പതിനഞ്ചോളം പേർക്കു തൊഴിൽ നൽകുന്ന സംരംഭക; സ്വന്തം ബ്രാൻഡിന്റെ ഡിസൈനറും മാനേജരും മോഡലുമെല്ലാമായി സോന
Mail This Article
എന്നെങ്കിലുമൊരു പെൺകുഞ്ഞു പിറന്നാൽ അവൾക്കിടാൻ സോന കരുതിവച്ച പേരായിരുന്നു മിഴി. മകൻ ആരവ് ജനിച്ച ശേഷം ആ പേരിട്ട്, ഒരു കുഞ്ഞിനേക്കാൾ കരുതലോടെ ചേർത്തുപിടിച്ച്, ഊണും ഉറക്കവും കളഞ്ഞ് വളർത്തിയെടുത്ത ആ സ്വപ്നമാണ് മിഴി ഡിസൈനർ ബുട്ടീക്– ചെറുപുഴ എന്ന ഗ്രാമത്തിലെ ആദ്യ ബുട്ടീക്കായിരുന്നു അത്. 2018ൽ 2 തയ്യൽ മെഷീനുമായി മിഴിക്ക് തുടക്കമിടുമ്പോൾ പിടിച്ചുനിൽക്കാനുള്ള നെട്ടോട്ടമായിരുന്നു. കടുമേനിയിലെ വീടിനോടു ചേർന്ന മിഴി യൂണിറ്റിനു പുറമേ പയ്യന്നൂർ മാളിൽ സോനാസ് ബ്രൈഡൽ ഡെസ്റ്റിനേഷൻ എന്ന ബ്രൈഡൽ ബുട്ടീക്കും ഓൺലൈൻ സെയ്‌ലുമുൾപ്പെടെ കഴിഞ്ഞ വർഷം 60 ലക്ഷത്തിലേറെ രൂപയെന്ന കച്ചവട ലക്ഷ്യം മറികടന്നു. ഇന്ന് പതിനഞ്ചോളം പേർക്ക് തൊഴിൽ നൽകുന്ന സംരംഭക കൂടിയാണിന്ന് സോന.
പഠിച്ചത് ഇംഗ്ലിഷ് സാഹിത്യം, വിവാഹശേഷം 10 വർഷത്തോളം ചെയ്തത് കമേഴ്സ്യൽ ഓഫിസർ ജോലി. കേരളത്തിൽ നിന്നു ബാംഗ്ലൂരിലേക്കും കോയമ്പത്തൂരിലേക്കും ജീവിതം പറിച്ചുനടപ്പെട്ടു. എന്നാൽ ആരവ് പിറന്നതോടെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനാകാത്ത അവസ്ഥ വന്നു. ഏറെ സങ്കടത്തോടെ അവനെ നാട്ടിൽ അച്ഛനെയും അമ്മയെയും ഏൽപിച്ചു മടങ്ങേണ്ടി വന്നെങ്കിലും സോന മാനസികമായി തളർന്നു. നാട്ടിൽ വന്ന് കുഞ്ഞിനെ കൂടെ നിർത്താൻ പറ്റുംവിധം സ്വന്തമായൊരു സംരംഭമെന്ന ആലോചന വന്നത് അങ്ങനെയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളിൽ താൽപര്യമില്ലാതിരുന്നത് കൊണ്ട് തുണി വാങ്ങി സ്വന്തമായി ഡിസൈൻ ചെയ്ത് വസ്ത്രങ്ങൾ തയ്പിച്ചിരുന്നു എന്നതൊഴിച്ചാൽ കൂടുതൽ അറിവോ തയ്യൽ പാരമ്പര്യമോ ഇല്ല. എന്നിട്ടും കോയമ്പത്തൂർ കാലത്ത് തെരുവുകളിൽ അലഞ്ഞ് തുണി വാങ്ങിയ പരിമിതമായ അറിവും നിറങ്ങളോടും ഡിസൈനുകളോടുമുള്ള പാഷനും വച്ച് ഡിസൈനിങ്ങിലേക്കിറങ്ങി. സാലറി സർട്ടിഫിക്കറ്റ് വച്ച് പഴ്സണൽ ലോണെടുത്ത അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം. ഒപ്പം ഓൺലൈനിൽ മിഴി എന്ന പേജും തുടങ്ങി.
ആദ്യം ഓർഡർ അനുസരിച്ച് വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്തു നൽകി. ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന് ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു. ചെറുപുഴയിൽ ഷോപ് തുടങ്ങിയെങ്കിലും കടയിലെ വരുമാനം കൊണ്ടുമാത്രം വാടകയും ലോൺ തിരിച്ചടവുകളും മറ്റുചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അറിയാവുന്നതിനാൽ പിന്നെയും എട്ടുമാസത്തോളം സോന കോയമ്പത്തൂരിൽ ജോലി ചെയ്തു. ഓഫിസ് വിട്ടു റൂമിലെത്തിയാൽ ഒട്ടും സമയം കളയാതെ ഓൺലൈനിൽ ബിസിനസ് നോക്കി. സ്വന്തമായി പുതിയ ഡിസൈനുകൾ ചെയ്ത് പേജിൽ അപ്‌ലോഡ് ചെയ്തുതുടങ്ങിയതോടെ കൂടുതൽ ആവശ്യക്കാരെത്തി. അതോടെ ജോലി രാജിവച്ച് സോന മുഴുവൻ സമയവും ‘മിഴി’യുടെ തിരക്കുകളിലേക്ക് മടങ്ങി.
എല്ലാം നന്നായി പോകുന്നതിനിടെ കോവിഡ് കാലമെത്തിയത് കനത്ത തിരിച്ചടിയായി. കട തുറക്കാൻ അനുമതിയില്ല, കച്ചവടം തീർത്തുംകുറഞ്ഞു. വാടകയും ജോലിക്കാരുടെ ശമ്പളവും ലോണും അടയ്ക്കാൻ വഴിയില്ലാതെ വന്നതോടെ ക്ലോത് മാസ്കുകൾ തയ്ച്ചാണ് സോന തന്റെ ബിസിനസ് പിടിച്ചുനിർത്തിയത്. ചെറുപുഴയിലെ ഷോപ് ഉപേക്ഷിച്ച് കടുമേനിയിൽ വീടിനടുത്ത് സ്വന്തം കെട്ടിടം പണിത് ‘മിഴി’ അങ്ങോട്ടുമാറ്റിയതോടെ വാടകയെ പേടിക്കേണ്ടെന്നായി. ഊണും ഉറക്കവും കളഞ്ഞ് പുതിയ ഡിസൈനുകൾ കണ്ടെത്താനുള്ള ഓട്ടം ഫലം കണ്ടു. 2023 ജനുവരിയിൽ പയ്യന്നൂർ മാളിൽ ‘സോനാസ് ബ്രൈഡൽ ഡെസ്റ്റിനേഷൻ’ തുറന്നു. ഓൺലൈൻ ഷോപ്പിനും നാട്ടിലെ മിഴി യൂണിറ്റിനുമപ്പുറം വിശാലമായ ലോകത്തേക്കുള്ള ചുവടുവയ്പായിരുന്നു അത്. ഇന്ന് മിഴിയുടെ ഇൻസ്റ്റഗ്രാം പേജിന് ഫോളോവേഴ്സ് 95K മുകളിലാണ്.
‘കടുത്ത മത്സരമുള്ള മേഖലയാണിത്. പലരും പേജിൽ നിന്ന് വിഡിയോയും ഡിസൈനുകളും ‘അടിച്ചുമാറ്റി’ യാതൊരു ക്വാളിറ്റിയുമില്ലാത്ത വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നുണ്ട്. നിലവാരത്തിലും ഡിസൈനിലും വിട്ടുവീഴ്ചയി ല്ലാതെ ചെയ്യുമ്പോൾ ആ റേറ്റിൽ ഒരിക്കലും ‘മിഴി’യ്ക്ക് വസ്ത്രങ്ങൾ വിൽക്കാൻ കഴിയില്ല. പല ആളുകളും അത് മനസിലാക്കാതെ താരതമ്യം ചെയ്തുപറയും. പക്ഷേ ഒരിക്കൽ മിഴിയുടെ വസ്ത്രങ്ങൾ വാങ്ങുന്ന ഒരാളും പരാതി പറയില്ലെന്ന് ഉറപ്പാണ്’. ഇന്ന് യൂറോപ്പിലും അമേരിക്കയിലുമുൾപ്പെടെ എല്ലാ രാജ്യങ്ങളിലും മിഴി കസ്റ്റമേഴ്സുണ്ട്. പുറത്തുനിന്നു വരുന്ന പലരും പേജ് കണ്ട് അന്വേഷിച്ച് വന്നു വീടിനു മുമ്പിൽ വണ്ടി നിർത്തുമ്പോൾ ‘ചെറുപുഴയിലോ ബുട്ടീക്കോ? ഇതെന്തു വട്ട്’ എന്ന് ആളുകൾ കണ്ണുമിഴിച്ചിരുന്ന പഴയകാലമോർക്കും സോന. സ്വന്തം ബ്രാൻഡിന്റെ ഡിസൈനറും, മാനേജറും ഇപ്പോൾ മോഡലും സോന തന്നെ.
‘ജോലിയോ സംരംഭമോ എന്തുമാകട്ടെ, മറ്റുള്ളവരെ ആശ്രയിക്കാതെ എല്ലാ പെൺകുട്ടികൾക്കും സ്വന്തമായി ഒരു വരുമാനം വേണം. അതാണ് നമ്മുടെ അത്മവിശ്വാസം’. ‘എപ്പോഴും പുതിയ സ്വപ്നങ്ങൾ കാണുക. സോനാസ് ബ്രൈഡലിനെ നെക്സ്റ്റ് ലെവലിലേക്ക് കൊണ്ടുപോകുക, കോഴിക്കോട്ടോ എറണാകുളത്തോ ഒരു ബ്രൈഡൽ ഷോപ്, കൂടുതൽ ജോലിക്കാർ.. അങ്ങനെ പോകുന്നു ആഗ്രഹങ്ങൾ. എല്ലാത്തിനും താങ്ങും കരുത്തുമായി സോനയ്ക്കൊപ്പം ഓടാൻ അച്ഛൻ സുകുമാരനും അമ്മ പത്മാവതിയും രണ്ടാം ക്ലാസ് വിദ്യാർഥി ആരവും കടുമേനിയിലെ വീട്ടിൽ ഒപ്പമുണ്ട്. അല്ലെങ്കിലും സ്വപ്നങ്ങൾ ഉള്ളവരുടെ ഉള്ളിലൊരു തീയുണ്ടാവും. അതിങ്ങനെ ജ്വലിച്ചുനിൽക്കുമ്പോൾ മുന്നിൽ ഏതിരുട്ടാണ് തടസ്സമാവുക?