സിയുഇടി–യുജി ഇനി ഹൈബ്രിഡ് രീതിയിൽ
Mail This Article
ന്യൂഡൽഹി :കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷ ഈ വർഷം മുതൽ ഹൈബ്രിഡ് രീതിയിൽ. ഈ വർഷത്തെ പരീക്ഷയുടെ റജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കുമെന്നാണു വിവരം. ഒരു വിദ്യാർഥിക്കു തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാദിനങ്ങൾ കുറയ്ക്കാനും ഫലം വേഗത്തിൽ പ്രഖ്യാപിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.
2022 ലാണ് സിയുഇടി–യുജി തുടങ്ങിയത്. കഴിഞ്ഞ 2 വർഷങ്ങളിലും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) ആയിരുന്നു. എന്നാൽ, ഏറ്റവുമധികം റജിസ്ട്രേഷനുള്ള വിഷയങ്ങളിൽ ഇനി ഒഎംആർ ഷീറ്റ് പരീക്ഷ നടത്താനാണു തീരുമാനം. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ ഉൾപ്പെടെ പരീക്ഷാകേന്ദ്രം
സജ്ജീകരിക്കാനാകുമെന്നും ഒരു വിഷയത്തിലെ പരീക്ഷ അന്നുതന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഒരു വിഷയത്തിൽ പല ദിവസങ്ങളിൽ പരീക്ഷ നടന്നിരുന്നു. പിന്നീടു നോർമലൈസേഷനിലൂടെ മാർക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. പുതിയ രീതി വരുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കുൾപ്പെടെ ഏറെ ദൂരം യാത്ര ചെയ്യാതെ പരീക്ഷ എഴുതാനുമാകും.
ഒരു വിദ്യാർഥിക്കു 10 വിഷയം വരെ തിരഞ്ഞെടുക്കാമായിരുന്നെങ്കിൽ ഇക്കുറി 6 ആയി ചുരുങ്ങും. മുൻവർഷങ്ങളിൽ 10 വിഷയം തിരഞ്ഞെടുത്തവർ വളരെ കുറവായിരുന്നുവെന്ന് അധികൃതർ പറയുന്നു. പരീക്ഷാകേന്ദ്രം അനുവദിക്കുന്നതുൾപ്പെടെയുള്ള പല സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാനാണ് പുതിയ തീരുമാനം.
3 പ്രധാന വിഷയങ്ങൾ, 2 ഭാഷകൾ, ഒരു ജനറൽ പരീക്ഷ എന്നിവയുൾപ്പെടെയാകും 6 വിഷയങ്ങൾ അനുവദിക്കുക. മേയ് 15 മുതൽ 31 വരെയാണ് ഈ വർഷത്തെ സിയുഇടി–യുജി പരീക്ഷ.