാഗ്രത പാലിക്കേണ്ട ഇടങ്ങളിലും പ്രത്യേകം സൂചനാ ബോർഡുകൾ സ്ഥാപിക്കണം. പൊലീസ് സേവനം, വൈദ്യ സഹായം എന്നിവ മുൻകൂട്ടി ഉറപ്പുവരുത്തണം. ഓരോ സ്ഥലത്തും നിയന്ത്രണത്തിനായി നിശ്ചിത കമ്മിറ്റി അംഗങ്ങളെ നിയമിക്കുകയും ഏതെങ്കിലും തരത്തിലുള്ള പിഴവുകളുടെ സൂചന ലഭിക്കുമ്പോൾത്തന്നെ അധികൃതരെ അറിയിക്കുകയും വേണം.
∙നവനീത ജെ.മോഹൻ,
ആർട്സ് ക്ലബ് സെക്രട്ടറി, ന്യൂമാൻ കോളജ്,
തൊടുപുഴ
ഉചിതമായ സ്ഥലം ക്രമീകരിക്കണം
കലാലയ ജീവിതത്തിന്റെ എല്ലാ ആഘോഷങ്ങളും വിദ്യാർഥികൾക്ക് ലഭിക്കേണ്ടതാണ്. സുരക്ഷ ഉറപ്പുവരുത്തി ആഘോഷപരിപാടികൾ നടത്തണം. എളുപ്പത്തിൽ പുറത്തേക്കും അകത്തേക്കും കടക്കാൻ പറ്റുന്ന സ്ഥലങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കണം.
∙അനു രാജു,
ആർട്സ് ക്ലബ് സെക്രട്ടറി,
എംഇഎസ് കോളജ്, നെടുങ്കണ്ടം
പരിപാടികൾ നിയന്ത്രിക്കുകയല്ല വേണ്ടത്
കോളജ് ഫെസ്റ്റുകൾ ഒഴിവാക്കാനാവില്ല, എന്നാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ വേണം. ഇതിനു പരിപാടികൾ നിയന്ത്രിക്കുകയല്ല വേണ്ടത്. മറിച്ച് കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കേ ണ്ടിയിരിക്കുന്നു. പരിപാടി നടത്തുന്ന സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയുന്ന ജനാവലിയെ സംബന്ധിച്ചു വ്യക്തമായ ധാരണ വേണം. തിരക്ക് ഉണ്ടായാൽ അതിനെ നിയന്ത്രിക്കുന്നതിനു പ്രത്യേക ടീമിനെ പരിശീലനം നൽകി നിയോഗിച്ച് മനുഷ്യനിർമിത അപകടങ്ങൾ ഒഴിവാക്കാം.
∙പി.അലൻ റെജി,
മാർ ബസേലിയോസ് എൻജിനീയറിങ് കോളജ്, കുട്ടിക്കാനം.
സുരക്ഷയ്ക്ക് മുൻതൂക്കം നൽകണം
കോളജിലെ നിശ്ചിത എണ്ണം വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ മാത്രം ഹാളിൽ നടത്തണം. വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം വലിയൊരു സദസ്സിനെ പ്രതീക്ഷിക്കു ന്നുണ്ടെങ്കിൽ പരിപാടി തുറസ്സായ മൈതാനത്തോ മറ്റോ നടത്തുകയാണ് ഉചിതം. ഇക്കാര്യത്തിൽ പൊലീസിന്റെയും ജനപ്രതിനിധികളുടെയും ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം തേടാം. പരിപാടികൾക്കായി ഒട്ടേറെ തുക ചെലവഴിക്കുന്ന സംഘാടകർ സുരക്ഷാ ക്രമീകരണത്തിനു പേരിനു പോലും പണം മുടക്കാതെ എൻഎസ്എസ്, എൻസിസി പോലുള്ള സംഘടനകളെ ചുമതല ഏൽപിച്ചു മാറിനിൽക്കുന്നതാണു പതിവ്. മാറിയ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ സുരക്ഷാ ക്രമീകരണത്തിനു നൽകണം.
∙ഫെബിൻ സാജു,
കോളജ് യൂണിയൻ ചെയർമാൻ,
പാവനാത്മാ കോളജ്, മുരിക്കാശേരി