ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ കഥകളി കലാകാരിയായി ഒരു യുവ ഡോക്ടർ. വൈദ്യശാസ്ത്ര പഠനത്തിന്റേയും ഗവേഷണത്തിന്റേയും രോഗീപരിചരണത്തിന്റേയും തിരക്കുകൾക്കിടയിലും കുട്ടിക്കാലം മുതൽ ഒപ്പംചേർത്ത കഥകളിയെ അരങ്ങിൽ അവതരിപ്പിക്കാനും പഠിക്കാനും ഡോ.ഗായത്രി ശ്രീകുമാർ സമയം കണ്ടെത്തുന്നു. തൃശൂർ ഗവ.മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോ.എസ്.ശ്രീകുമാറിന്റേയും, ദയ ആശുപത്രിയിലെ സീനിയർ അനസ്തീസ്യോളജിസ്റ്റായ ഡോ.രോഹിണിയുടേയും മകളായ ഗായത്രി, സ്‌കൂൾ കാലം മുതൽ കഥകളി അവതരിപ്പിച്ചുവരുന്നു. ഡോക്ടറായതോടെ കഥകളി കലാകാരന്മാരുടെ തൊഴിൽപരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും ഇവർ ശ്രമം തുടരുന്നു.

കഥകളി ആസ്വാദകനും കഥകളി കലാകാരന്മാരുടെ സുഹൃത്തുമായ അച്ഛനോടൊപ്പമുള്ള കഥകളി കാഴ്ചകളാണ് ഗായത്രിയിലെ കഥകളി ആസ്വാദകയെ വളർത്തിയത്. ഭവൻസ് സ്‌കൂളിലെ പഠനത്തോടൊപ്പം ആഴ്ചയിൽ 2 ദിവസം കലാമണ്ഡലം കൃഷ്ണകുമാറിന്റെ ശിക്ഷണത്തിൽ കഥകളി പഠനം. കൂടെ കലാമണ്ഡലത്തിലെ അധ്യാപകനായ പയ്യന്നൂർ ജഗദീശന്റെ കീഴിൽ കർണാടക സംഗീതവും വയലിനും, കലാമണ്ഡലം കവിത കൃഷ്ണകുമാറിന്റെ കീഴിൽ ഭരതനാട്യവും  മോഹിനിയാട്ടവും അഭ്യസിച്ചു. 

2009ൽ പെരിങ്ങാവ് ധന്വന്തരി മൂർത്തിയുടെ മുന്നിൽ ഗുരുവിന്റെ കീചകവധത്തിന് മുൻപ് പുറപ്പാടിൽ കൃഷ്ണന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. അമ്മൂമ്മയുടെ ശതാഭിഷേകത്തിന് കുചേലവൃത്തം കൃഷ്ണന്റെ വേഷം ആശാൻ കൃഷ്ണകുമാറിന്റെ കുചേലനൊടൊപ്പം വൈക്കത്ത് അവതരിപ്പിച്ചതാണ് ആദ്യത്തെ മുഴുനീള വേഷം. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം രാജശേഖരൻ, കലാനിലയം ഗോപി, മാർഗ്ഗി വിജയകുമാർ, കോട്ടയ്ക്കൽ ദേവദാസ് തുടങ്ങിയ കഥകളി രംഗത്തെ ആചാര്യന്മാർക്കൊപ്പം കൂട്ടുവേഷങ്ങൾ അരങ്ങത്ത് അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

kathakali
ഡോ.ഗായത്രി ശ്രീകുമാർ

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിനിടയിൽ പച്ച വേഷം കെട്ടിയ ശേഷം മുഖത്തുവന്ന അലർജിയാണ് കഥകളി കലാകാരന്മാരുടെ തൊഴിൽപരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് ഗായത്രിയെ നയിച്ചത്.  കോട്ടയം ഗവ.മെഡിക്കൽ കോളജിലെ ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.കെ.അജിത്കുമാറിന്റെ നിർദേശത്താൽ നടത്തിയ പഠനത്തിലൂടെ ഉരുത്തിരിഞ്ഞ ഗവേഷണ ഫലങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ ലേഖനം  ഇന്റർനാഷനൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ചു.  ലേഖനത്തിന് ഇന്ത്യൻ ഡെർമറ്റോളജി അസോസിയേഷന്റെ ഏറ്റവും നല്ല റിസർച് പ്രോജക്ടിനുള്ള പ്രഫ.എസ്.പ്രേമലത അവാർഡും ലഭിച്ചു. സ്വദേശത്തും വിദേശത്തുമായി 40ഓളം അരങ്ങുകളിൽ കഥകളി അവതരിപ്പിച്ചു. 

Content Summary:

Dancing Doctor: How Dr. Gayathri Sreekumar Balances Medicine and Kathakali Artistry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com