അധ്യാപക നിയമനം: 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ഇനി ടെറ്റ് നിർബന്ധം
Mail This Article
ന്യൂഡൽഹി:അധ്യാപക നിയമനത്തിനുള്ള ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷ (ടെറ്റ്) 9 മുതൽ 12 വരെ ക്ലാസുകളിലേക്കു കൂടി നിർബന്ധമാക്കുന്നു. 1 മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു നിലവിൽ കേന്ദ്രസർക്കാർ സി–ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) നടത്തുന്നുണ്ട്. സെക്കൻഡറി തലത്തിലെ നിയമനത്തിനും ഇതു ബാധകമാക്കാനാണു തീരുമാനം. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (എൻസിടിഇ) നേതൃത്വത്തിൽ ഇതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനു സി–ടെറ്റ് വിജയിക്കണം. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലും ഈ യോഗ്യത ആവശ്യമുള്ള പക്ഷം ഉപയോഗിക്കാം.
കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നിലവിൽ സെക്കൻഡറി തലത്തിലെ നിയമനത്തിനും പരീക്ഷയുണ്ട്. പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള തലങ്ങളിൽ കെ–ടെറ്റ് പരീക്ഷയും ഹയർ സെക്കൻഡറി തലത്തിൽ സെറ്റ് പരീക്ഷയുമാണു കേരളത്തിൽ.
ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം അനുസരിച്ചു ‘ടെറ്റ്’ പരീക്ഷ നിർബന്ധമാക്കുന്നതോടെ സംസ്ഥാനങ്ങളിലേത് ഉൾപ്പെടെയുള്ള പരീക്ഷകൾ ഏകീകരിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് എൻസിടിഇ അധികൃതർ പറഞ്ഞു.