ഉത്തരമില്ലാത്ത ചോദ്യം ചോദ്യക്കടലാസിന് ആരു കാവൽ നിൽക്കും ?
Mail This Article
പാലക്കാട് : ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് ഈ വർഷവും സ്കൂളിൽ തന്നെ സൂക്ഷിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതോടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്ന ആശങ്കയിലാണു പ്രിൻസിപ്പൽമാർ. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറിയിലെ ലാബ് അസിസ്റ്റന്റുമാരെയും ഹൈസ്കൂളിലെ ക്ലാസ് ഫോർ ജീവനക്കാരെയുമാണു ചോദ്യക്കടലാസിനു കാവൽ നിർത്തിയിരുന്നത്.
ഇതിനിടെ, ഹയർ സെക്കൻഡറി ചോദ്യക്കടലാസ് സുരക്ഷാ ചുമതലയിൽനിന്ന് ഹൈസ്കൂൾ മിനിസ്റ്റീരിയൽ ജീവനക്കാരെയും ക്ലാസ് ഫോർ ജീവനക്കാരെയും ഒഴിവാക്കി സർക്കാർ ഉത്തരവിട്ടു. ഇതോടെ ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റുമാർക്കു മാത്രമായി കാവൽജോലി. എന്നാൽ, സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബ് അസിസ്റ്റന്റുമാർ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആദ്യം സർക്കാർ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. ലാബ് അസിസ്റ്റന്റുമാർക്ക് പരീക്ഷാ ജോലി കൂടി ഉള്ളതിനാൽ രാത്രി കാവൽ നിന്നാൽ പരീക്ഷാ നടത്തിപ്പിനെയും ബാധിക്കും. ലാബ് അസിസ്റ്റന്റുമാരെ രാത്രി കാവൽ ജോലിക്കു നിയോഗിക്കണമെന്നാവശ്യപ്പെട്ട് റീജനൽ ഡപ്യൂട്ടി ഡയറക്ടർമാർ നിർദേശം നൽകിയതായും പരാതി ഉയർന്നിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ട്രഷറിയിൽ സൂക്ഷിക്കുമ്പോഴാണ് ഹയർ സെക്കൻഡറിയുടെ ചോദ്യപ്പേപ്പർ സ്കൂൾ അലമാരയിൽ സൂക്ഷിക്കണമെന്ന സർക്കാർ നിർദേശം.
ഹയർ സെക്കൻഡറി ചോദ്യക്കടലാസ് മോഷണം പോയതിനു മലപ്പുറം കുഴിമണ്ണയിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെയും ജോലിയിൽ ഉണ്ടായിരുന്നവരുടെയും പെൻഷൻ, റിട്ടയർമെന്റ് ആനുകൂല്യം വിദ്യാഭ്യാസ വകുപ്പു തടഞ്ഞിരുന്നു. ഇതു വാർത്തയായതോടെ ചോദ്യക്കടലാസിന്റെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
അനുകൂല തീരുമാനം ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി അടക്കം അധ്യാപക സംഘടനകൾക്കു വാക്കു നൽകിയെങ്കിലും ഈ വർഷവും തീരുമാനമുണ്ടായില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ ദിവസം നടക്കുന്നതിനാൽ ഹൈസ്കൂൾ അനധ്യാപകരുടെ സേവനം ഹയർ സെക്കൻഡറി പരീക്ഷയ്ക്കു ലഭിക്കാനും പ്രയാസമാണ്. ചോദ്യക്കടലാസിനു ജീവനക്കാരിൽ ഒരാളെ മാത്രം നിർത്തി സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.